ദാദാസാഹിബ് ഭഗത്
ജീവിതത്തിൽ ഒന്നുമാകാൻ കഴിയില്ലെന്ന് ചിലരെ കുറിച്ച് ആളുകൾ വിലയിരുത്തും. എന്നാൽ അവരുടെയെല്ലാം മുൻവിധികളെ തകർത്തുകളഞ്ഞ് അവർ ജീവിതത്തിൽ ഉന്നതസ്ഥാനങ്ങളിലെത്തും. അങ്ങനെയുള്ള ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ദാദാസാഹിബ് ഭഗത് എന്ന ബിസിനസുകാരനെ കുറിച്ച്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലായിരുന്നു ഭഗത് ജനിച്ചത്. കർഷകരായിരുന്നു മാതാപിതാക്കൾ. കടുത്ത വരൾച്ച കർഷകരെ വലിയ ബുദ്ധിമുട്ടിലാക്കും. അതെല്ലാം കണ്ടറിഞ്ഞാണ് ഭഗത് വളർന്നത്.അതിനാൽ കാർഷികവൃത്തിയിലേക്ക് പോകാൻ ഭഗത് ആഗ്രഹിച്ചിരുന്നില്ല. 10 ാം ക്ലാസ് പാസായ ശേഷം ഭഗത് ഐ.ടി.ഐ കോഴ്സിന് ചേർന്നു. അതിനു ശേഷം ഫാക്ടറികളിൽ ജോലി അന്വേഷിച്ചു തുടങ്ങി. അന്വേഷണങ്ങൾക്കൊടുവിൽ പൂനെയിൽ 4000 രൂപ ശമ്പളത്തിൽ ഭഗതിന് ജോലി ലഭിച്ചു. എന്നാൽ തുച്ഛമായ ശമ്പളം കൊണ്ട് ജീവിക്കാൻ കഴിയില്ലെന്ന് ആ ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞു. അധികം വൈകാതെ ഇൻഫോസിസിൽ 9000 രൂപ ശമ്പളത്തിൽ ഭഗത് ഓഫിസ് ബോയ് ആയി ജോലിക്ക് കയറി. ആ ശമ്പളം വലിയ ആശ്വാസമായിരുന്നു ഭഗതിന്. ശാരീരികമായി കഠിനാധ്വാനം ചെയ്യേണ്ട ജോലിയായിരുന്നു ഓഫിസ് ബോയ് യുടേത്.
തന്റെ ജോലികൾ കൃത്യമായി ചെയ്യുന്നതിനിടയിലും വിവിധ തരം ആളുകൾ കംപ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് തിരക്കിട്ട് ജോലി ചെയ്യുന്നത് ആ ചെറുപ്പക്കാരൻ ശ്രദ്ധിച്ചു. വലിയ ശമ്പളമായിരുന്നു അവർക്ക് ലഭിച്ചിരുന്നതെന്നും മനസിലാക്കി. അതായിരുന്നു ഭഗതിന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്നുതന്നെ പറയാം. അതുപോലുള്ള ജോലികൾ തനിക്കും കിട്ടുമോ എന്ന് ഭഗത് അന്വേഷിച്ചു. എന്നാൽ 10ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാൾക്ക് അത് അസാധ്യമാണെന്നായിരുന്നു പലരുടെയും മറുപടി. ഔപചാരിക ബിരുദങ്ങൾക്ക് പിറകെ പോകുന്നതിന് പകരം ഗ്രാഫിക് ഡിസൈൻ, അനിമേഷൻ കോഴ്സുകൾ പഠിക്കാൻ ഉപദേശവും കിട്ടി. ആ സമയത്ത് കുട്ടിക്കാലത്തെ ചില ഓർമകൾ ഭഗതിന്റെ മനസിലേക്ക് ഓടിയെത്തി. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ പെയിന്റിങ് ചെയ്തിരുന്നതായിരുന്നു അതിലൊന്ന്.
