ചരിത്രത്തിലാദ്യം; കേന്ദ്ര ബജറ്റ് അവതരണം ഞായറാഴ്ച

ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര ബജറ്റ് അവതരണം പതിവുപോലെ ഫെബ്രുവരി ഒന്നിന് തന്നെ നടക്കുമെന്ന് റിപ്പോർട്ടുകൾ. 2026 ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായതിനാൽ ബജറ്റ് തീയതിയിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ നേരത്തെ ചില സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ അവധി ദിനമാണെങ്കിലും ബജറ്റ് അവതരണത്തിന് മാറ്റമുണ്ടാകില്ലെന്നും ഫെബ്രുവരി ഒന്നിന് തന്നെ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ജനുവരി ഏഴിന് പുറത്തിറക്കിയ ഈ മുന്‍കൂര്‍ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ബജറ്റ് തയാറാക്കുന്നത്. ഇതിനോടകംതന്നെ ബജറ്റ് തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.

രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ജനുവരി 28ന് ബജറ്റ് സമ്മേളനം ആരംഭിച്ചേക്കും. 29ന് സാമ്പത്തിക സർവേ അവതരിപ്പിക്കും. 30, 31 തീയതികളിൽ സമ്മേളനമുണ്ടായേക്കില്ല. കഴിഞ്ഞ തവണത്തേത് പോലെ രണ്ട് ഘട്ടമായിട്ടായിരിക്കും ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും, രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കുമെന്നാണ് വിവരം.

ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് ഇത് ആദ്യമാണ്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിര്‍മല സീതാരാമന്‍ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുണ്‍ ജെയ്റ്റ്ലി 2015, 2016 വര്‍ഷങ്ങളിലെ ബജറ്റുകള്‍ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിർദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ല്‍ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.

ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റാണിത്. ഇതോടെ തുടര്‍ച്ചയായി ഒമ്പത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ധനമന്ത്രി എന്ന റെക്കോര്‍ഡ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കും. 2019ലാണ് ഇന്ത്യയുടെ ആദ്യത്തെ പൂര്‍ണസമയ വനിതാ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ നിയമിതയായത്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പത്ത് ബജറ്റുകളും മുന്‍ ധനമന്ത്രിമാരായ പി. ചിദംബരം ഒമ്പത് ബജറ്റുകളും പ്രണബ് മുഖര്‍ജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തുടര്‍ച്ചയായിട്ട് ആയിരുന്നില്ല. 

Tags:    
News Summary - Union Budget presentation on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.