പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ്. ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു. ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായിരുന്നു.

സെൻസസ് ഡ്യൂട്ടി മൂലം മൂല്യനിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല, സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസ്സമായി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

ഇന്ന് ചേർന്ന പരീക്ഷ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ അന്തിമ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് മുമ്പ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ ഫലം വൈകിയത് പരീക്ഷയെഴുതിയ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ തുടർപഠനത്തെ പ്രതിസന്ധിയിലാക്കി.

സെൻസസ് ഡ്യൂട്ടി മൂലം പേപ്പർ മൂല്യനിർണയത്തിന് ആവശ്യത്തിന് അധ്യാപകരെ ലഭ്യമാകാത്ത സാഹചര്യം, ഗൾഫ് മേഖലയിലുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് അവിടുത്തെ പരീക്ഷകൾ വൈകിയത്, ഫലപ്രഖ്യാപനത്തിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതിക തടസ്സം തുടങ്ങിയ വിവിധ കാരണങ്ങളാണ് ഫലപ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നത്. ഡിഗ്രി പ്രവേശനം നടന്നുകൊണ്ടിരിക്കെ ഫലപ്രഖ്യാപന തീയതിയിൽ വ്യക്തത വന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.

Tags:    
News Summary - Plus Two exam results to be published on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.