ബാങ്ക് തട്ടിപ്പ്: നീരവ് മോദിയുടെ 170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

മുബൈ: പഞ്ചാബ് നാഷണൽ ബാങ്കിലെ വായ്പാ തട്ടിപ്പുകേസിൽ രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 170 കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി ഉത്തരവിറക്കിയത്. പണമിടപാട് നിരോധന നിയമ പ്രകാരമാണ് ഇ.ഡിയുടെ നടപടി. 

മോദിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഫയർ സ്റ്റാർ ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, സൂറത്തിലെ പൗദ്ര എന്‍റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഇവക്ക് 73 കോടിയോളം രൂപ മതിപ്പ് വില വരും. കമ്പോളത്തിൽ 63 കോടി രൂപ മതിപ്പ് വിലയുള്ള അന്ധേരിയിലെ എച്ച്.സി.എൽ ഹൗസും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും.

കൂടാതെ, മോദി, സഹോദരൻ നീഷാൽ മോദി, ഇവരുടെ സ്ഥാപനങ്ങൾ എന്നിവയുടെ പൊതുമേഖലാ, സ്വകാര്യ മേഖലാ, സഹകരണ ബാങ്കുകളിലെ 108 അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. യൂണിയൻ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊടക് മഹേന്ദ്ര ബാങ്ക്, സൂറത്ത് പീപ്പ്ൾ കോ ഒാപറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവ വഴിയുള്ള 58 കോടി രൂപയുടെ പണമിടപാടുകളാണ് മരവിപ്പിച്ചത്. 

മോദിയുടെ കാംലെറ്റ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, എ.എൻ.എം എന്‍റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വാങ്ങിയ ഒാഹരികളുടെ ഇടപാടുകളും മരവിപ്പിച്ചു. സൺ ഫാർമ, അംബുജ സിമന്‍റ്സ്, പി.എൻ.ബി ഹൗസിങ് ഫിനാൻസ്, പവർ ഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ജ്യോതി ലബോറട്ടറീസ്, ഐ.ആർ.ബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ്, ടോറന്‍റ് ഫാർമസ്യൂട്ടികൾസ് എന്നീ കമ്പനികളുടെ ഒാഹരികളാണ് വാങ്ങിയിരുന്നത്. 

1.90 കോടി രൂപ വില വരുന്ന റോൽസ് റോയിസ്-ഗോസ്റ്റ് കാർ ഉൾപ്പെടെ 4.01 കോടി വില വരുന്ന 11 വാഹനങ്ങളും കണ്ടുകെട്ടിയിരുന്നു. 78 ലക്ഷം രൂപയുടെ പോർഷെ എ.ജിയും രണ്ട് മെഴ്സിഡസ് ബെൻസ് കാറുകളും ഇതിൽ ഉൾപ്പെടും. 

Tags:    
News Summary - PNB fraud: Enforcement Directorate attaches Nirav Modi’s assets worth Rs 170 crore -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.