ഗ്രാഫിക് ഡിസൈൻ പഠിക്കാൻ തീരുമാനിച്ചു. പകൽ സമയം പഠനത്തിനും രാത്രി സമയം ഇൻഫോസിസിലെ ജോലിക്കുമായി ഭാഗിച്ചു. വൈകാതെ തന്നെ ഭഗത് പ്രഫഷനൽ ഡിസൈനറായി മാറി. അങ്ങനെ കംപ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിച്ചു തുടങ്ങി. ഇൻഫോസിസ് പോലുള്ള വലിയ കമ്പനികളിൽ ജോലിക്ക് കയറാൻ നല്ല വിദ്യാഭ്യാസ യോഗ്യത വേണം. അതിനാൽ സ്വന്തമായി കമ്പനി തുടങ്ങുന്നതിനെ കുറിച്ച് ഭഗത് ആലോചിച്ചു. ചെറിയ രീതിയിൽ ഒരു ഡിസൈൻ കമ്പനി തുടങ്ങാൻ സാധിച്ചു. ക്രിയാത്മകമായി രൂപപ്പെടുത്തിയ അനിമേറ്റഡ് ഫയർ ആൻഡ് സ്മോക് ഡിസൈനുകൾ, തേർഡ് പാർട്ടി വെബ്സൈറ്റുുകളിലൂടെ വില്പന നടത്തിക്കൊണ്ടായിരുന്നു തുടക്കം. 2018ൽ പൂനെയിൽ ഓഫീസ് തുടങ്ങി. അനിമേറ്റഡ് ഡിസൈനിൽ സ്പെഷ്യലൈസ് ചെയ്ത 10-15 ആളുകളെ കൂടി ഉൾപ്പെടുത്തി ടീം വികസിപ്പിച്ചു.കോവിഡ് പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട വളർച്ചയാണ് കമ്പനി നേടിയത്. 2018-19 വർഷത്തിൽ 48 ലക്ഷം രൂപയായിരുന്നു വരുമാനം. 2019-20 കാലയളവിൽ അത് 38 ലക്ഷം രൂപയായി. 2020-21 കാലയളവിൽ 32 ലക്ഷം രൂപയായിരുന്നു വരുമാനം.
കോവിഡ് കാലത്ത് പുനെയിലെ സ്വന്തം ഓഫിസ് അടച്ചിട്ട് ഭഗത് നാട്ടിലെത്തി. ജീവിതം കുറച്ചുകൂടി എളുപ്പമായതു പോലെ തോന്നി. അങ്ങനെയാണ് തന്റെ സ്വന്തം ഗ്രാമത്തിൽ ഒരു കമ്പനി തുടങ്ങിയാലോ എന്നാലോചിക്കുന്നത്. വൈദ്യൂതിയും ഇന്റർനെറ്റുമായിരുന്നു പ്രധാന തടസ്സം. ഒടുവിൽ സ്വസ്ഥമായിരുന്ന് ജോലി ചെയ്യാവുന്ന ഇടം ഭഗത് കണ്ടെത്തി. അവിടെ ഡൂഗ്രാഫിക്സ് എന്ന എ.ഐ അധിഷ്ഠിത പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു.
തന്റെ ഗ്രാമത്തിലെ കുട്ടികളെയും ഭഗത് ഡിസൈനിങ് പഠിപ്പിച്ചു. ഇപ്പോൾ 1.8 കോടി രൂപയുടെ വിറ്റുവരവുള്ള ഒരു കമ്പനിയുടെ അധിപനാണ് ഭഗത്. നയൻത് മോഷൻ എന്നാണ് ഭഗതിന്റെ കമ്പനിയുടെ പേര്. 2020ൽ പൂനെയിൽ 1100 സ്ക്വയർ ഫീറ്റ് ഏരിയ വാടകക്കെടുത്ത് കമ്പനി വികസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.