വാഷിങ്ടൺ: ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ ചരിത്രം കുറിച്ചപ്പോൾ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും ലോകം കീഴടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സി.ഇ.ഒയായ ജെൻസൺ ഹുവാങ്. റസ്റ്ററന്റിൽ പാത്രം കഴുകിയ തൊഴിലാളിയിൽനിന്ന് ഐ.ടി സാമ്രാജ്യത്തിന്റെ അധിപനായി വളർന്ന കുടിയേറ്റക്കാരനാണ് ഈ 62കാരൻ.
ലോകത്ത് അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള ആദ്യത്തെ കമ്പനിയായി കഴിഞ്ഞ ദിവസം എൻവിഡിയ മാറിയപ്പോൾ ഏറ്റവും ശ്രദ്ധനേടിയതും ജെൻസൺ ഹുവാങ്ങിന്റെ പ്രചോദനം നൽകുന്ന ജീവിത കഥയാണ്. ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വൻ ഐ.ടി ഭീമന്മാരെ കടത്തിവെട്ടിയാണ് എൻവിഡിയ നേട്ടം കൈവരിച്ചത്. ഡോണൾഡും ട്രംപും ഷീ ജിങ്പിങ്ങും അടക്കമുള്ള ലോക നേതാക്കളുടെ പോലും ചൂടേറിയ ചർച്ചയാണ് ലോകത്തിന്റെ തലവര നിർണയിക്കുന്ന ഹുവാങ്ങിന്റെ എ.ഐ ചിപ്പുകൾ.
തായ്‍വാനിൽ 1963ലാണ് ഹുവാങ് ജനിച്ചത്. കുട്ടിക്കാലം തായ്‍ലൻഡിൽ ചെലവഴിച്ച ശേഷം ഒമ്പതാമത്തെ വയസ്സിലാണ് യു.എസിലേക്ക് കുടിയേറുന്നത്. തുടർന്ന്, അമ്മാവനായ തകോമയോടൊപ്പം വാഷിങ്ടണിലായിരുന്നു ജീവിതം. സ്കൂൾ പഠന ശേഷം ഹുവാങ് ആദ്യത്തെ തൊഴിൽ കണ്ടെത്തി. അമേരിക്കയിലെ ജനപ്രിയ റസ്റ്ററന്റായ ഡെന്നിസിൽ പാത്രം കഴുകലും വെയിറ്ററുമായായിരുന്നു ജോലി. ഇപ്പോഴും തന്റെ ലിങ്ക്‍ലിൻ പ്രൊഫൈലിൽ അദ്ദേഹം അഭിമാനത്തോടെ അന്നത്തെ ആ ജോലിയെ കുറിച്ച് പറയുന്നുണ്ട്.
പിന്നീട് ഉപരിപഠനാർഥം ഹുവാങ് ഒറിഗോൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലേക്കും സ്റ്റാൻഫോർഡിലേക്കും പോയി. സ്റ്റാൻഫോർഡിൽനിന്നാണ് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടുന്നത്. പഠന ശേഷം 1993ൽ ക്രിസ് മലചോസ്കി, കർടിസ് പ്രീം തുടങ്ങിയർക്കൊപ്പം ചേർന്ന് എൻവിഡിയ സ്ഥാപിച്ചു. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ പ്രാരംഭ ദശയിലാണ് അവർ എൻവിഡിയക്ക് ജന്മം നൽകുന്നത്. ഗെയിമിങ്ങിനായി ഗ്രാഫിക്‌സ് ചിപ്പുകൾ നിർമിക്കുന്ന സ്റ്റാർട്ട് അപിൽനിന്ന് കൃത്രിമബുദ്ധി വിപ്ലവത്തിന് നേതൃത്വം നൽകിയ ആഗോള ഐ.ടി ഭീമനായി എൻവിഡിയ വളരുന്നതാണ് പിന്നീട് ലോകം കണ്ടത്.
ആധുനിക നിർമിത ബുദ്ധിയുടെ നട്ടെല്ലെന്ന് കരുതുന്ന ഗ്രാഫിക്സ് പ്രൊസസിങ് യൂനിറ്റിന് (ജി.പി.യു) വികസിപ്പിച്ചത് എൻവിഡിയയാണ്. ഗെയിമുകൾക്ക് ചിത്രങ്ങളും ഗ്രാഫിക്സും നൽകാൻ വേണ്ടി മാത്രം രൂപകൽപന ചെയ്ത ജി.പി.യു ഒരേ സമയം ദശലക്ഷക്കണക്കി ടാസ്കുകൾ ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യയായി പുനരാവിഷ്‍കരിച്ചു. ഇന്ന് ഡ്രൈവറില്ലാതെ ഓടുന്ന കാറുകൾക്കും ഡാറ്റ സെന്ററുകൾക്കും ആമസോണും മെറ്റയും അടക്കം ഉപയോഗിക്കുന്ന എ.ഐ മോഡലുകൾക്കും ഊർജം നൽകുന്നത് എൻവിഡിയയുടെ ചിപ്പുകളാണ്.
2007ൽ യു.എസിൽ ഏറ്റവും ശമ്പളം പറ്റുന്ന സി.ഇ.ഒയായി ഹുവാങ്ങിനെ ഫോർബ്സ് തിരഞ്ഞെടുത്തിരുന്നു. 18 വർഷങ്ങൾക്ക് ശേഷം ലോകത്ത് എ.ഐ വിപ്ലവം കാട്ടുതീ പോലെ പടർന്നതോടെ എൻവിഡിയ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. ഡെന്നിസിൽ ആദ്യമായി പാത്രം കഴുകാൻ തുടങ്ങിയപ്പോൾ ഒരുപക്ഷെ, ഹുവാങ് ഒരിക്കൽ പോലും കരുതിയിട്ടുണ്ടാവില്ല ജീവിതം ഇങ്ങനെ മാറിമറിയുമെന്ന്. ഫോർബ്‌സിന്റെ റിയൽ-ടൈം ബില്യനേഴ്‌സ് സൂചിക പ്രകാരം, ജെൻസെൻ ഹുവാങ്ങിന്റെ ആസ്തി 179.6 ബില്യൺ ഡോളർ അതായത് 15 ലക്ഷം കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.