ബജറ്റ് പ്രത്യാഘാതം: വാഹന നിര്‍മാതാക്കള്‍ വില കൂട്ടുന്നു

ന്യൂഡല്‍ഹി: പുതിയ വാഹനങ്ങളുടെ വിലയില്‍ അടിസ്ഥാന സൗകര്യ സെസ് ചുമത്താന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദേശം വന്നതോടെ  നിര്‍മാതാക്കള്‍  വിവിധ മോഡലുകള്‍ക്ക് വില കൂട്ടിത്തുടങ്ങി. മാരുതി, ഹോണ്ട, ഹുണ്ടായി, മഹീന്ദ്ര, മെഴ്സിഡസ് ബെന്‍സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങി പ്രമുഖ നിര്‍മാതാക്കളെല്ലാം വില കൂട്ടി. മറ്റുള്ളവരും വൈകാതെ ഈ വഴിയിലേക്ക് തിരിഞ്ഞേക്കും. നാലുമീറ്ററില്‍ താഴെ നീളമുള്ള, 1500 സി.സിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലയുടെ 2.5 ശതമാനവും കൂടുതല്‍ എന്‍ജിന്‍ ശേഷിയും വലിപ്പവുമുള്ള എസ്.യു.വികള്‍ക്കും മറ്റ് വലിയ സെഡാന്‍ വാഹനങ്ങള്‍ക്കും നാലു ശതമാനവും സെസ് ഏര്‍പ്പെടുത്താനായിരുന്നു ബജറ്റ് നിര്‍ദേശം. നാലുമീറ്ററിലും 1200 സി.സിയിലും താഴെയുള്ള പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി വാഹനങ്ങള്‍ക്ക് ഒരു ശതമാനം സെസും 10 ലക്ഷത്തിനുമുകളില്‍ വിലയുള്ള ആഡംബര വാഹനങ്ങള്‍ക്ക് ഒരു ശതമാനം അധിക നികുതിയും ചുമത്താനും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കമ്പനികള്‍ തങ്ങളുടെ മോഡലുകളുടെ എക്സ് ഷോറൂം വിലയില്‍ വര്‍ധന വരുത്തിയത്. 
വെള്ളിയാഴ്ച ഹോണ്ട തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് 4000 രൂപ മുതല്‍ 79000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ബ്രിയോക്ക് 4000 മുതല്‍ 6000 വരെയും ജാസിന് 5000 മുതല്‍ 19,500 വരെയും സിറ്റിക്ക് 24,600 മുതല്‍ 38,100 വരെയും മൊബീലിയോക്ക് 21,800 മുതല്‍ 37,700 വരെയും സി.ആര്‍.വിക്ക് 66,500 മുതല്‍ 79,000 വരെയുമാണ് വില കൂട്ടിയത്. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഹോണ്ട വ്യക്തമാക്കി.
 മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് 5500 മുതല്‍ 47,000 രൂപ വരെയാണ് വിലകൂട്ടിയിരിക്കുന്നത്. ഏപ്രില്‍ ഒന്നു മുതലാണ്  പ്രാബല്യം. 1441 മുതല്‍ 34496 രൂപ വരെയാണ് വ്യാഴാഴ്ച മാരുതി കൂട്ടിയത്. എന്നാല്‍, സിയാസ് എസ്.എച്ച്.വി.എസ്, എര്‍ട്ടിഗ എസ്.എച്ച്.വി.എസ് മോഡലുകള്‍ക്ക് സെസ് ബാധകമാവില്ലാത്തിനാല്‍ വില വര്‍ധനവില്ല. ബുധനാഴ്ച ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് വിവിധ മോഡലുകള്‍ക്ക് മാര്‍ച്ച് 15 മുതല്‍ അഞ്ചുലക്ഷം രൂപ വരെ വര്‍ധിക്കുമെന്ന് അറിയിച്ചിരുന്നു. നേരത്തെ ടാറ്റ മോട്ടോഴ്സ് 2000 രൂപ മുതല്‍ 35000 രൂപ വരെയാണ് വിവിധ മോഡലുകള്‍ക്ക് കൂട്ടിയത്. ഹുണ്ടായി ഇയോണ്‍ മുതല്‍ സാന്താഫെ വരെയുള്ള മോഡലുകള്‍ക്ക് 2889 രൂപ മുതല്‍ 82906 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.