ഓണത്തിന് ഒരുങ്ങി വിപണി

മലയാളിയുടെ ദേശീയോത്സവത്തിന് ഇനി ഒരു മാസത്തെ സമയദൂരം മാത്രം. കേരളത്തിന്‍െറ വ്യാപാരമേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ബിസിനസ് നടക്കുന്ന സമയംകൂടിയാണിത്. ഉത്തരേന്ത്യക്കാര്‍ക്ക് ദീപാവലിപോലെയാണ് കേരളത്തിലെ വ്യാപാരികള്‍ക്ക് ഓണം. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് വ്യാപാരലോകം. മറ്റ് മാസങ്ങളില്‍ ‘നടത്തിപ്പു ചെലവ്’ മാത്രമാണ് കച്ചവടത്തിലൂടെ പ്രതീക്ഷിക്കുന്നതെങ്കില്‍ ബാധ്യതകള്‍ തീര്‍ക്കുന്നതടക്കം ഒരുവര്‍ഷത്തെ നീക്കിയിരിപ്പിനുള്ള സാധ്യതകളാണ് ഓണം സീസണില്‍ വിപണിയില്‍നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത്.
ഇലക്ട്രോണിക്സുകാര്‍ നേരത്തേ എത്തി
കേരളത്തിലെ ഓണം വിപണിയുടെ പ്രാധാന്യം നന്നായി അറിയുന്നവരാണ് ഗൃഹോപകരണ നിര്‍മാതാക്കള്‍. സ്മാര്‍ട് ഫോണ്‍, ടെലിവിഷന്‍ സെറ്റുകള്‍, വാഷിങ് മെഷിന്‍, റഫ്രിജറേറ്റര്‍ തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉല്‍പന്ന നിര്‍മാതാക്കളും തങ്ങളുടെ പുതിയ ഉല്‍പന്നങ്ങള്‍ ആദ്യം അവതരിപ്പിക്കുന്നത് കേരളത്തിലാണ്. ഇക്കുറി ജൂലൈ പകുതിയോടെ തന്നെ വിവിധ സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ച് രംഗത്തത്തെിയിരുന്നു. കഴിഞ്ഞ ഓണത്തിന് പല കമ്പനികളും പുതിയ മോഡല്‍ സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം സെല്‍ഫി സ്റ്റിക്കുകളാണ് സമ്മാനമായി നല്‍കിയിരുന്നത്. മലയാളി യുവാക്കളുടെ സെല്‍ഫി പ്രണയം കണ്ടറിഞ്ഞായിരുന്നു ഇത്. കുട നിര്‍മാണ കമ്പനികള്‍വരെ തങ്ങളുടെ കുട സെല്‍ഫി സ്റ്റിക്കാക്കി മാറ്റുന്നകാര്യം പരീക്ഷിച്ചു. 
ഇക്കുറി മലയാളി യുവാക്കളുടെ ഡാറ്റാ ഭ്രമമാണ് കമ്പനികള്‍ മുതലാക്കുന്നത്. ഓരോ സ്മാര്‍ട് ഫോണിനുമൊപ്പം ഫോര്‍ജി സിം, നിശ്ചിത ജി.ബി ഡാറ്റ എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങള്‍. ഇതോടൊപ്പം, ദീര്‍ഘിപ്പിച്ച വാറന്‍റിയുമുണ്ട്. ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷിന്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളാകട്ടെ പുതിയ മോഡലിനൊപ്പം വര്‍ധിപ്പിച്ച വാറന്‍റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഗോദ്റജ്, സോണി തുടങ്ങിയവ കഴിഞ്ഞ ഓണത്തിന് 150 കോടിയായിരുന്നു വിറ്റുവരവ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ ഇക്കുറി 200 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഇലക്ട്രോണിക്സ് കമ്പനികളെല്ലാം കൂടി 2500 കോടി രൂപക്കടുത്ത വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ഗള്‍ഫില്‍നിന്നുണ്ടായ പണമൊഴുക്കിലാണ് അവര്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നതെങ്കില്‍ ഇക്കുറി കേന്ദ്ര ജീവനക്കാരുടെ പുതിയ ശമ്പള പാക്കേജാണ് പ്രതീക്ഷക്ക് കനംവെപ്പിച്ചിരിക്കുന്നത്. കേന്ദ്ര ശമ്പളമൊന്നുമില്ലാത്ത സാധാരണക്കാര്‍ക്കായി പ്രത്യേക വായ്പാ-തവണ വ്യവസ്ഥകളും ആവിഷ്കരിച്ചിട്ടുണ്ട്. 
