എ.ഐ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. വലിയൊരു തൊഴിലാളി സമൂഹം തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ്. ഇതിനോടകം തൊഴിൽ നഷ്ടപ്പെട്ടവർ വേറെ. എന്നാൽ എല്ലാ തൊഴിലും സാങ്കേതികവിദ്യ കൊണ്ട് പകരം വെക്കാൻ കഴിയില്ല. സർഗാത്മകത, വ്യക്തിപരമായ ഇടപെടൽ, കൈതൊഴിലുകൾ, വിശ്വാസം എന്നിവയെ ആശ്രയിക്കുന്ന ബിസിനസുകൾക്ക് എ.ഐക്കാൾ പ്രസക്തിയുണ്ട്. ദീർഘകാല സാധ്യതയുള്ളതും കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാവുന്നതുമായ ഏഴ് ബിസിനസ് ആശയങ്ങൾ താഴെ നൽകുന്നു:
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം: ജോലിത്തിരക്കുകൾ കാരണം വീടിന് പുറത്ത് താമസിക്കുന്നവർക്കും ഓഫിസിൽ പോകുന്നവർക്കും ആരോഗ്യകരമായ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനുള്ള ആവശ്യം വർധിച്ചുവരികയാണ്. നിങ്ങൾക്ക് പാചകം ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ, ഒരു ചെറിയ ടിഫിൻ സർവീസ് തുടങ്ങാവുന്നതാണ്. വിദ്യാർഥികൾ, ഓഫിസ് ജീവനക്കാർ, മുതിർന്ന പൗരന്മാർ എന്നിവരെ കേന്ദ്രീകരിച്ച് നിങ്ങൾക്ക് ഇത് ആരംഭിക്കാം.
ടൈലറിങ് ബിസിനസ്: തയ്യൽ അല്ലെങ്കിൽ ഫാഷൻ ഡിസൈനിങിൽ വൈദഗ്ദ്യമുണ്ടെങ്കിൽ, അത് ഒരു ലാഭകരമായ ബിസിനസാക്കി മാറ്റാം. വസ്ത്രങ്ങൾ തയ്ച്ചു നൽകുന്നതിനു മുതൽ പ്രത്യേക ഡിസൈനുകൾ തയ്യാറാക്കുന്നതിന് വരെ വലിയ ഡിമാൻഡാണുള്ളത്. ഉപഭോക്താക്കളുടെ എണ്ണം കൂടുമ്പോൾ, സമൂഹ മാധ്യമങ്ങളിലൂടെയോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയോ നിങ്ങളുടെ സൃഷ്ടികൾ ഓൺലൈനായി വിൽക്കാനും സാധിക്കും.
ബ്യൂട്ടി സലൂൺ അല്ലെങ്കിൽ ഹോം പാർലർ: സൗന്ദര്യ സംരക്ഷണത്തിനും ഗ്രൂമിങ് സേവനങ്ങൾക്കും വ്യക്തിപരമായ സ്പർശം ആവശ്യമാണ്. അതിനാൽ ഇത് ഓട്ടോമേറ്റ് ചെയ്യാൻ പ്രയാസമാണ്. ബ്യൂട്ടിഷ്യൻ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം വീട്ടിലിരുന്നോ അല്ലെങ്കിൽ ഉപഭോക്താക്കളുടെ വീടുകളിൽ ചെന്നോ സേവനം നൽകാം. വിശേഷ ദിവസങ്ങളിലും വിവാഹ സീസണുകളിലും ഇത്തരം സേവനങ്ങൾക്ക് വൻ ഡിമാൻഡാണ്.
കൈത്തൊഴിൽ ഉൽപ്പന്നങ്ങൾ: മെഴുകുതിരികൾ, സോപ്പുകൾ, ആഭരണങ്ങൾ, വീട്ടു അലങ്കാരങ്ങൾ അല്ലെങ്കിൽ വ്യക്തിഗത സമ്മാനങ്ങൾ (personalized gifts) എന്നിവക്ക് വിശ്വസ്തരായ ഒരു വലിയ ഉപഭോക്തൃ അടിത്തറയുണ്ട്. സോഷ്യൽ മീഡിയയും ഓൺലൈൻ വിപണികളും വഴി നിങ്ങളുടെ വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ ലോകത്തെവിടെയും എത്തിക്കാൻ ഇപ്പോൾ സാധിക്കും.
ഓൺലൈൻ ട്യൂട്ടറിങ് അല്ലെങ്കിൽ സ്‌കിൽ ക്ലാസുകൾ: അക്കാദമിക് വിഷയങ്ങളിലോ, സംഗീതം, നൃത്തം, ഭാഷകൾ, ചിത്രകല എന്നിവയിലോ നിങ്ങൾക്ക് പ്രാവീണ്യമുണ്ടെങ്കിൽ, വീട്ടിലിരുന്ന് തന്നെ വിദ്യാർഥികളെ ഓൺലൈനായി പഠിപ്പിക്കാം. വെർച്വൽ ലേണിങ് വർധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളമുള്ള വിദ്യാർഥികളിലേക്ക് എത്താൻ ഈ ബിസിനസ് സഹായിക്കും.
ഫ്രീലാൻസിങ് അല്ലെങ്കിൽ കണ്ടന്‍റ് ക്രിയേഷൻ: എഴുത്തുകാർ, ഗ്രാഫിക് ഡിസൈനർമാർ, വിഡിയോ എഡിറ്റർമാർ, ഫോട്ടോഗ്രാഫർമാർ, സോഷ്യൽ മീഡിയ മാനേജർമാർ എന്നിവർക്ക് കുറഞ്ഞ നിക്ഷേപത്തിൽ മികച്ച കരിയർ കെട്ടിപ്പടുക്കാം. ചില ജോലികൾക്ക് എ.ഐ സഹായകരമാണെങ്കിലും, മനുഷ്യന്‍റെ സർഗാത്മകത, ആശയങ്ങൾ, തന്ത്രപരമായ ചിന്ത എന്നിവക്ക് ബിസിനസ് ലോകത്ത് ഇന്നും വലിയ മൂല്യമുണ്ട്.
പെറ്റ് കെയർ അല്ലെങ്കിൽ ചൈൽഡ് കെയർ സേവനങ്ങൾ: തിരക്കേറിയ ജീവിതശൈലി കാരണം കുട്ടികളെയും വളർത്തുമൃഗങ്ങളെയും പരിപാലിക്കാൻ വിശ്വസ്തരായ ആളുകളെ ആവശ്യമുണ്ട്. ബേബി സിറ്റിങ്, ഡേ-കെയർ, പെറ്റ് ബോർഡിങ് അല്ലെങ്കിൽ ഡോഗ് വാക്കിങ് തുടങ്ങിയ സേവനങ്ങൾ കരുതലിലും വിശ്വാസത്തിലുമാണ് നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.