പാക്കേജ് റെഡി; പക്ഷേ, മഴയും സഞ്ചാരികളും കുറഞ്ഞു

മഴ കാണാന്‍ കാലവര്‍ഷത്തിനൊപ്പം വിദേശികള്‍ കേരളത്തിലത്തൊറുണ്ട്. ഒരു ദശകത്തിലേറെയായി ഇതാണ് സ്ഥിതി. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി മഴയുടെ കാര്യം പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എപ്പോള്‍ വരും എപ്പോള്‍ പോകുമെന്നൊന്നും ഒരു തിട്ടവുമില്ല. ഇതോടെ താളംതെറ്റിയത് കേരളത്തിലെ കൃഷി മാത്രമല്ല; സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ടൂറിസം കൂടിയാണ്. 
ഇക്കുറിയും കാലവര്‍ഷത്തിന് മുമ്പായി മണ്‍സൂണ്‍ വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ സര്‍ക്കാര്‍ വിപുല ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത ഓപറേറ്റര്‍മാരുടെ യോഗം വിളിച്ച സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് മഴ കാണാനത്തെുന്ന വിദേശികള്‍ക്കായി പ്രത്യേക പാക്കേജുകള്‍തന്നെ തയാറാക്കി. 21 അംഗീകൃത ടൂര്‍ ഓപറേറ്റര്‍മാരുടെ സഹകരണത്തോടെയാണ് ‘ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍’ മഴ നനയാനുള്ള പാക്കേജുകള്‍ തയാറാക്കിയത്. 
കഴിഞ്ഞ വര്‍ഷം മഴ കുറവായതിനാല്‍ വിദേശ വിനോദ സഞ്ചാരികളുടെ വരവും കുറവായിരുന്നു. അതുകൊണ്ടുതന്നെ, പരമാവധിപേരെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഓരോ ടൂര്‍ ഓപറേറ്ററും തോന്നുംപടി പാക്കേജുകള്‍ തയാറാക്കുകയും ചെയ്തു. ഇതോടെ ഈ മേഖലയില്‍ അച്ചടക്കം ഇല്ലാതായി. ഈ അനുഭവം ഇക്കുറി ആവര്‍ത്തിക്കാതിരിക്കാനാണ് വിനോദ സഞ്ചാര വകുപ്പ് മുന്‍കൈയെടുത്ത് പത്ത് പാക്കേജുകള്‍ തയാറാക്കിയത്. 
രണ്ടാഴ്ച നീളുന്ന സംസ്ഥാന സന്ദര്‍ശനം മുതല്‍ ഏതാനും ദിവസംകൊണ്ട് പൂര്‍ത്തിയാകുന്ന പാക്കേജുകള്‍വരെ ഇതില്‍പെട്ടിരുന്നു. 13 രാത്രിയും 14 പകലും സംസ്ഥാനത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം, ആയുര്‍വേദ ചികിത്സ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ‘എന്‍ചാന്‍റിങ് കേരള’ പാക്കേജാണ് അതില്‍ പ്രമുഖം. ഇതു കൂടാതെ രണ്ടും മൂന്നും ദിവസത്തേക്കായി ചുരുങ്ങിയ പാക്കേജുകളടക്കമാണ് പത്ത് പാക്കേജുകള്‍ ഇക്കുറി തയാറാക്കിയത്. മഴ കാണല്‍ മാത്രമല്ല, കായല്‍ സഞ്ചാരം, ആയുര്‍വേദ സുഖചികിത്സ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. യാത്രാ സൗകര്യങ്ങളുടെ ഇനവും തരവുമനുസരിച്ച് ഇക്കോണമി, സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് തുടങ്ങിയ വേര്‍തിരിവുകളുമുണ്ടായിരുന്നു. ഓണ്‍ലൈനില്‍ ബുക്ചെയ്താല്‍ 12 മണിക്കൂറിനകം അക്രഡിറ്റഡ് ടൂര്‍ പാക്കേജ് ഓപറേറ്റര്‍ ബന്ധപ്പെടുന്ന സംവിധാനവും ഒരുക്കിയിരുന്നു. 
