വില്‍പനക്കുണ്ട്; ഒഴിവ് വേള

വിനോദ സഞ്ചാരമെന്നാല്‍ മുമ്പൊക്കെ ഒഴിവ് ദിവസം കുടുംബത്തിലെല്ലാവരുടെയും സൗകര്യം നോക്കി ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യാത്രപോവുക എന്നതായിരുന്നു. പണം കുറഞ്ഞവര്‍ അടുത്ത ഏതെങ്കിലും സ്ഥലത്തും ഇടത്തരക്കാര്‍ സംസ്ഥാനത്തിന് അകത്ത് ഏതെങ്കിലും കേന്ദ്രത്തിലും അല്‍പംകൂടി പണമുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും യാത്രപോകും. കൈയില്‍ ആവശ്യത്തിലേറെ പണമുള്ളവര്‍ വിദേശത്തേക്കും പോകും വിനോദയാത്ര. ഒരു ദിവസമോ കുറച്ച് ദിവസങ്ങളോ കറങ്ങി മടങ്ങിയത്തെുകയും ചെയ്യും. എന്നാല്‍, ഇപ്പോള്‍ ട്രെന്‍റ് മാറിവരികയാണ്. 

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ഷത്തില്‍ ഏതാനും ദിവസത്തേക്ക് എന്ന നിലക്ക് താമസയിടം വിലകൊടുത്ത് വാങ്ങി, അതനുസരിച്ച് യാത്രാ പദ്ധതി തയാറാക്കുക. ഒഴിവുവേള വിലക്ക് വാങ്ങുന്ന ‘വെക്കേഷന്‍ ഓണര്‍ഷിപ്’ അഥവാ ‘അവധിക്കാലത്തിന്‍െറ ഉടമസ്ഥത’ എന്നതാണ് പദ്ധതി. 
പല വ്യക്തികള്‍ പല ദിവസങ്ങളിലായി ഒരേ വസതിയുടെ ഉടമസ്ഥാവകാശം പങ്കുവെച്ച് ഉപയോഗിക്കുന്നതാണ് ആശയത്തിന്‍െറ കാതല്‍. 25 വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് ഇങ്ങനെ ഒഴിവുകാലം വില്‍ക്കുന്നത്. 

ഓരോ വ്യക്തിക്കും വര്‍ഷത്തില്‍ ഒരാഴ്ചവരെ കാലയളവാണ് ഇങ്ങനെ ‘പതിച്ച് നല്‍കുക’. ഈ അവകാശം നേടാന്‍ വണ്‍ടൈം ഫീസും   പിന്നീട് വീടും മറ്റും സൂക്ഷിക്കുന്നതിനായി നിശ്ചിത വാര്‍ഷികവരിയും നല്‍കണം. ഇതോടെ ഒഴിവുകാല ഉടമസ്ഥാവകാശം വില്‍ക്കുന്ന കമ്പനികളുടെ നിയന്ത്രണത്തില്‍ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലും മറ്റും വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളിലേക്ക് താമസസൗകര്യം ലഭിക്കും. 
താമസിക്കുന്നതിന് തെരഞ്ഞെടുക്കുന്ന യൂനിറ്റിന്‍െറ വലുപ്പം, ഒഴിവുസമയം ചെലവഴിക്കാന്‍ തെരഞ്ഞെടുക്കുന്ന സമയം എന്നിവ അനുസരിച്ചാണ് വണ്‍ടൈം ഫീസ് നിശ്ചയിക്കുക. കുടുംബത്തിന്‍െറ സാമ്പത്തികശേഷിയും അംഗങ്ങളുടെ എണ്ണവും അനുസരിച്ച് സ്റ്റുഡിയോ, ഒരു കിടക്കമുറി, രണ്ടു കിടക്കമുറി, അപ്പാര്‍ട്മെന്‍റ് തുടങ്ങിയവ തെരഞ്ഞെടുക്കാം. ടൈം ഷെയറിങ് അടിസ്ഥാനത്തിലാണ് താമസം തീരുമാനിക്കുക.  അതായത് അംഗത്തിന് വെക്കേഷന്‍ ഓണര്‍ഷിപ് സ്ഥാപനം നല്‍കുന്ന ഏതു സ്ഥലത്തും നിശ്ചിത കാലയളവിലേക്കു അവധിക്കാലം ചെലവഴിക്കാന്‍ സമയം ബുക്കുചെയ്യാം. 

