മുംബൈ: രാജ്യത്തെ ഓഹരി വിപണിക്ക് പുറത്തുള്ള കമ്പനികളെയും നിയന്ത്രിക്കാൻ ഒരുങ്ങി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സ്റ്റോക്ക് മാർക്കറ്റിൽ വ്യാപാരം നടത്താത്ത കമ്പനികളുടെ ഓഹരി വിൽപനക്കാണ് സെബി മൂക്കുകയറിടാൻ ആലോചിക്കുന്നത്. അൺലിസ്റ്റഡ് ഓഹരികളുടെ വിൽപന സെബിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കോർപറേറ്റ് മന്ത്രാലയവുമായി ചർച്ചയിലാണെന്ന് ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. ഇൻവെസ്റ്റ്മെന്റ് ബാങ്കുകളുടെ അസോസിയേഷന്റെ വാർഷിക സമ്മേളന പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു പാണ്ഡെ.
അൺലിസ്റ്റഡ്‍ വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്ന കമ്പനി സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുമ്പോൾ പ്രശ്നമുണ്ടെന്ന് പാണ്ഡെ പറഞ്ഞു. അൺലിസ്റ്റഡ് വിപണിയിലെ ഓഹരി വിലയും പ്രഥമ ഓഹരി വിൽപനയിൽ വാഗ്ദാനം ചെയ്യുന്ന വിലയും തമ്മിൽ പൊരുത്തക്കേടുണ്ടാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഹരി വിപണിയിലെ നിയമങ്ങൾ പൂർണമായും അൺലിസ്റ്റഡ് വിപണിയിൽ നടപ്പാക്കാൻ കഴിയില്ലെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുകയോ പൊതു ഓഹരി വിപണിയിൽ വ്യാപാരം നടത്തുകയോ ചെയ്യാത്ത കമ്പനികളുടെ ഓഹരികളാണ് അൺലിസ്റ്റഡ് വിപണിയിലുള്ളത്. സ്വകാര്യ ഓഹരി ഇടപാടുകളിലൂടെയാണ് അൺലിസ്റ്റഡ് വിപണിയിൽനിന്ന് നിക്ഷേപകർ ലാഭം നേടുന്നത്. നിലവിലുള്ള ഓഹരി ഉടമകളോ കമ്പനിയുടെ ജീവനക്കാരോ വിൽക്കുന്ന ഓഹരികളാണ് നിക്ഷേപകർ വാങ്ങിക്കൂട്ടുക.
ഓഹരി വിപണിയിൽനിന്ന് വ്യത്യസ്തമായി, വരുമാനവും ലാഭവും അടക്കം എല്ലാ വിവരങ്ങളും പുറത്തുവിടേണ്ട നിയമപരമായ ബാധ്യത അൺലിസ്റ്റഡ് കമ്പനികൾക്കില്ല. നിലവിൽ അൺലിസ്റ്റഡ് വിപണിയിലെ കമ്പനികളെ കോർപറേറ്റ് മന്ത്രാലയമാണ് നിയന്ത്രിക്കുന്നത്. അതേസമയം, ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങാൻ ഈ കമ്പനികൾ അപേക്ഷ നൽകുമ്പോൾ സെബി ഇടപെടും.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാൻ തയാറെടുക്കുന്നെന്ന വാർത്തകളുടെ ചുവടുപിടിച്ച് അൺലിസ്റ്റഡ് വിപണിയിലെ കമ്പനികളുടെ ഓഹരി ഡിമാൻഡ് വർധിക്കാറുണ്ട്. അൺലിസ്റ്റഡ് വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്ന നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരികൾ ഈയിടെ കുതിച്ചുയർന്നിരുന്നു. നിലവിൽ 2095 രൂപയാണ് എ.എസ്.ഇയുടെ ഓഹരി വില. അൺലിസ്റ്റഡ് വിപണിയിൽനിന്ന് ഓഹരികൾ വാങ്ങിയാൽ കമ്പനികൾ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുമ്പോൾ വൻ ലാഭമുണ്ടാക്കാമെന്നതാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. സെബിയുടെ നിയന്ത്രണങ്ങളില്ലാത്തതിനാൽ അൺലിസ്റ്റഡ് ഓഹരികൾ വാങ്ങാൻ എളുപ്പമാണെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.