പുതിയ ഡിസൈനുകളുമായി വസ്ത്രശാലകള്‍
കുറച്ചുകാലമായി വസ്ത്രശാലകള്‍ ഓണത്തെ വരവേല്‍ക്കുന്നതിന് മുമ്പ് ചെയ്യുന്നത് ‘ആടി സെയില്‍’ മാമാങ്കമാണ്. ഓണത്തിന് പുതിയ സ്റ്റോക് ഉള്‍ക്കൊള്ളിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനൊപ്പം ലീന്‍ സീസണ്‍ എന്ന് വ്യാപാരികള്‍ക്കിടയില്‍ അറിയപ്പെടുന്ന കര്‍ക്കടകത്തില്‍ ഡിസ്കൗണ്ട് വില്‍പന വഴി ഓണക്കച്ചവടത്തിന് മുന്നൊരുക്കത്തിന് പണം സ്വരൂപിക്കുകവരെ ‘ആടി സെയിലി’ന്‍െറ ലക്ഷ്യമാണ്. ആടി സെയില്‍വഴി നിലവിലുള്ള സ്റ്റോക്കിന്‍െറ നല്ളൊരു ശതമാനവും വിറ്റഴിച്ചവര്‍ പുതിയ ട്രെന്‍ഡി വസ്ത്രങ്ങള്‍ സ്റ്റോക് ചെയ്യുന്ന തിരക്കിലാണ്. ഏറ്റവും പുതിയ സിനിമകള്‍, ഫാഷന്‍ മാഗസിനുകള്‍ തുടങ്ങിയവ പരതി യുവാക്കളുടെ ട്രെന്‍ഡ് അറിഞ്ഞശേഷമാണ് ഇത്തരം സ്റ്റോക് ഒരുക്കല്‍. 
ഇക്കുറി ആട്ടിടയന്‍, നര്‍ത്തകി, വിവിധ മൃഗങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്ത സാരി, ചുരിദാര്‍ എന്നിവയാണ് ട്രെന്‍ഡ് എന്നാണ് എറണാകുളത്തെ പ്രമുഖ വസ്ത്രശാലയുടെ വിലയിരുത്തല്‍. രൂപങ്ങള്‍ വസ്ത്രങ്ങളില്‍ വരുന്നതില്‍ താല്‍പര്യമില്ലാത്തവര്‍ക്കായി പൂന്തോട്ടങ്ങള്‍, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവയുടെ പ്രിന്‍റും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി അകംപുറം മറിച്ചിടാവുന്ന ഷര്‍ട്ടും പലരും വന്‍തോതില്‍ സ്റ്റോക് ചെയ്തിട്ടുണ്ട്. അതിനിടെ, ആടി സെയില്‍ ഓണം കഴിയുംവരെ നീട്ടിയവരുമുണ്ട്. ഓണത്തിന് ഏറ്റവുമധികം വില്‍പന പ്രതീക്ഷിക്കുന്നതും വസ്ത്രവ്യാപാര മേഖലയാണ്. 
വാഹന കമ്പനികളും രംഗത്ത്
ഓണ വിപണി ലക്ഷ്യംവെച്ച് പ്രമുഖ വാഹന നിര്‍മാണ കമ്പനികളും കേരളത്തില്‍ സാന്നിധ്യം സജീവമാക്കി. പല വാഹനങ്ങളുടെയും പരസ്യ കാമ്പയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കളെ കണ്ടത്തെുന്നതിനൊപ്പം നിലവിലുള്ള വാഹനം മാറ്റി പുതിയത് വാങ്ങുന്നതിനുള്ള ഓഫറുകളും മുന്നോട്ടുവെക്കുന്നു. പരസ്യ കാമ്പയിനുകള്‍ക്കൊപ്പം സര്‍വിസ് സെന്‍ററുകളില്‍നിന്നും ഏജന്‍സികളില്‍നിന്നുമായി വാഹന ഉടമകളുടെ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിച്ച് നേരില്‍ വിളിച്ച് വമ്പന്‍ വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്. നിലവിലുള്ള വാഹനം മാറ്റി പുതിയത് എടുക്കുന്നവര്‍ക്ക് വന്‍ എക്സ്ചേഞ്ച് ഓഫറുകളാണ് നല്‍കുന്നത്. 