വടക്കന്‍ കേരളത്തിലെ സ്ഥലങ്ങളുടെ മാത്രം സന്ദര്‍ശനത്തിനായി ‘നോര്‍ത് കേരള ഡിലൈറ്റ്’, മധ്യകേരള സന്ദര്‍ശനത്തിനായി ‘കേരള മാജിക്’ തുടങ്ങിയ പേരുകളിലാണ് പദ്ധതികള്‍ തയാറാക്കിയത്. പാക്കേജുകളൊക്കെ റെഡി. എന്നാല്‍, മഴയും സഞ്ചാരികളും എവിടെ എന്നാണ് ഇപ്പോള്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ ചോദിക്കുന്നത്. 
പ്രതീക്ഷിച്ച പോലെ മഴ ലഭിക്കാത്തതിനാല്‍ പ്രതീക്ഷിച്ചത്ര വിദേശ സഞ്ചാരികള്‍ ഇനിയും എത്തിയിട്ടില്ല. കഴിഞ്ഞ മഴക്കാലത്തെ അപേക്ഷിച്ച് വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ പത്ത് ശതമാനത്തിന്‍െറ കുറവാണുള്ളതെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു. 

പ്രതീക്ഷയര്‍പ്പിച്ച് 
സംരംഭകരും

2005ലാണ് സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ ‘മണ്‍സൂണ്‍ ടൂറിസം’ ആശയം മുന്നോട്ടുവെച്ചത്. ആദ്യ രണ്ടുമൂന്നു വര്‍ഷം കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. പിന്നീട്, കേരളത്തിലെ മഴയെ വിദേശത്ത് മാര്‍ക്കറ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഈ സങ്കല്‍പത്തിന് പ്രാമുഖ്യം കൈവന്നത്. ഉയര്‍ന്ന പ്രദേശങ്ങളായ മൂന്നാര്‍, തേക്കടി, വയനാട്, ഇടുക്കി തുടങ്ങിയയിടങ്ങളില്‍ തങ്ങി കാടിന്‍െറ പച്ചപ്പിന് മേലെ പെയ്തിറങ്ങുന്ന മഴ ആസ്വദിക്കുക, കൊച്ചി, കുമരകം, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ കായല്‍സമൃദ്ധിക്കുമുളകില്‍ മഴയുടെ നൃത്തം കാണുക, മഴയും കൃഷിയും ഒത്തുവരുന്ന കുട്ടനാട്ടിലെ കാര്‍ഷിക സമൃദ്ധി നേരില്‍ കാണുക തുടങ്ങിയവയെല്ലാമാണ് മഴക്കാലത്ത് കേരളത്തിലത്തെുന്നവര്‍ക്കായി വിനോദ സഞ്ചാര വകുപ്പ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍. 
വിനോദ സഞ്ചാരം വഴി പ്രതിവര്‍ഷം 25,000 കോടിയിലധികം രൂപയുടെ വരുമാനമാണ് സംസ്ഥാനത്തിനുണ്ടാകുന്നത്. ഇതില്‍ പതിനായിരം കോടിയും ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളിലാണ്. മണ്‍സൂണ്‍ കാലത്ത് കേരളത്തിലത്തെുന്നവര്‍ക്ക് മഴ ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കാന്‍ കെ.ടി.ഡി.സിയും വിവിധ ഹോട്ടലുകളും പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് ദിവസം മുതല്‍ ഒരാഴ്ചവരെ നീളുന്ന പാക്കേജുകളാണിവ. 
900 കിലോമീറ്റര്‍ ജല സഞ്ചാരത്തിനുള്ള പാത സംസ്ഥാനത്തുണ്ടെന്നും 38 പുഴകള്‍, വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍, കായലുകള്‍ക്കകത്തെ തുരുത്തുകള്‍ തുടങ്ങി മഴക്കാഴ്ചകള്‍ക്ക് പ്രകൃതിയൊരുക്കിയിരിക്കുന്ന അവസരങ്ങള്‍ ഒട്ടേറെയുണ്ടെന്നുമാണ് വിനോദ സഞ്ചാര വകുപ്പിന്‍െറ വാഗദ്ാനം. 200 കിലോമീറ്ററിലധികം ദൈര്‍ഘ്യം വരുന്ന കൊല്ലം-കോട്ടപ്പുറം ജലപാതയിലൂടെ മഴയുമായി ചങ്ങാത്തം കൂടിയുള്ള യാത്ര വേറിട്ട അനുഭവമാകുമെന്നും വകുപ്പ് മോഹിപ്പിക്കുന്നുണ്ട്. 
