മുംബൈ: ഓഹരി നിക്ഷേപകർ ഏറെ കാലമായി കാത്തിരിക്കുന്ന നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഐ.പി.ഒക്ക് ഈ മാസം സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് (സെബി) അനുമതി നൽകും. സെബി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡെറിവേറ്റിവ് വ്യാപാരം നടക്കുന്ന ലോകത്തെ ഏറ്റവും വലിയ എക്സ്ചേഞ്ചാണ് എൻ.എസ്.ഇ. ഉടൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നൽകുമെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. എൻ.ഒ.സി ലഭിച്ച ശേഷം പ്രഥമ ഓഹരി വിൽപനക്ക് എൻ.എസ്.ഇ തയാറെടുപ്പ് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒമ്പത് മാസങ്ങൾക്കകം ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങാൻ എൻ.എസ്.ഇക്ക് കഴിയുമെന്നാണ് റിപ്പോർട്ട്.
ചില ഓഹരി ബ്രോക്കർമാർക്ക് അനധികൃത സഹായം നൽകിയെന്ന് ചൂണ്ടിക്കാട്ടി 2019ൽ എൻ.എസ്.ഇക്ക് സെബി 122.04 ദശലക്ഷം ഡോളർ അതായത് 1100 കോടി രൂപ പിഴ ചുമത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ 160 ദശലക്ഷം ഡോളർ നൽകിയാണ് ഈ കേസ് തീർപ്പാക്കിയത്. ഇതേതുടർന്നാണ് ഐ.പി.ഒക്ക് അനുമതി നൽകാനുള്ള സെബിയുടെ തീരുമാനം. 2016 ഡിസംബറിലാണ് ഐ.പി.ഒക്ക് അനുമതി തേടി എൻ.എസ്.ഇ ആദ്യം സെബിയെ സമീപിച്ചത്. ആറ് ലക്ഷം കോടി രൂപയുടെ മൂല്യമുള്ള എൻ.എസ്.ഇ, 10,000 കോടി രൂപയുടെ ഐ.പി.ഒക്കുള്ള അപേക്ഷയാണ് നൽകിയിരുന്നത്. പിന്നീട് 2024ൽ വീണ്ടും അപേക്ഷ സമർപ്പിക്കുകയായിരുന്നു.
തെറ്റ് തിരുത്തലിന്റെ ഭാഗമായി മാനേജ്മെന്റ് നേതൃത്വവും ബോർഡും അഴിച്ചുപണിയുകയും ചട്ടങ്ങൾ കൂടുതൽ കടുപ്പിക്കുകയും ചെയ്ത് എൻ.എസ്.ഇ നിരവധി നടപടി സ്വീകരിച്ചതായി പാണ്ഡെ പറഞ്ഞു. ഓഹരി വിപണി നിക്ഷേപകരെ കബളിപ്പിക്കുന്ന ഉള്ളടക്കം കണ്ടെത്തുന്നതിന് സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുകയും നീക്കം ചെയ്യാൻ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകാറുമുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഒരു ലക്ഷത്തോളം ഉള്ളടക്കടക്കങ്ങളാണ് നീക്കം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.