ബൈജൂസിൽനിന്ന് പിരിച്ചുവിടുന്ന തൊഴിലാളികൾക്കായി പ്രാർഥിക്കുന്നു, സംരംഭകർ രാഹുൽ ദ്രാവിഡ് സ്റ്റൈൽ ചിന്തിക്കണം -സുനിൽ ഷെട്ടി

മുംബൈ: മലയാളി ടെക് സംരംഭകനായ ബൈജു രവീന്ദ്രന്റെ 'ബൈജൂസ്' ആപ്പിൽനിന്ന് പിരിച്ചുവിടുന്ന 2,500 തൊഴിലാളികൾക്കായി പ്രാർഥിക്കുന്നുവെന്ന് ബോളിവുഡ് നടനും വ്യവസായിയുമായ സുനിൽ ഷെട്ടി. കമ്പനി എടുത്ത തീരുമാനം അത്ര എളുപ്പമുള്ളല്ലെന്ന് അദ്ദേഹം ലിങ്ക്ഡ് ഇന്നിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. സംരംഭകർ രാഹുൽദ്രാവിഡിനെ പോലെ ക്ഷമയോടെ സ്ഥിരത അവലംബിക്കുന്ന രീതിയെ കുറിച്ച് ആലോചിക്കണമെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു.

"ഒരു കമ്പനി അതിന്റെ 2500 ജീവനക്കാരെ പിരിച്ചുവിടുന്നു​വെന്ന വാർത്ത ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ആ തീരുമാനം അതിന്റെ നാലിരട്ടി, അതായത് 10,000 ജീവിതങ്ങളെ ബാധിച്ചിട്ടുണ്ടാകും. ഇത് എളുപ്പമുള്ള തീരുമാനമല്ല എന്ന് ഞാൻ കരുതുന്നു. അവർ ആഘാതത്തിൽനിന്ന് മുക്തമായി എത്രയും വേഗം സ്വന്തം കാലിൽ തിരിച്ചെത്താൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു" -ബൈജൂസിന്റെ പേര് പറയാതെ സുനിൽ ഷെട്ടി എഴുതി.

ഇന്ത്യയിൽ ഇപ്പോഴും ബിസിനസ് സാധ്യത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'നേരത്തെ ഉണ്ടായിരുന്നത്ര വേഗത ഇല്ലെങ്കിലും രാജ്യത്തെ ജനസംഖ്യയും അവരുടെ അഭിലാഷങ്ങളും നല്ല ബിസിനസുകൾക്ക് വളർച്ചക്കുള്ള വലിയ അവസരമാണ് നൽകുന്നത്. ഏറെക്കാലം മുൻകൂട്ടി കണ്ട് ചിന്തിക്കുക, സ്പ്രിന്റും മാരത്തണും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ആലാചിക്കുക, രാഹുൽ ദ്രാവിഡിനെ പോലെ ചിന്തിക്കുക. മന്ദഗതിയിലാണെങ്കിലും സ്ഥിരതയുള്ള വളർച്ചയാണ് ഏറെ മികച്ചത്. ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഇത് നല്ല സമയമാണ്. അതിജീവന ചിന്താഗതിയിലേക്ക് മാറുക, ഉപഭോക്താക്കൾക്ക് മുൻഗണന നൽകുക തുടങ്ങിയവ പ്രവർത്തന തത്വങ്ങളായി സ്വീകരിക്കണം' - നടൻ അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് 2,500 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. പ്രതിദിനം 12.5 കോടിയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായിരുന്നു. 2,704 കോടിയിൽ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു.

2020-21 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാകാത്തത് കനത്ത തിരിച്ചടിയാണ് ബൈജൂസിന് നൽകുന്നത്. കോവിഡ് മൂലം ഇക്കാലത്ത് സ്കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. എല്ലാവരും ഓൺലൈൻ പഠനത്തിലേക്ക് തിരിയുന്ന കാലഘട്ടത്തിലും നേട്ടമുണ്ടാക്കാനാകാത്തതാണ് ബൈജൂസിന് തിരിച്ചടിയാവുന്നത്.

അതേസമയം ഓഡിറ്ററായ ഡിലോയിറ്റുമായുള്ള തർക്കത്തെ തുടർന്ന് വൈകിയാണ് ബൈജൂസിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത് വന്നത്. ബൈജൂസ് ലാഭം കണക്കാക്കുന്നതിൽ ചില പ്രശ്നങ്ങൾ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചുവെന്നാണ് റിപ്പോർട്ട്. ഇതാണ് കോർപറേറ്റ് മന്ത്രാലയത്തിൽ സാമ്പത്തിക റിപ്പോർട്ടിന്റെ സമർപ്പണം വൈകുന്നതിലേക്ക് നയിച്ചത്. എന്നാൽ, 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടിയായെന്ന് ബൈജൂസ് പറയുന്നുണ്ട്. ആ വർഷത്തിലെ ലാഭമോ നഷ്ടമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Suniel Shetty on Byju's firing 2,500 employees: 'Like to think it wasn't an easy decision'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.