എം.എസ്.സി എൽസി 3 കപ്പൽ
തിരുവനന്തപുരം: കേരള തീരത്തെ ചരക്കുനീക്കത്തിൽ സുപരിചിതമായി ‘എം.എസ്.സി’ എന്ന മൂന്നക്ഷരം മാറുന്നതിനിടയിലുണ്ടായ അപകടം കണ്ടെയ്നർ കപ്പൽ സർവിസ് രംഗത്തെ ആഗോള ഭീമന് നൽകിയത് വലിയ തിരിച്ചടി. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾ സ്വന്തമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൊച്ചിയിലെ അപകടം സാമ്പത്തികമായി വലിയ നഷ്ടമല്ലെങ്കിലും ഇന്ത്യൻ തീരത്തെ ചരക്കുനീക്കത്തിൽ നിലവിൽ വലിയ പങ്ക് വഹിക്കുന്ന സ്ഥാപനം നിരവധി ചോദ്യങ്ങൾ നേരിടുന്നു.
വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങുകയും കൂടുതൽ കപ്പലുകൾ കേരളതീരത്ത് കൂടി കടന്നുപോകാൻ വഴിയൊരുങ്ങുകയും ചെയ്തിരിക്കെ, ചരക്കുകപ്പലുകൾ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. വിഴിഞ്ഞം പോലുള്ള തുറമുഖങ്ങളിൽ മദർഷിപ്പുകളിലെത്തിക്കുന്ന കണ്ടെയ്നറുകൾ മറ്റ് തുറമുഖങ്ങളിലേക്കെത്തിക്കുന്ന എം.എസ്.സിയുടെ ഫീഡർ കപ്പലാണ് കൊച്ചി പുറംകടലിൽ മുങ്ങിത്താണത്.
155 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ജനീവ ആസ്ഥാനമായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് 860 കപ്പലുകളുണ്ട്. കേരളത്തിന് പരിചിതമല്ലാത്ത വലിയ ആഘാതമാണ് കപ്പൽ അപകടത്തിൽപെട്ടതോടെ ഉണ്ടായത്. സമുദ്രമാർഗമുള്ള ചരക്കുകടത്തിൽ ഇത്തരം അപകടങ്ങളുണ്ടാകാറുണ്ടെന്ന് പറയുമ്പോഴും കേരളം പോലെ കടലും അതിലെ സുരക്ഷയും അതിപ്രധാനമായ സംസ്ഥാനത്ത് അപകടങ്ങൾ ഒഴിവാക്കൽ പ്രധാനമാണ്. കേരള തീരത്തുണ്ടായ അപകടം ഗൗരവമായി കാണുന്നെന്നാണ് എം.എസ്.സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ പ്രതികരണം. അപകട പശ്ചാത്തലത്തിൽ കമ്പനി പ്രതിനിധികൾ കേരളത്തിലെ തീരമേഖല സന്ദർശിക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ എത്തിയ കപ്പലുകളിലധികവും എം.എസ്.സിയുടേതാണ്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ‘ജേഡ്’ സർവിസിൽ വിഴിഞ്ഞത്തേയും കമ്പനി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ലോകത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഈ ചരക്ക് സർവിസിൽ വലിയ കപ്പലുകൾക്ക് ബെർത്ത് ചെയ്യാൻ കഴിയുന്നതും ഉയർന്ന തോതിൽ കണ്ടെയ്നറുകൾ കൈമാറ്റം ചെയ്യാൻ കഴിയുന്നതുമായ തുറമുഖങ്ങളെയാണ് എം.എസ്.സി ഉൾപ്പെടുത്തിയത്. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കോൺക്ലേവിൽ കമ്പനി മേധാവികളായ മിഷേലെ അവേസയും ഗെയ്താനോ എസ്പൊസിതോയും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.