ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസന, ധനകാര്യസേവന രംഗത്തെ അതികായരായ െഎ.എൽ.എഫ്.എസ് 91,000 കോടി രൂപയുടെ കടബാധ്യതയിൽ മുങ്ങുന്ന കപ്പലായി.
പൊതുമേഖലാ സ്ഥാപനമായ എൽ.െഎ.സി അടക്കം പൊതുജന നിക്ഷേപമുള്ള സ്ഥാപനങ്ങളിൽനിന്ന് കമ്പനിക്കുവേണ്ടി പരിധിവിട്ട സാമ്പത്തിക സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന പിന്നാമ്പുറനീക്കം വിവാദത്തിൽ. വിജയ് മല്യ, നീരവ് മോദി തട്ടിപ്പുകൾക്ക് പിന്നാലെ, സമ്പദ് മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാവുന്ന വിഷയമായി മാറുകയാണ് ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻസ് സർവിസസ് എന്ന െഎ.എൽ.എഫ്.എസിെൻറ ഭീമമായ കടബാധ്യത.
കമ്പനി തകർന്നാൽ വായ്പ നൽകിയിട്ടുള്ള നിരവധി ധനകാര്യസ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും.വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പ തിരിച്ചടക്കുന്നതിൽ െഎ.എൽ.എഫ്.എസ് വീഴ്ച വരുത്തിക്കഴിഞ്ഞു. െഎ.എൽ.എഫ്.എസിെൻറ നാലിലൊന്ന് ഒാഹരിയും എൽ.െഎ.സിയുടെ പക്കലാണ്. ജപ്പാനിലെ ഒാറിക്സ് കോർപറേഷെൻറ ഒാഹരി 23.5 ശതമാനം. അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് 12.5 ശതമാനം ഒാഹരിയുണ്ട്. എസ്.ബി.െഎക്ക് ആറര ശതമാനം; സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യക്ക് ഏഴര ശതമാനം.
അമേരിക്കയിൽ ലേമാൻ ബ്രദേഴ്സിെൻറ തകർച്ച സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്ക് തുല്യമായ അവസ്ഥ രൂപപ്പെട്ടിരിക്കെ, സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ ക്രമക്കേടുകളെക്കുറിച്ച് ബഹുതല അന്വേഷണം കോൺഗ്രസ് ആവശ്യപ്പെട്ടു. മാനേജ്മെൻറ് ബോർഡിലേക്ക് എൽ.െഎ.സി, എസ്.ബി.െഎ തുടങ്ങിയവ നിയോഗിച്ച കേന്ദ്രസർക്കാർ ജീവനക്കാർ സ്ഥാപനത്തിെൻറ കടബാധ്യത ഇത്രത്തോളം വർധിക്കാൻ അനുവദിച്ചതിനെക്കുറിച്ച് വിശദാന്വേഷണവും വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരുടെ സംയുക്ത സാമ്പത്തിക കുറ്റങ്ങളുടെ ഏഴിരട്ടിയാണ് െഎ.എൽ.എഫ്.എസ് ഉണ്ടാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തകർച്ചയുടെ വക്കിലാണ് സ്ഥാപനം. 1987ൽ തുടങ്ങി 169 സഹസ്ഥാപനങ്ങൾ സൃഷ്ടിച്ച് 22 സംസ്ഥാനങ്ങളിലായി പടർന്നുപന്തലിച്ചു നിൽക്കുന്ന സ്ഥാപനമാണിത്. കമ്പനിക്ക് വഴിവിട്ട സഹായം നൽകുന്നതിന് റിസർവ് ബാങ്ക്, എസ്.ബി.െഎ, എൽ.െഎ.സി, ദേശീയ പാത അതോറിറ്റി തുടങ്ങിയവക്കുമേൽ മോദിസർക്കാർ സമ്മർദം ചെലുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.