ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ പൗലോ ടോഷി
ദോഹ: മുൻ വർഷത്തെ അപേക്ഷിച്ച് 2022ൽ ഖത്തർ-ഇറ്റലി വ്യാപാരത്തിൽ 120.5 ശതമാനം വർധന രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ വർഷം 800 കോടി യൂറോയുടെ വ്യാപാരമാണ് നടന്നത്. ഖത്തറും ഇറ്റലിയും തമ്മിലുള്ള ശക്തമായ ബന്ധമാണ് ഉഭയകക്ഷി വ്യാപാരത്തിലുണ്ടായ ഉയർച്ചക്ക് കാരണമെന്ന് ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ പൗലോ ടോഷി പറഞ്ഞു.
ഇരുരാജ്യങ്ങൾക്കുമുള്ള അവസരങ്ങളെക്കുറിച്ച് ഞങ്ങൾ വളരെ ഉത്സാഹഭരിതരാണ്. നമ്മുടെ വ്യവസായങ്ങൾക്കിടയിലും ആളുകൾക്കിടയിലും പരസ്പര പൂരകങ്ങളായ നിരവധി ഘടകങ്ങളുണ്ട്. ഖത്തറും ഇറ്റലിയും തമ്മിലുള്ള മികച്ച ബന്ധത്തിന്റെയും ഉറച്ച സഹകരണത്തിന്റെയും സൂചനയാണ് വ്യാപാരത്തിലുണ്ടായ വളർച്ചയെന്നും പൗലോ ടോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിലിടം നേടിയ ഖത്തറിനെ പൗലോ ടോഷി അഭിനന്ദിച്ചു.
ഇറ്റാലിയൻ നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 2022 വർഷത്തിലെ ആദ്യ 11 മാസങ്ങളിലെ വ്യാപാരമാണ് 7.83 ബില്യൻ യൂറോയിലെത്തിയിരിക്കുന്നതെന്ന് ഇറ്റാലിയൻ ട്രേഡ് ഏജൻസി, ഖത്തർ-ബഹ്റൈൻ ട്രേഡ് കമീഷണർ പൗല ലിസി ‘ദി പെനിൻസുല’യോട് പറഞ്ഞു.
2021ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരമൂല്യം ഇതാദ്യമായി 400 കോടി റിയാൽ കവിഞ്ഞു. ഖത്തറിന്റെ വിതരണ രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലി നാലാം സ്ഥാനത്തും ഉപഭോക്തൃ രാജ്യങ്ങളിൽ എട്ടാമതുമാണ്. യന്ത്രങ്ങൾ, ഫർണിച്ചറുകൾ, കാറുകൾ, ഫാഷൻ, ആഭരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയാണ് ഖത്തറിലേക്ക് ഇറ്റലി കയറ്റുമതി ചെയ്യുന്ന പ്രധാന വസ്തുക്കൾ. ഇന്ധനം, പ്ലാസ്റ്റിക്, രാസവസ്തുക്കൾ, വിലയേറിയ കല്ലുകൾ എന്നിവ ഖത്തർ ഇറ്റലിയിലേക്കും കയറ്റുമതി ചെയ്യുന്നു. ഉൽപാദന മേഖലയിൽ രാജ്യങ്ങൾക്കിടയിൽ കൂടുതൽ വാണിജ്യ, വ്യവസായിക സഹകരണം വർധിപ്പിക്കുന്നതിന് മികച്ച അവസരങ്ങളുണ്ടെന്ന് പൗല ലിസി വിശദീകരിച്ചു. ഊർജത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥ ശക്തമായതിനാൽ പുതിയ വ്യവസായങ്ങളിൽ നിരവധി അവസരങ്ങളാണ് വരാനിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.