പ്രധാനമായും അറബ് സഞ്ചാരികളെയാണ് മഴക്കാലത്ത് ലക്ഷ്യമിടുന്നത്. മഴയും കുളിരും ഏറെ ആകര്‍ഷിക്കുന്നത് അവരെയാണ്. അറബുനാട്ടില്‍ ചൂടുകാലവും കേരളത്തില്‍ മഴക്കാലവും എത്തുന്നത് ഒരേസമയത്താണ്. ജുലൈ മുതലാണ് ഗള്‍ഫില്‍ വിദ്യാലയ വേനലവധിക്കാലം. 
ഈ സമയത്ത് കുടുംബവുമായി വിദേശയാത്ര പോവുകയെന്നത് ഇടത്തരക്കാരും അതിന് മുകളിലുള്ളവരുമൊക്കെ ശീലമാക്കുകയും ചെയ്തിരുന്നു. ഇവരെ ആകര്‍ഷിക്കാന്‍ കൂടിയാണ് ആയുര്‍വേദ ചികിത്സകൂടി ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതിന്‍െറ ഗുണവും കണ്ടു. 2014ല്‍ സൗദിയില്‍ നിന്ന്  48,346 പേരും യു.എ.ഇയില്‍നിന്ന് 17,475 പേരും ഒമാനില്‍നിന്ന് 17,239 പേരും കേരള സന്ദര്‍ശനത്തിന് എത്തി. കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് മാത്രം രണ്ട് ലക്ഷത്തിലേറെ വിദേശ സഞ്ചാരികള്‍ കേരളത്തിലത്തെിയതായാണ് കണക്ക്.

പ്രതീക്ഷയും ആശങ്കയും പകര്‍ന്ന് കശ്മീര്‍
കശ്മീരിലെ സംഘര്‍ഷം ലോക മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടുകളില്‍ ഒന്നാണിപ്പോള്‍. ഇത് കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് ഒരേസമയം പ്രതീക്ഷയും ആശങ്കയുമാണ് സമ്മാനിക്കുന്നതെന്ന് കൊച്ചിയിലെ പ്രമുഖ ടൂര്‍ ഓപറേറ്റര്‍ പറയുന്നു. 
ഇന്ത്യയിലത്തെുന്ന വിദേശ വിനോദ സഞ്ചാരികള്‍ രണ്ടുതരത്തിലാണ്. ഇന്ത്യയിലുടനീളം  സഞ്ചരിച്ച് വിവിധ പ്രദേശങ്ങള്‍ കാണാനത്തെുന്നവരും ഏതെങ്കിലും ഒരുപ്രദേശത്തുമാത്രം എത്തി മടങ്ങുന്നവരും. വിവിധ പ്രദേശങ്ങള്‍ സഞ്ചരിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ പരിപാടിയില്‍ പ്രധാനമായി ഉള്‍പ്പെടുത്തുന്ന രണ്ട് ലക്ഷ്യങ്ങളാണ് കശ്മീരും കേരളവും. കശ്മീരിലെ സംഘര്‍ഷവാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇത്തരക്കാര്‍ ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരംതന്നെ വേണ്ടെന്നുവെക്കുകയാണ്. ഇത് കേരളത്തിനും നഷ്ടമുണ്ടാക്കും. 
ഇന്ത്യയുടെ ഭൂമിശാസ്ത്രം കൃത്യമായി അറിയാത്ത പലരും കശ്മീരിലെ സംഘര്‍ഷത്തിന്‍െറ പ്രത്യാഘാതങ്ങള്‍ കേരളത്തിലുമുണ്ടാവുമെന്ന ധാരണയില്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം മാറ്റിവെച്ച് മറ്റു രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നുണ്ട്. അതേസമയം, ഏതെങ്കിലും ഒരുപ്രദേശം മാത്രം ലക്ഷ്യംവെച്ച് എത്തുന്നവര്‍ കശ്മീരിന് പകരം കേരളം തെരഞ്ഞെടുക്കുന്നുമുണ്ട്. അവധിക്കാല വിനോദയാത്രക്ക് പദ്ധതിയിട്ട പലരും കശ്മീര്‍ ഒഴിവാക്കി കേരളം തെരഞ്ഞെടുക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.