മുംബൈ: കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ തൊഴിൽ നിയമം (ലേബർ കോഡ്) കവർന്നത് രാജ്യത്തെ അഞ്ച് ഐ.ടി കമ്പനികളുടെ 4645 കോടി രൂപ. ടാറ്റ കൺസൾട്ടൻസി സർവിസസ് ലിമിറ്റഡ് (ടി.സി.എസ്), ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ലാഭത്തിൽനിന്നാണ് ഇത്രയും തുക തൊഴിൽ നിയമം നടപ്പാക്കാൻ വേണ്ടി മാറ്റിവെച്ചത്. ലേബർ കോഡ് പ്രകാരം ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾക്ക് വേണ്ടി കമ്പനികൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വരികയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്നോളജി സേവന കമ്പനിയായ ടി.സി.എസിന് 2128 കോടി രൂപയാണ് അധികം ചെലവായത്. കമ്പനിക്ക് 5.82 ലക്ഷം ജീവനക്കാരുണ്ടെന്നാണ് കണക്ക്. 3.37 ലക്ഷം ജീവനക്കാരുള്ള ഇൻഫോസിസിന് 1289 കോടി രൂപയും 2.26 ലക്ഷം ജീവനക്കാരുള്ള എച്ച്.സി.എൽ ടെക് 956 കോടി രൂപയും മാറ്റിവെച്ചു. വിപ്രോക്ക് 302.8 കോടി രൂപയും ടെക് മഹീന്ദ്രക്ക് 272.4 കോടിയും അധിക ചെലവ് വന്നു.
ഈ അഞ്ച് ഐ.ടി കമ്പനികൾ ചേർന്ന് 15 ലക്ഷം പേർക്കാണ് തൊഴിൽ നൽകുന്നത്. രാജ്യത്ത് ലേബർ കോഡ് നടപ്പാക്കുന്ന ഏറ്റവും വലിയ തൊഴിൽ മേഖലകളിലൊന്നാണ് ഐ.ടി. കഴിഞ്ഞ വർഷം നവംബറിലാണ് കേന്ദ്ര സർക്കാർ പുതിയ ലേബർ കോഡ് നടപ്പാക്കിയത്. ഇതുപ്രകാരം തൊഴിലാളിക്കായി കമ്പനി നീക്കിവെക്കുന്ന ആകെ തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന തുകയോ ആയിരിക്കണം തൊഴിലാളികളുടെ ബേസിക് പേ. ഇങ്ങനെ ബേസിക് പേ കണക്കാക്കുന്നതോടെ പി.എഫിലേക്കുള്ള തൊഴിലാളിയുടേയും തൊഴിലുടമയുടേയും സംഭാവന വർധിക്കും. സമാനമായി, ബേസിക് പേ ഉയരുന്നതിന് ആനുപാതികമായി ഗ്രാറ്റുവിറ്റിയും ഉയരും.
ലേബർ കോഡ് നടപ്പാക്കുന്നതിനാൽ അഞ്ച് കമ്പനികളുടെ ഒക്ടോബർ-ഡിസംബർ കാലയളവിലെ ലാഭത്തിൽ 260-320 ബേസിസ് പോയന്റുകളുടെ (2.6-3.2 ശതമാനം) ഇടിവുണ്ടായി. ടി.സി.എസിനാണ് ഏറ്റവും ചെലവ് വർധിച്ചത്. ഈ കാലയളവിൽ ടി.സി.എസ് 25.2 ശതമാനവും ഇൻഫോസിസ് 18.6 ശതമാനവും എച്ച്.സി.എൽ ടെക് 18.4 ശതമാനവും വിപ്രോ 13.1 ശതമാനവും ഓപറേറ്റിങ് ലാഭം റിപ്പോർട്ട് ചെയ്തു. അതേസമയം, ഒറ്റത്തവണ മാത്രമേ ലേബർ കോഡുമായി ബന്ധപ്പെട്ട ചെലവ് വരൂവെന്ന് ടി.സി.എസ് മാനേജ്മെന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.