മൊബൈല്‍ കമ്പനികളും സജീവം
ഏറ്റവും കനത്ത മത്സരം നടക്കുന്നത് മൊബൈല്‍ സേവന ദാതാക്കള്‍ തമ്മിലാണ്. രാജ്യത്ത് ഏറ്റവുമധികം മൊബൈല്‍ സാന്ദ്രതയുള്ള സംസ്ഥാനം കേരളമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇനി ബിസിനസ് വളരണമെങ്കില്‍ മറ്റ് സേവന ദാതാക്കളുടെ ഉപഭോക്താക്കളെ പിടിച്ചെടുക്കുകയല്ലാതെ വഴിയില്ല. അതിനുപറ്റിയ സമയമായി അവര്‍ കാണുന്നത് ഓണക്കാലമാണ്. 
ഇതിന്‍െറ ഭാഗമായി ഓരോ കമ്പനിയുടെയും കാള്‍ സെന്‍ററുകളില്‍നിന്നുള്ള വിളികളുടെ എണ്ണം വര്‍ധിപ്പിച്ചുകഴിഞ്ഞു. മറ്റ് കമ്പനികളുടെ ഉപഭോക്താക്കളുടെ നമ്പര്‍ സംഘടിപ്പിച്ച്, അവരെ വിളിച്ച് നമ്പര്‍ പോര്‍ട്ട് ചെയ്താലുണ്ടാകുന്ന ഗുണം വിശദീകരിക്കുകയാണിപ്പോള്‍. താല്‍പര്യമുണ്ടെന്ന് പറയേണ്ട, കാള്‍ സെന്‍ററില്‍നിന്നുള്ള വിശദാംശങ്ങള്‍ക്ക് ചെവികൊടുക്കാന്‍ ക്ഷമ കാണിച്ചാല്‍ മതി; താമസിയാതെ ഫീല്‍ഡിലുള്ള ജീവനക്കാര്‍ തേടിയത്തെും. ഓണക്കാലത്ത് ഓരോ കമ്പനിയും പ്രത്യേക ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
അണിയറയില്‍ ഒരുങ്ങുന്നു; പൂവും പച്ചക്കറിയും
ഗൃഹോപകരണ നിര്‍മാതാക്കളും സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുമൊക്കെ നേരത്തേ എത്തിയെങ്കില്‍, പൂ കര്‍ഷകരും പച്ചക്കറി കര്‍ഷകരുമൊക്കെ ഒരുങ്ങുന്നതേയുള്ളൂ. തമിഴ്നാട്ടിലെ കര്‍ഷകരാണ് കേരളത്തിലെ ഓണത്തെ ഏറ്റവുമധികം പ്രതീക്ഷയോടെ നോക്കികാണുന്നത്. പച്ചക്കറി കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇക്കുറി കാലാവസ്ഥ പ്രതികൂലമായിരുന്നുവെങ്കില്‍ പൂ കര്‍ഷകരെ സംബന്ധിച്ചിടത്തോളം അനുകൂലമായിരുന്നു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്താകെ 2.158 ദശലക്ഷം ടണ്‍ പൂക്കളാണ് ഉല്‍പാദിപ്പിച്ചത്. 
മുഖ്യമായും തമിഴ്നാടുതന്നെയായിരുന്നു ഉല്‍പാദനത്തില്‍ മുന്നില്‍. ഇതുകൂടാതെ  കര്‍ണാടക, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, മിസോറം, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഒഡിഷ, ഝാര്‍ഖണ്ഡ്, ഹരിയാന, അസം, ഛത്തിസ്ഗഢ്, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര  സംസ്ഥാനങ്ങളിലും പൂകൃഷി സജീവമാണ്. ഇന്ത്യയില്‍നിന്ന് 150ഓളം രാജ്യങ്ങളിലേക്ക് പൂക്കള്‍ കയറ്റി അയക്കുന്നുണ്ട്. 
എന്നാല്‍, ആഗോള പുഷ്പ  വ്യാപാരത്തിലും കയറ്റുമതിയിലും ഇന്ത്യയുടെ പങ്ക് ഒരുശതമാനത്തിലും താഴെയാണെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം സമ്മതിക്കുന്നുണ്ട്. ഉല്‍പാദിപ്പിക്കുന്ന പൂക്കളില്‍ അധികവും വിറ്റഴിക്കപ്പെടുന്നത് ആഭ്യന്തര വിപണിയിലാണ്. കേരളത്തിലെ പൂവിപണിയുടെ ഏറ്റവും പ്രധാന സീസണ്‍ ഓണക്കാലവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.