ന്യൂഡൽഹി: യു.എസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ മുൻവർഷങ്ങളേക്കാൾ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം 6.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
2025 ഫെബ്രുവരിയിൽ 3,78,787 ഉണ്ടായിരുന്ന വിദ്യാർഥികളുടെ എണ്ണം 2026 ഫെബ്രുവരിയിൽ 3,52,644 ആയി കുറഞ്ഞതായി പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു. സ്കൂൾ വിദ്യാഭ്യാസം മുതൽ ഡോക്ടറൽ പ്രോഗ്രാമുകൾ വരെയുള്ള എല്ലാ തലങ്ങളിലും ഈ ഇടിവ് രേഖപ്പെടുത്തിയതായാണ് രേഖകൾ.
യു.എസ് ഭരണകൂടം ഏർപ്പെടുത്തിയ കർശനമായ വിസ പരിശോധനയാണ് ഈ കുറവിന് കാരണമെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയെ അറിയിച്ചു. പുതുക്കിയ വിസാ മാർഗനിർദേശങ്ങൾ വിദ്യാർഥി കുടിയേറ്റത്തിനെ കൂടുതൽ പ്രയാസത്തിലാക്കുന്നുണ്ട്. ഓൺലൈൻ, സോഷ്യൽ മീഡിയ സാന്നിധ്യം ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാക്കിയാണ് വിസ അനുവദിക്കുക. കൂടാതെ വിസ ഒരു പ്രിവിലേജ് ആണെന്നും അവകാശമല്ലെന്നും യു.എസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. കോഴ്‌സുകൾ പാതിവഴിയിൽ ഉപേക്ഷിക്കുക, നിയമ പ്രശ്‌നങ്ങൾ, കൂടുതൽ കാലം താമസിക്കുക തുടങ്ങിയ ലംഘനങ്ങൾ വിസ റദ്ദാക്കലിനും നാടുകടത്തലിനും കാരണമാകുമെന്ന് വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
2024നെ അപേക്ഷിച്ച് 2025 ജൂൺ-ജൂലൈ കാലയളവിൽ ഇന്ത്യൻ വിദ്യാർഥികൾക്കുള്ള എഫ്-1 വിസ വിതരണം 69 ശതമാനമാണ് കുറഞ്ഞത്. 2022ൽ 62,229 വിസ ഇഷ്യൂ ചെയ്തു. 2023ൽ ഇത് 72,027 ആയി ഉയർന്നു. എന്നാൽ 2024ൽ 41,336 ആയി കുത്തനെ കുറഞ്ഞതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. വിസ നയങ്ങൾ അമേരിക്കയുടെ പരമാധികാര തീരുമാനമാണെന്നത് അംഗീകരിക്കുന്നു. എന്നാൽ, ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കുന്ന ഇത്തരം ആശങ്കകൾ അമേരിക്കയെ അറിയിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.