വാങ്ങാൻ ആളില്ല; സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾ

മുംബൈ: സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് വൻ ഇളവുകൾ വാഗ്ദാനം ചെയ്ത് വ്യാപാരികൾ. വില വീണ്ടും കുതിച്ചുയർന്നതിന് പിന്നാലെയാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. ഒരു ഔൺസ് സ്വർണത്തിന് 12 ഡോളറിന്റെ ഇളവാണ് ഉപഭോക്താവിന് ലഭിക്കുക. അതായത് 1,088 രൂപയുടെ കുറവ്. ഇതിൽ ആറ് ശതമാനം ഇറക്കുമതി നികുതിയും മൂന്ന് ശതമാനം വിൽപന നികുതിയും ഉൾപ്പെ​ടും.

പണിക്കൂലിയിൽ ഇളവ് നൽകിയിട്ടും സ്വർണാഭരണങ്ങളുടെ വിൽപന സാധാരണ നിലയിലേക്ക് തിരുച്ചുവരാതിരുന്നതോടെയാണ് വീണ്ടും പുതിയ ഇളവുകൾ പ്രഖ്യാപിച്ചതെന്ന് ഹൈദരാബാദിലെ വ്യാപാരികൾ പറഞ്ഞു. നിലവിലെ വിലയിൽ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾക്ക് താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി. ആഭ്യന്തര വിപണിയിൽ വെള്ളിയാഴ്ച 10 ഗ്രാം സ്വർണത്തിന് 1.54 ലക്ഷം രൂപയാണ് വില. കഴിഞ്ഞ ആഴ്ച സ്വർണ വില 10 ഗ്രാമിന് 1.33 ലക്ഷത്തിലേക്ക് ഇടിഞ്ഞിരുന്നു.

വില വർധിച്ചതിനെ തുടർന്ന് വ്യാപാരികൾ ബാങ്ക് വഴി സ്വർണം വാങ്ങുന്നത് തൽകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഈ മാസം യു.എ.ഇയിൽനിന്ന് 80 മെട്രിക് ടൺ സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ നികുതിയിൽ ഇളവ് നൽകുമെന്നാണ് അവരുടെ പ്രതീക്ഷ. സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രകാരം യു.എ.ഇയിൽനിന്ന് സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുമ്പോൾ കുറഞ്ഞ നികുതിയാണ് ഇന്ത്യ ചുമത്തിയിരുന്നത്.

അതേസമയം, നിലവിൽ ചൈനയിൽ ഔൺസിന് എട്ട് ഡോളർ വരെ ഡിസ്കൗണ്ടിലാണ് സ്വർണം വിൽക്കുന്നത്. ഒമ്പത് ദിവസത്തെ ചാന്ദ്ര പുതുവർഷ അവധി തുടങ്ങുന്നതിന് മുന്നോടിയായാണ് ഇളവ്. ഫെബ്രുവരി 15നാണ് അവധിക്കാലം തുടങ്ങുന്നത്. ചൈനയിൽ സ്വർണത്തിന് ഏറ്റവും ഡിമാൻഡുണ്ടാകുന്ന സീസണാണിത്. ജപ്പാനിലും ആറ് ഡോളർ ഡിസ്കൗണ്ടിലാണ് സ്വർണം വിൽക്കുന്നത്.

സ്വർണത്തിൽ ഹ്രസ്വകാലത്തേക്ക് ലാഭമെടുപ്പും വില ഇടിവും തുടരുമെന്ന് അഗ്നം അഡ്വൈസേസ് സ്ഥാപകനും സി.ഇ.ഒയുമായ പ്രശാന്ത് മിശ്ര പറഞ്ഞു. എന്നാൽ, ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ ദീർഘകാലത്തേക്ക് സ്വർണത്തിൽ നിക്ഷേപിക്കുന്നത് പോസിറ്റിവാണെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യവൽക്കരിച്ച പോർട്ട്‌ഫോളിയോയിൽ സ്വർണത്തിന് 10 മുതൽ 15 ശതമാനം വരെ നിക്ഷേപം വകയിരുത്തുന്നത് ദീർഘകാല സ്ഥിരത വർധിപ്പിക്കാൻ സഹായിക്കുമെന്നും മിശ്ര കൂട്ടിച്ചേർത്തു.

Tags:    
News Summary - traders offer discounts to gold purchase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT