മുംബൈ: ഏത് ആഗോള പ്രതിസന്ധിയുടെ കാലത്തും വെട്ടിത്തിളങ്ങിയ ലോഹമാണ് സ്വർണം. സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ കാലത്ത് സുരക്ഷിത നിക്ഷേപമായാണ് ലോകം സ്വർണത്തെ കണക്കാക്കുന്നത്. 2008ലെ സാമ്പത്തിക മാന്ദ്യ കാലത്തും ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനും കോവിഡ് മഹാമാരിക്കും ശേഷം സ്വർണ വില കുതിച്ചുയർന്നിരുന്നു. 1929 ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സ്വർണ വില ചരിത്രം കുറിച്ച മുന്നേറ്റം നടത്തി.
ഏറ്റവുമൊടുവിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധമാണ് നിക്ഷേപകർക്ക് സ്വർണം വൻ നേട്ടം നൽകിയത്. ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥ ശക്തമായ കഴിഞ്ഞ വർഷം സ്വർണ വിലയിൽ 75 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ യു.എസ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചതിനുശേഷമായിരുന്നു സ്വർണ വിലയിൽ കുതിപ്പിന്റെ തുടക്കം. 26 ശതമാനം താരിഫ് പിന്നീട് ജൂലൈയിൽ 50 ശതമാനമായി ഉയർത്തിയതോടെ വില റോക്കറ്റ് പോലെ പറക്കുകയായിരുന്നു. ആഗോള വിപണിയുടെ ചുവട് പിടിച്ച് ആഭ്യന്തര വിപണിയിൽ സ്വർണ വില ഫെബ്രുവരി ആറോടെ 75 ശതമാനം ഉയർന്നു. കഴിഞ്ഞ ഏപ്രിൽ ആദ്യം 10 ഗ്രാമിന് ഏകദേശം 91,500 രൂപയായിരുന്ന വില ജൂലൈ അവസാനത്തോടെ ഏകദേശം 1,01,400 രൂപയായി.
2020 ജനുവരിയിൽ ചൈനക്ക് പുറത്ത് ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തശേഷം സ്വർണ വില 38 ശതമാനമാണ് വർധിച്ചത്. 2008ലെ സാമ്പത്തിക മാന്ദ്യ കാലത്ത് സ്വർണ വിലയിൽ 36 ശതമാനം കുതിപ്പുണ്ടായി. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ വളർച്ചയാണ് താരിഫ് യുദ്ധത്തിന് ശേഷമുണ്ടായത്. വിവിധ രാജ്യങ്ങളുടെ ഓഹരി വിപണികൾ ഇടിഞ്ഞതും നിക്ഷേപകർ ഡോളർ വിറ്റൊഴിവാക്കിയതും ഇത്തവണ സ്വർണ വിലക്കയറ്റത്തിന് ഇന്ധനം പകർന്നിട്ടുണ്ട്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, സ്വർണത്തിന് ചരിത്രപരമായ വില വർധനവാണുണ്ടായത്. ആഗോളതലത്തിൽ സ്വർണ വില 53 തവണ റെക്കോർഡ് ഭേദിച്ചു. യുദ്ധങ്ങളും താരിഫ് ഭീഷണിയും കേന്ദ്ര ബാങ്കുകൾ വാങ്ങിക്കൂട്ടിയതും നിക്ഷേപകർ സുരക്ഷിത നിക്ഷേപത്തിലേക്ക് മാറിയതുമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. മുമ്പുണ്ടായ പ്രതിസന്ധി കാലത്തെ അപേക്ഷിച്ച് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഇ.ടി.എഫ്) നിക്ഷേപം ഒഴുകിയതും ഗോൾഡ് ബാർ, നാണയ ഡിമാന്റ് ഉയർന്നതും കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരം വർധിപ്പിച്ചതുമാണ് കഴിഞ്ഞ വർഷത്തെ കുതിപ്പിന് കാരണമായതെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.