സാധാരണ എഴു പകലും എട്ടു രാത്രിയുമാണ് ലഭിക്കുക. അതിനെ രണ്ടോ മൂന്നോ ദിവസങ്ങളായി വിഭജിച്ച്  രണ്ടോ മൂന്നോ തവണയായും ഒഴിവുകാലം ചെലവഴിക്കാം. ഇത്തരത്തില്‍ അവധിക്കാലം ഉപയോഗിക്കുന്നതിനായി മൂന്നോ നാലോ മാസം മുമ്പ് ബുക്ക് ചെയ്യേണ്ടിവരും. 

വെക്കേഷന്‍ ഓണര്‍ഷിപ് കമ്പനികളെ തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വൈവിധ്യമാര്‍ന്ന സ്ഥലങ്ങള്‍, സൗകര്യങ്ങള്‍,വിനോദോപാധികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന കമ്പനികളെ കണ്ടത്തെുകയും  കുടുംബത്തിന്  പ്രയാസം കൂടാതെ താമസിക്കാന്‍ സൗകര്യമുള്ള  പാക്കേജുകള്‍ തെരഞ്ഞെടുക്കുകയും മുടക്കുന്ന പണത്തിന് അനുസരിച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം. ഇതിനായി വിവിധ വെക്കേഷന്‍ ഓണര്‍ഷിപ് കമ്പനികള്‍ നല്‍കുന്ന പാക്കേജുകള്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്. 

തെരഞ്ഞെടുക്കുന്ന വെക്കേഷന്‍ ഓണര്‍ഷിപ് കമ്പനി ഓള്‍ ഇന്ത്യ റിസോര്‍ട്ട് ഡെവലപ്പേഴ്സ് അസോസിയേഷനില്‍ അംഗമാണെന്ന് ഉറപ്പുവരുത്തിയാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാം. കാരണം അസോസിയേഷന്‍ അംഗങ്ങള്‍ ഈ വ്യവസായമേഖല അംഗീകരിച്ച  നിലവാരം, സൗകര്യങ്ങള്‍, പാക്കേജ് ഫോര്‍മാറ്റ്, എത്തിക്സ് നിബന്ധനകള്‍ തുടങ്ങിയവയെല്ലാം പാലിക്കാന്‍ നിര്‍ബന്ധിതമാണ്. 

ഉയരുന്ന ഹോട്ടല്‍മുറി വാടകയില്‍നിന്ന് ആശ്വാസം, ദീര്‍ഘകാലത്തേക്ക് ആഡംബര റിസോര്‍ട്ട് സൗകര്യങ്ങളും സേവനങ്ങളും നേരത്തേ നിശ്ചയിച്ച നിരക്കില്‍ ഉപയോഗിക്കാന്‍ സാധിക്കല്‍, മുന്‍കൂട്ടി ഒഴിവുകാലം ആസൂത്രണം ചെയ്യാന്‍ സാധിക്കല്‍, ഇതുവഴി യാത്രാച്ചെലവിലും മറ്റും ഗണ്യമായ കുറവു നേടല്‍, മുന്‍കൂട്ടിയുള്ള ആസൂത്രണം, കൂടുതല്‍ സ്വസ്ഥമായ ഒഴിവുകാലം ചെലവഴിക്കാന്‍ സൗകര്യമൊരുക്കല്‍ തുടങ്ങിയവയാണ് ഈ രീതികൊണ്ടുള്ള പ്രയോജനം. 

(വിവരങ്ങള്‍ക്ക് കടപ്പാട്: 
ഗിരിധര്‍ സീതാറാം,
ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍,
മഹീന്ദ്ര ഹോളിഡേയ്സ് ഇന്ത്യ)
 

Tags:    
News Summary - article about tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.