ന്യൂഡൽഹി: 13,500 കോടിയുടെ വൻ തട്ടിപ്പ് നടത്തി നാടുവിട്ട വജ്രവ്യാപാരി നീരവ് മോദി പൊലീസ് വലയിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞ 15 മാസത്തിനിടെ പരീക്ഷിച്ചത് പല മാർഗങ്ങൾ. ആസ്ട്രേലിയയിൽനിന്ന് 1,750 കിലോമീറ്റർ അകലെയുള്ള കൊച്ചു പസഫിക് ദ്വീപായ വനൗതുവിൽ പൗരത്വം മുതൽ പ്ലാസ്റ്റിക് സർജറിവരെ നീരവ് ഗൗരവതരമായി ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്നാമതൊരു രാജ്യത്ത് സുരക്ഷിത അഭയത്തിന് വഴിതേടി ബ്രിട്ടനിലെ പ്രമുഖ നിയമസ്ഥാപനങ്ങളെയും സമീപിച്ചു. പക്ഷേ, ശ്രമങ്ങൾ ഫലം കാണുംമുമ്പ് സ്കോട്ലൻഡ് യാർഡ് ലണ്ടനിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജനുവരി 29ന് നീരവ് മോദിയെയും ബന്ധു മെഹുൽ ചോക്സിയെയും പ്രതിയാക്കി പഞ്ചാബ് നാഷനൽ ബാങ്ക് പൊലീസിൽ പരാതി നൽകുന്നതോടെയാണ് ശതകോടികളുടെ തട്ടിപ്പ് പുറത്തുവരുന്നത്്. അതിനുമുമ്പ് ഇരുവരും നാടുവിട്ടിരുന്നു. ഫണ്ട് തട്ടാൻമാത്രം 100ലേറെ കടലാസ് കമ്പനികളാണ് ഇരുവരും സ്ഥാപിച്ചതെന്ന് എൻഫോഴ്സ്മെൻറ് കണ്ടെത്തി. ഒരു വർഷത്തിലേറെയായി യൂറോപ്പിലും യു.എ.ഇയിലുമുൾപെടെ നീരവ് നടത്തിയ യാത്രകളും ബിസിനസ് ഇടപാടുകളും അന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരുന്നു.
ഇതിനിടെ, മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ആൻറിഗ്വ ആൻറ് ബർബുഡയിൽ പൗരത്വത്തിന് അപേക്ഷ നൽകിയത് വാർത്തയായിരുന്നു. സമാന നടപടികൾ സ്വീകരിക്കാത്ത നീരവിനെ കസ്റ്റഡിയിലെടുക്കാൻ സ്കോട്ലൻഡ് യാർഡിനു മുന്നിൽ തടസ്സങ്ങളുണ്ടായിരുന്നില്ല. ചോക്സിയെ കൂടി നിയമത്തിനു മുന്നിൽ എത്തിക്കുന്നതിന് എൻഫോഴ്സ്മെൻറ് ആൻറിഗ്വ അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി നീക്കങ്ങെളാന്നുമില്ല.
നീരവിന് അത്ര ആഡംബരമാകില്ല, ജയിൽവാസം
ലണ്ടൻ: ഇന്ത്യയിലും വിദേശത്തുമായി പരന്നുകിടന്ന ശതകോടികളുടെ ബിസിനസ് സാമ്രാജ്യമുടമക്ക് അത്യാഡംബരം തുളുമ്പുന്ന ജീവിതം മാത്രമായിരുന്നു ഇത്രനാളും പരിചയം. പലയിടങ്ങളിലുള്ള മുന്തിയ വസതികൾ, വില്ലകൾ എന്നിവയും റോൾസ് റോയ്സ്, പോർഷെ ഉൾപ്പെടെ വാഹനങ്ങളുമായി പറന്നുനടന്ന വജ്രവ്യാപാരി നീരവ് മോദി പക്ഷേ, സ്കോട്ലൻഡ് പൊലീസിെൻറ പിടിയിലായതോടെ എല്ലാം കൈവിേട്ടാ എന്ന ആധിയിലാണ്. ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിൽ സ്വന്തമായി മുറി പോലും ലഭിച്ചേക്കില്ലെന്നാണ് ഏറ്റവുമൊടുവിലെ സൂചന.
1,430 പുരുഷ തടവുകാരുള്ള ഇവിടെ അവരിൽ ആരുടെയെങ്കിലും കൂടെ സെൽ പങ്കിടേണ്ടിവന്നേക്കും. ഒരാൾക്ക് കഷ്ടി കഴിയാൻ സൗകര്യമുള്ളിടത്ത് രണ്ടു പേരാണ് മിക്ക മുറികളിലും. തടവുകാരെ പുറത്തിറക്കുന്നത് വളരെ കുറച്ചുമാത്രം.
പശ്ചിമ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ തടവറകളിലൊന്നായ വാൻഡ്സ്വർത്ത് ജയിലിലെ തടവുകാരെ കുറിച്ചും അത്ര സുഖകരമായ വർത്തമാനങ്ങളല്ല, മാധ്യമങ്ങൾ പറയുന്നത്. ക്രിമിനലുകളെ ഭയന്ന് സെല്ലുകളിൽ ഒറ്റക്ക് ജീവനക്കാർ പോകാറേയില്ല. അടുത്തിടെയായി ഇവിടെ ആറുപേർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, നീരവിന് തുണയായേക്കാവുന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ദേശീയ ഇൻഷുറൻസ് നമ്പർ സ്വന്തമായുള്ള നിയമപ്രകാരം രാജ്യത്ത് കഴിയുന്നയാളാണ് മോദിയെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകർ പറയുന്നു. പ്രാദേശിക സർക്കാറുകൾക്ക് നൽകുന്ന കൗൺസിൽ നികുതിയും അടക്കുന്നുണ്ട്.
ഇത് നൽകുന്നതിനാൽ വോട്ടവകാശം വരെ നീരവിന് ലഭിച്ചേക്കുമത്രെ. മൂന്നു പാസ്പോർട്ടുകളുള്ള നീരവ് അതിെലാന്ന് നൽകിയാണ് അടുത്തിടെ ഡ്രൈവിങ് ലൈസൻസിനും അപേക്ഷിച്ചത്. ഇതൊന്നും പക്ഷേ, പ്രാഥമിക വാദം കേൾക്കലിൽ കോടതി അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.