ലണ്ടൻ: ഇന്ത്യക്കാരനായ ചീഫ് എക്സികുട്ടിവ് ഓഫിസറെ പിരിച്ചുവിടാനുള്ള ബ്രിട്ടനിലെ സ്വകാര്യ ബാങ്കിന്റെ നീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് നിക്ഷേപകർ. ബ്രിട്ടനിലെ ഓൺലൈൻ ബാങ്ക് മോൺസോയുടെ മേധാവിയായ ടി.എസ്. അനിലിനെ പുറത്താക്കാനുള്ള നടപടിയാണ് വിവാദമായത്. നിക്ഷേപകരുടെ പ്രതിഷേധം കനത്തതോടെ മറ്റൊരു സുപ്രധാന പദവി നൽകി അനിലിനെ നിലനിർത്താൻ തീരുമാനിച്ചിരിക്കുകയാണ് ബാങ്ക്. 80 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ ഡിജിറ്റൽ ബാങ്കാണ് മോൺസോ.
ആറ് വർഷം ബാങ്കിനെ നയിച്ച് മികച്ച വരുമാനവും ലാഭവും നേടിത്തന്ന അനിലിനെ പുറത്താക്കുന്ന കാര്യം കഴിഞ്ഞ ഒക്ടോബറിലാണ് മാനേജ്മെന്റ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. ഫെബ്രുവരിയിൽ പദവി ഒഴിയണമെന്ന് കമ്പനി ആവശ്യപ്പെടുകയായിരുന്നു. പകരം ഗൂഗിൾ എക്സികുട്ടിവായിരുന്ന ഡയാന ലെഫീൽഡ് ചുമതലയേറ്റെടുക്കുമെന്നും വ്യക്തമാക്കി. എന്നാൽ, പുറത്താക്കൽ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവും വിമർശനവുമായി നിക്ഷേപകർ രംഗത്തെത്തി.
ബാങ്കിന്റെ ബോർഡിൽനിന്ന് അനിലിനെ ഒഴിവാക്കി ഉപദേശക സ്ഥാനത്ത് പ്രതിഷ്ടിക്കാനായിരുന്നു ആദ്യം ആലോചിച്ചത്. നിക്ഷേപകരുടെ വികാരം മനസ്സിലാക്കി അദ്ദേഹത്തെ ബോർഡിൽ നിലനിർത്താൻ തീരുമാനിച്ചതായി ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം, അനിലിന്റെ പുതിയ പദവി സംബന്ധിച്ച് മാനേജ്മെന്റ് തീരുമാനമെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ആഗോള വിപണിയിൽ വളർച്ചയുടെ വേഗത കുറവാണെന്നും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്താൽ പദവിയിൽ അനിൽ തുടരുമോയെന്നുമുള്ള ആശങ്കകൾക്കിടയിലാണ് പദവി ഒഴിയാൻ ബോർഡ് ആവശ്യപ്പെട്ടത്.
എന്നാൽ, സി.ഇ.ഒ പദവിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനിലിനെ പുറത്താക്കാനുള്ള പ്രഖ്യാപനത്തിൽ ഭൂരിഭാഗം നിക്ഷേപകരും അമ്പരപ്പും നിരാശയും പ്രകടിപ്പിക്കുകയായിരുന്നു. മാത്രമല്ല, അനിലിനെ പദവിയിൽ നിലനിർത്താനും കമ്പനിയുടെ ചെയർമാനായ ഗാരി ഹോഫ്മാനെ പുറത്താക്കാനും വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളായ ആക്‌സൽ, ഐക്കോണിക് അടക്കം ഭൂരിഭാഗം നിക്ഷേപകരെ പ്രതിനിധീകരിക്കുന്ന സംഘം ആവശ്യപ്പെട്ടു. പിന്നീട്, മാനേജ്മെന്റുമായുള്ള ചർച്ചക്ക് ശേഷം ഇവർ ഈ ആവശ്യം ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.
വിസ കമ്പനിയുടെ എക്സികുട്ടിവായിരുന്ന അനിൽ 2020ലാണ് യു.കെ സ്റ്റാർട്ട്അപ് മോൺസോയിലെത്തുന്നത്. മാസങ്ങൾക്കകം അദ്ദേഹത്തെ സി.ഇ.ഒ പദവിയിലേക്ക് ഉയർത്തി. പക്ഷെ, 2021ൽ റെഗുലേറ്റർമാർ ബാങ്കിങ് ലൈസൻസ് അംഗീകരിക്കില്ലെന്ന് വ്യക്തമായതോടെ കമ്പനിയുടെ യു.എസ് വിപുലീകരണ പദ്ധതി അനിശ്ചിതത്വത്തിലായി. പിന്നീട് യു.കെ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അനിലിന്റെ നേതൃത്വത്തിൽ മോൺസോ ഉപഭോക്താക്കളുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നു. കഴിഞ്ഞ മാർച്ച് വരെയുള്ള വർഷത്തിൽ റെക്കോർഡ് ലാഭവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.