പോക്കറ്റും വരളും?

നാടെങ്ങും വരള്‍ച്ചയാണ്. പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കഴിഞ്ഞാല്‍ പിന്നെ മുഖ്യ പരിഗണന വരള്‍ച്ചാ വാര്‍ത്തകള്‍ക്കാണ്. കേരളത്തില്‍ പാലക്കാടും പുനലൂരുമെല്ലാം ഏതാണ്ട് ഗള്‍ഫിലെ ചൂട് എത്തിക്കഴിഞ്ഞു എന്നാണ് കണക്ക്. ദേശീയതലത്തില്‍ പല നഗരങ്ങളിലും ചൂട് അമ്പത് ഡിഗ്രിയോട് അടുക്കുന്നു. ഇനിയും ചൂട് വര്‍ധിച്ചാല്‍ എയര്‍ കണ്ടീഷണറുകള്‍പോലും പ്രവര്‍ത്തിക്കാത്ത സ്ഥിതിവരുമെന്നും മുന്നറിയിപ്പുണ്ടായിട്ടുണ്ട്. 
കാലവര്‍ഷം തുടങ്ങുന്നതോടെ ഉത്തരേന്ത്യക്കാര്‍ക്ക് ചൂടിന്‍െറ പ്രത്യാഘാതത്തില്‍നിന്ന് രക്ഷപ്പെടാനാകും. എന്നാല്‍, മലയാളിയുടെ ദുരിതം അപ്പോഴും തീരില്ളെന്നാണ് വ്യാപാരി സമൂഹം മുന്നറിയിപ്പ് നല്‍കുന്നത്. വരള്‍ച്ച മലയാളിയുടെ പോക്കറ്റിനെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ വരള്‍ച്ചമൂലമുള്ള കൃഷിപ്പിഴ കാരണം വരുംമാസങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ആശങ്ക. 
കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ വരള്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിപ്പിന്‍െറ വില കിലോക്ക് 200 രൂപക്കടുത്ത്വരെ എത്തിയത് ഉദാഹരണം. വരള്‍ച്ച മഹാരാഷ്ട്രയില്‍ കരിമ്പ് പാടങ്ങളെ രൂക്ഷമായി ബാധിച്ചിട്ടുണ്ട് എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ട്. 
സംസ്ഥാനത്തെ 2300ലധികം ജലസംഭരണികളില്‍ ഇനി ശേഷിക്കുന്നത് 23 ശതമാനം വെള്ളം മാത്രമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതില്‍നിന്ന് കാര്‍ഷികാവശ്യത്തിന് വെള്ളം നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, ചില ജില്ലകളില്‍ ടാങ്കറുകള്‍ക്ക് പൊലീസ് സംരക്ഷണവും കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍ക്ക് ചുറ്റും നിരോധാജ്ഞയും ഏര്‍പ്പെടുത്തേണ്ട അവസ്ഥയും വന്നുചേര്‍ന്നിരിക്കുകയാണ്. 
സ്ഥിതി അതീവ ഗുരുതരമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
കാര്‍ഷികാവശ്യങ്ങള്‍ക്ക് ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നതിനുള്ള സാധ്യതകളും മങ്ങുകയാണ്. ഭൂഗര്‍ഭജലം ക്രമാതീതമായി ചൂഷണം ചെയ്യുന്നതോടെ ഭൂമി വറ്റി വരളുകയാണ്. കരിമ്പുപാടങ്ങളില്‍ കുഴല്‍കിണറുകള്‍ കുഴിച്ചുകുഴിച്ച് ഒരുകിലോമീറ്റര്‍ ആഴത്തില്‍ വരെ എത്തിയിരിക്കുകയാണെന്നും ഇത് അടിയന്തരമായി തടഞ്ഞില്ളെങ്കില്‍ വരും വര്‍ഷങ്ങള്‍ കൊടും വരള്‍ച്ചയുടേതായിരിക്കുമെന്നും മാഗ്സസെ അവാര്‍ഡ് ജേതാവുകൂടിയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേന്ദ്രസിങ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. 
ഇവിടുത്തെ വരള്‍ച്ച പഴം, പയര്‍ വര്‍ഗങ്ങള്‍, ഭക്ഷ്യധാന്യം തുടങ്ങിയവയുടെ വിളവുകളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. അതിനാല്‍, വരാനിരിക്കുന്ന മാസങ്ങളില്‍ വിലക്കയറ്റമാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 
വിലക്കയറ്റം മാത്രമല്ല, രാജ്യത്തിന്‍െറ മൊത്തം സാമ്പത്തിക വളര്‍ച്ചയെയും ഇത് ബാധിക്കും. രാജ്യത്തെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്‍െറ (ജി.ഡി.പി) 19 ശതമാനവും കൃഷി, അനുബന്ധ മേഖലകളില്‍ നിന്നാണ്. രാജ്യത്തെ കയറ്റുമതിയുടെ 11 ശതമാനമാണ് കാര്‍ഷിക മേഖലയുടെ സംഭാവന. രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പാദനത്തിന്‍െറ പകുതിയോളം വരുന്ന ഖരീഫ് വിളകള്‍ കാലവര്‍ഷത്തെയാണ് ആശ്രയിക്കുന്നതും. 
 അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരു, കരിമ്പ്, പരുത്തി തുടങ്ങിയവയുടെ വിളവിനെയെല്ലാം വരള്‍ച്ച ബാധിച്ചിട്ടുണ്ട്. വരള്‍ച്ച കാരണമുള്ള വൈദ്യുതിക്ഷാമം വ്യവസായത്തെയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കാലവര്‍ഷം തുടങ്ങിയാലും ഇപ്പോഴത്തെ വരള്‍ച്ചയുടെ ദുരിതം തീരില്ളെന്ന് ചുരുക്കം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.