കോടതി മുറിയിൽ ഏറ്റുമുട്ടി ഇന്ത്യൻ ‘ടെസ്‍ല’യും യു.എസ് ടെസ്‍ലയും; ഒടുവിൽ ഉത്തരവ്

ന്യൂഡൽഹി: ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‍ലക്ക് മുന്നിൽ കീഴടങ്ങി ഇന്ത്യൻ ടെസ്‍ല. വ്യാപാരമുദ്ര ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മസ്കിന്റെ ടെസ്‍ലക്ക് അനുകൂലമായി ഡൽഹി ഹൈകോടി ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുഗ്രാം ആസ്ഥാനമായ ടെസ്‍ല പവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് മസ്കിന്റെ ടെസ്‍ലയുമായി ഏറ്റുമുട്ടിയത്. എന്നാൽ, കേസിൽ അന്തിമവിധി വരുന്നത് വരെ യു.എസിലെ ടെസ്‍ല ഐ.എൻ.സി റജിസ്റ്റർ ചെയ്ത വ്യാപാര മുദ്രകളും അടയാളങ്ങളും ലോഗോയും ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽനിന്ന് ടെസ്‍ല പവർ ഇന്ത്യയെ വിലക്കുകയായിരുന്നു.

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ, ഓട്ടോമോട്ടിവ് യു.പി.എസ് സിസ്റ്റം, ഇൻവെർട്ടറുകൾ, ലെഡ് ആസിഡ് ബാറ്ററികൾ, ലിഥിയം അയേൺ ബാറ്ററി തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ടെസ്‍ല പവർ ഇന്ത്യ. എന്നാൽ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇന്റർനെറ്റിലും ​സേവനങ്ങളും പരസ്യങ്ങളും നൽകാൻ ടെസ്‍ല ഐ.എൻ.സിയുടെ വ്യാപാര മുദ്ര ഉപയോഗിക്കാൻ പാടില്ലെന്നാണ് ജസ്റ്റിസ് തേജസ് കറിയയുടെ വിധി.

കഴിഞ്ഞ വർഷം മേയിലാണ് സമാനമായ ​പേര് ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക​യാണെന്ന് ആരോപിച്ച് ടെസ്‍ല പവർ ഇന്ത്യക്കെതിരെ ഇലോൺ മസ്കിന്റെ കമ്പനി കോടതി കയറിയത്. മധ്യസ്ഥശ്രമം പരാജയപ്പെട്ടതിന് പിന്നാലെ, ടെസ്‍ല ഐ.എൻ.സിയുടെ വ്യാപാരമുദ്ര ഉപയോഗിക്കാൻ പദ്ധതിയില്ലെന്ന് ടെസ്‍ല പവർ ഇന്ത്യ സി.ഇ.ഒ കവിന്ദർ ഖുറാന വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വിപണിയിലെ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നായിരുന്നു ടെസ്‍ല ഐ.എൻ.സിയുടെ വാദം. തങ്ങളുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഉപഭോക്താക്കൾ ടെസ്‍ല പവർ ഇന്ത്യയുടെ ബാറ്ററികളും ഇൻവെർട്ടറുകളും വാങ്ങുന്നതെന്നും അവർ പറഞ്ഞു.

മറ്റൊരു കമ്പനിയായ അശ്വ ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രചാരണത്തിനു തയാറാക്കിയ പരസ്യത്തിലാണ് പേര് ഉപയോഗിച്ചതെന്ന് ടെസ്‍ല പവർ ഇന്ത്യ അറിയിച്ചു. ടെസ്‍ല പേരു​ള്ള 699 ഇലക്ട്രിക് സ്കൂട്ടറുകൾ ഇതിനകം വിൽപന നടത്തി. മാത്രമല്ല, ബാറ്ററികളും ഇൻവെർട്ടറുകളും യു.പി.എസ് സിസ്റ്റവും പുറത്തിറക്കുന്ന കമ്പനിക്ക് ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ പദ്ധതിയില്ലെന്നും അവർ വിശദീകരിച്ചിരുന്നു. എന്നാൽ, ടെസ്‍ല പേരും വ്യാപാരമുദ്രയും ഉപയോഗിച്ച് ഇലക്ട്രിക് വാഹന വിൽപന നടത്തുന്നത് അവസാനിപ്പിക്കാൻ ​കോടതി നിർദേശം നൽകുകയായിരുന്നു. 

Tags:    
News Summary - Tesla vs Tesla: Delhi HC grants protection to Musk’s company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.