ഇന്ത്യയിൽ നിന്നുള്ള ബിസിനസ് പ്രതിനിധി സംഘവുമായി ഖത്തർ ചേംബർ പ്രതിനിധികൾ
കൂടിക്കാഴ്ച നടത്തിയപ്പോൾ
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര വിനിമയം 4800 കോടി റിയാൽ കവിഞ്ഞെന്ന് ഖത്തർ ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി. ഖത്തറും ഇന്ത്യയും തമ്മിൽ വ്യാപാര-സാമ്പത്തിക ബന്ധങ്ങളിൽ ശക്തമായ സഹകരണമുണ്ട്. കഴിഞ്ഞ വർഷം 48 ബില്യൺ റിയാലിന്റെ വ്യാപാരം നടന്നു. ഖത്തറിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യയെന്നും അഹ്ബാബി പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ബിസിനസ് പ്രതിനിധി സംഘവുമായി ഖത്തർ ചേംബർ നടത്തിയ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എച്ച്.ഡി.സി.സി.ഐ ഇന്റർനാഷനൽ അഫയേഴ്സ് കമ്മിറ്റി ഉപാധ്യക്ഷൻ സഞ്ജയ് ബെസ്വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘവുമായാണ് ഖത്തർ ചേംബർ കൂടിക്കാഴ്ച നടത്തിയത്. ഖത്തർ സംഘത്തിന് ഖത്തർ ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി നേതൃത്വം വഹിച്ചു.
ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ, അവ മെച്ചപ്പെടുത്താനുള്ള വഴികൾ, ഖത്തറും ഇന്ത്യൻ സ്വകാര്യ മേഖലകളും തമ്മിലുള്ള സഹകരണവും പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, ഇന്ത്യയിൽ ഖത്തർ നിക്ഷേപത്തിനുള്ള മേഖലകൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും പ്രത്യേകിച്ച് വാണിജ്യ, സാമ്പത്തിക മേഖലകളിൽ അടുത്ത സഹകരണം തുടരുന്നുണ്ടെന്ന് മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി പ്രസ്താവിച്ചു. ഖത്തറിലെ ലഭ്യമായ നിക്ഷേപ അവസരങ്ങളിൽ പങ്കാളികളാവാൻ ഇന്ത്യൻ കമ്പനികളെ അഹ്ബാബി ക്ഷണിച്ചു.
വ്യാപാര -സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളുടെയും ബിസിനസ് മേഖലകൾക്കിടയിൽ ശക്തമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനും ഖത്തർ ചേംബറുമായി സഹകരണം വർധിപ്പിക്കുമെന്ന് സഞ്ജയ് ബെസ്വാൾ പറഞ്ഞു. ഇന്ത്യ ഖത്തറിന്റെ മുൻനിര കയറ്റുമതിക്കാരിൽ ഒന്നാണെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നിരവധി ഇന്ത്യൻ കമ്പനികൾ ഖത്തറിൽ നിക്ഷേപം നടത്താനും ഖത്തരി കമ്പനികളുമായി സഹകരിക്കാനും താൽപര്യപ്പെടുന്നുണ്ട്. സംയുക്ത സംരംഭ ചർച്ചക്കൾക്കായി ഇന്ത്യൻ കമ്പനികളുമായി കൂടിക്കാഴ്ച നടത്താൻ ഖത്തരി നിക്ഷേപകരെ ബെസ്വാൾ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, സ്മാർട്ട് സിറ്റികൾ, സാങ്കേതികവിദ്യ, നവീകരണം, ഭക്ഷ്യസുരക്ഷ, കൃഷി, ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, പുനരുപയോഗ ഊർജം, ഫിൻടെക് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ എടുത്തുകാണിക്കുന്ന അവതരണവും യോഗത്തിൽ നടന്നു. ഖത്തറിലെ ഇന്ത്യൻ എംബസിയിലെ കമേഴ്സ്യൽ അറ്റാഷെ ദീപക് പണ്ടിർ, നിരവധി ഖത്തരി ബിസിനസുകാരും അവരുടെ ഇന്ത്യൻ കമ്പനികളും യോഗത്തിൽ പങ്കെടുത്തു. ഖത്തറിന്റെ സുപ്രധാന വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുകയാണെന്നും പൊതുമേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിൽ കൂടി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വർധിച്ചു എന്നതിന്റെ തെളിവാണ് വ്യാപാരത്തോതെന്നും സെപ്റ്റംബർ തുടക്കത്തിൽ നടന്ന ഇന്ത്യ-ഖത്തർ സംയുക്ത നിക്ഷേപ ഉന്നതതല സമിതി യോഗത്തിൽ ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.