വാഷിങ്ടൺ: സൈനിക നടപടി നിർത്തിവെച്ചതിന് പിന്നാലെ ഇറാന്റെമേൽ സാമ്പത്തിക സമ്മർദം ശക്തമാക്കി യു.എസ്. ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയ ഇറാന്റെ ഉന്നതതല ഉദ്യോഗസ്ഥർക്കെതിരെ യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. ദേശീയ സുരക്ഷ കൗൺസിൽ തലവനും പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനയിയുടെ അടുത്ത അനുയായിയുമായ അലി ലാരിജാനി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തിയത്. പ്രക്ഷോഭത്തിനെതിരെ നടപടി ഏകോപിപ്പിച്ചത് ലാരിജാനിയാണെന്ന് ട്രഷറി വകുപ്പ് ആരോപിച്ചു.
ഇറാന്റെ സൈനിക വിഭാഗമായ ഇസ്‍ലാമിക് റവല്യൂഷനറി ഗാർഡിന്റെ കമാൻഡർമാർക്കെതിരെയും നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധത്തിൽ ഉൾപ്പെട്ടവർക്ക് യു.എസുമായി സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയില്ല. ഇറാൻ എണ്ണ വിൽപനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന യു.എ.ഇയിലെ സ്ഥാപനങ്ങൾക്കെതിരെയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസിന്റെ സുരക്ഷ പങ്കാളിയായ യു.എ.ഇയുടെ സഹായത്തോടെയാണ് സാമ്പത്തിക ഇടപാടുകൾ നടത്തി ഉപരോധങ്ങളെ ഇറാൻ മറികടന്നിരുന്നത്.
പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടി സ്വീകരിച്ചാൽ ഇറാനെ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പ്രക്ഷോഭം തുടരാനും രാജ്യത്തെ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ യു.എസിന് ആവശ്യത്തിന് സൈനിക ശക്തിയില്ലെന്ന് വിദഗ്ധോപദേശം ലഭിച്ചതോടെ ഇറാനെ ആക്രമിക്കുന്നതിൽനിന്ന് ട്രംപ് തൽകാലം പിന്മാറുകയായിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാനെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭയക്കുന്ന ഗൾഫ് രാജ്യങ്ങളാണ് യു.എസിനെ പിന്തിരിപ്പിച്ചത്. എന്നാൽ, ഭാവിയിൽ മേഖലയിൽ സൈനിക ശക്തി വ്യാപിച്ചാൽ ഇറാനെ യു.എസ് ആക്രമിക്കാൻ സാധ്യതയുണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തോടുള്ള അതൃപ്തിയും മൂലം കഴിഞ്ഞ മാസം തുടങ്ങിയ പ്രതിഷേധങ്ങൾ തലസ്ഥാനമായ തെഹ്റാനും പുറത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 2,600 കവിഞ്ഞതായും 19,000 ത്തിലധികം പേർ അറസ്റ്റിലാവുകയും ചെയ്തതായാണ് ഇറാനിലെ യുഎസിന്റെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.