ഖരീഫ് വിളവെത്തുന്നു: ഉള്ളി വില കുറയുമെന്ന് കേന്ദ്രം

ന്യൂഡൽഹി: റാബി  സീസണിൽ സംഭരിച്ച ഉള്ളി ശേഖരത്തിന് പുറമെ വിപണിയിലേക്ക് പുതിയ ഖരീഫ് വിളകൾ എത്തിത്തുടങ്ങുന്നതോടെ ഉള്ളിയുടെ ചില്ലറ വിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഉള്ളിയുടെ ലഭ്യതയും വിലനിലവാരവും സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കി.

കർണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ പ്രധാന ഉൽപ്പാദന സംസ്ഥാനങ്ങളിൽ നിന്ന് പുതിയ ഖരീഫ് ഉള്ളി വിപണിയിലെത്തിത്തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം സംഭരിച്ച ശേഖരത്തിൽ നിന്നുള്ള ഉള്ളിയും വിപണിയിൽ കേന്ദ്രം ലഭ്യമാക്കുന്നുണ്ട്.  2025-26 വർഷത്തിൽ ഉള്ളി ഉൽപ്പാദനം 307.37 ലക്ഷം ടൺ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് മുൻവർഷത്തെ 307.67 ലക്ഷം ടണ്ണിന് ഏതാണ്ട് തുല്യമാണ്.

ഉള്ളിയുടെ വിതരണ നില മെച്ചപ്പെട്ടതിനെ തുടർന്ന് പ്രമുഖ മാണ്ഡികളിലും ഉപഭോക്തൃ വിപണികളിലും പൊതുവായി വിലയിൽ കുറവുണ്ടായിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വരുന്ന ആഴ്ചകളിൽ ഈ ഉൽപ്പാദന മേഖലകളിൽ നിന്നുള്ള ഉള്ളിയുടെ വരവ് ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വരാനിരിക്കുന്ന ഉത്സവ സീസണിൽ വിപണിയിലെ ലഭ്യത വർധിപ്പിക്കാൻ സഹായിക്കും. വരുന്ന ആഴ്ചകളിൽ പ്രധാന ഖരീഫ് ഉള്ളി ഉൽപ്പാദന മേഖലകളിൽ കനത്ത മഴയുണ്ടാകില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇത് ഉള്ളി വിളവെടുപ്പ്, വരൾച്ച, ഗതാഗതം എന്നിവ സുഗമമാക്കാനും ഈർപ്പം മൂലമുണ്ടാകുന്ന വിളനാശ സാധ്യത കുറയ്ക്കാനും സഹായിക്കും.

ചില്ലറ വിൽപ്പന വിലയിൽ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഉള്ളിക്ക് കിലോയ്ക്ക് 1 മുതൽ 21 രൂപ വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബഫർ സ്റ്റോക്കിൽ നിന്ന് ഉള്ളി വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട്, 123 നഗരങ്ങളിലായി 8 'കാന്ദ എക്സ്പ്രസ്' ട്രെയിനുകളും 467 ട്രക്കുകളും വഴി രണ്ട് ലക്ഷത്തിലധികം ക്വിന്റൽ ഉള്ളി ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.

Tags:    
News Summary - onion price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.