കൊച്ചി: സ്വർണത്തിനൊപ്പം വെള്ളി വിലയും കുതിച്ചുയരുന്നു. ചരിത്രത്തിലാദ്യമായി തിങ്കളാഴ്ച ഒരുകിലോ വെള്ളിക്ക് ഒന്നരലക്ഷം രൂപയിലെത്തിയിരുന്നു. ഗ്രാമിന് 150 രൂപയാണ്. ഈ വർഷം ജനുവരി ഒന്നിന് ഗ്രാമിന് 93 രൂപയായിരുന്ന വിലയാണ് ഒമ്പതുമാസംകൊണ്ട് 150 രൂപയിലെത്തിയത്.
ഉത്സവകാലത്ത് ആവശ്യക്കാർ വർധിക്കുന്നതും വെള്ളിക്ക് നേട്ടമാകുന്നു. ദീപാവലി സീസണിൽ ഒരുകിലോ വെള്ളിയുടെ വില 1.70 ലക്ഷം വരെ എത്തുമെന്നാണ് വിലയിരുത്തൽ.
കൊച്ചി: റെക്കോഡുകൾ ഭേദിച്ച് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. തിങ്കളാഴ്ച രണ്ട് തവണയായി ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വർധിച്ചതോടെ പവൻ വില ചരിത്രത്തിൽ ആദ്യമായി 85,000 രൂപ കടന്നു. ഗ്രാമിന് 10,715 രൂപയും പവന് 85,720 രൂപയുമാണ് പുതിയ വില. വൈകാതെ പവന് 86,000 കടക്കുമെന്നാണ് സൂചന.
ഞായറാഴ്ച ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചിരുന്നു. ഞായറാഴ്ചത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച രാവിലെ ഗ്രാമിന് 85 രൂപ വർധിച്ച് 10,670 രൂപയും പവന് 680 രൂപ വർധിച്ച് 85,360 രൂപയുമായി. ഉച്ചക്ക് ശേഷം യഥാക്രമം 45 രൂപ വർധിച്ച് 10,715 രൂപയിലും 360 രൂപ വർധിച്ച് 85,720 രൂപയിലും എത്തി. പവൻ വില 86,000ൽ എത്താൻ ഇനി 280 രൂപയുടെ അകലം മാത്രം. സെപ്റ്റംബറിൽ മാത്രം ഗ്രാമിന് 1095 രൂപയും പവന് 8760 രൂപയുമാണ് വർധിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചതോടെ ആഗോള നിക്ഷേപകർ വൻതോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയതാണ് വില കുതിച്ചുയരാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.