ന്യൂഡൽഹി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു ഇനത്തിൽ 9450 കോടി രൂപ നൽകണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തിനെതിരായ വോഡഫോൺ ഐഡിയയുടെ ഹർജി സുപ്രീംകോടതി മാറ്റിവെച്ചു. സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഒക്ടോബർ ആറിനാണ് ഹർജി ഇനി പരിഗണിക്കുക. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു ആവശ്യം തള്ളണമെന്നാണ് ഹർജിയിൽ വോഡഫോൺ ആവശ്യപ്പെടുന്നത്.
അതിനിടെ, ഹർജി മാറ്റിവെച്ച വോഡഫോൺ ഐഡിയ ഓഹരി കൂപ്പുകുത്തി. ആറ് ശതമാനത്തിലേറെയാണ് ഓഹരി വില ഇടിഞ്ഞത്. കടത്തിൽ മുങ്ങിയ വോഡഫോൺ ഐഡിയയെ കേന്ദ്ര സർക്കാരാണ് പുറത്തുനിന്ന് സഹായിക്കുന്നത്. നിലവിൽ 8800 കോടി രൂപയാണ് കമ്പനിയുടെ ബാധ്യത. 4 ജിയും 5 ജിയും നടത്തിക്കൊണ്ടുപോകാൻ കമ്പനിക്ക് നല്ല നിക്ഷേപം ആവശ്യമുണ്ട്.
ആദിത്യ ബിർള ഗ്രൂപ്പും യു.കെയിലെ വോഡഫോൺ ഗ്രൂപ്പും ചേർന്ന് നടത്തുന്ന വോഡഫോൺ ഐഡിയക്ക് പുതിയ നിക്ഷേപകരെ കണ്ടെത്താൻ സുപ്രീംകോടതിയുടെ അനുകൂല വിധി അനിവാര്യമാണ്. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ ഇനത്തിൽ കമ്പനിക്ക് 16,000 കോടിയാണ് വേണ്ടത്. സ്പെക്ട്രത്തിനായി 2026 ൽ 2600 കോടി കൂടി ആവശ്യമായി വരും. 25,000 കോടി പുറത്തു നിന്ന് കണ്ടെത്താൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ എ.ജി.ആറിൽ വ്യക്തത ഇല്ലാത്തതിനാൽ ആരും വരാൻ തയ്യാറായില്ല.
നിലവിൽ 1,61,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് കമ്പനിക്കുള്ളത്. പകുതി സ്വന്തവും പകുതി ഒട്ട്സോഴ്സ് ചെയ്തതുമാണ്. ഇതിന് 2023 ൽ വിലയിട്ടത് 10,000 മുതൽ 11,500 വരെയാണ്. കമ്പനിയുടെ എല്ലാ സമ്പത്തും ഇപ്പോൾ ബാങ്ക് പണയത്തിലാണ്. മൊത്തത്തിൽ രണ്ടു ലക്ഷം കോടി കടത്തിലാണ് കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.