മുംബൈ: യു.എസ് ഉപരോധം പ്രാബല്യത്തിൽ വന്നിട്ടും റഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്. എന്നാൽ, എണ്ണ ഇറക്കുമതി ചെയ്യുന്നവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൊത്തം ഇറക്കുമതിയുടെ മൂന്നിലൊന്നിൽ കൂടുതലും വാങ്ങിയത് ‘അജ്ഞാതരായ’ ഇന്ത്യക്കാരാണെന്ന് നാവിക വ്യാപാര മേഖലയുടെ വിവരങ്ങൾ ശേഖരിക്കുന്ന കെപ്ലർ അറിയിച്ചു.
റോസ്നെഫ്റ്റിനും ലുകോയിലിനുമെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധം പ്രാബത്തിൽ വന്ന് രണ്ട് ആഴ്ചകൾക്ക് ശേഷവും റഷ്യയുടെ എണ്ണ ഇറക്കുമതി കുറഞ്ഞതല്ലാതെ പൂർണമായും അവസാനിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ശരാശരി ഇറക്കുമതിയായ 1.75 ദിനംപ്രതി ദശലക്ഷം ബാരൽ (എം.ബി.ഡി) എന്നത് ഡിസംബറിലെ ആദ്യ രണ്ടാഴ്ചക്കുള്ളിൽ 1.5 എം.ബി.ഡിയായി കുറഞ്ഞു. എന്നാൽ, അധികം വൈകാതെ ഇറക്കുമതി 1.6 എം.ബി.ഡിയായി ഉയരുമെന്നാണ് സൂചന.
കെപ്ലർ ഡാറ്റ പ്രകാരം നവംബർ മുതലാണ് ഇന്ത്യയിലെ ’അജ്ഞാതർ’ റഷ്യൻ എണ്ണ വാങ്ങാൻ തുടങ്ങിയത്. ഡിസംബറിൽ ഇറക്കുമതി മൂന്നിലൊന്നിൽ അധികമായി വർധിച്ചു. എങ്കിലും വാങ്ങുന്നവരുടെ വിവരങ്ങൾ ദുരൂഹമായി തുടരുകയാണ്. രാജ്യത്തെ നിരവധി ചെറുകിട കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്ത് മറ്റുള്ള കമ്പനികൾക്ക് വിൽക്കുകയാണെന്ന് റോയ്ട്ടേസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടർന്നുവെന്നാണ് ഡാറ്റ പറയുന്നത്. റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനർജിയും ഇറക്കുമതി വർധിപ്പിച്ചു. എന്നാൽ, മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസും എച്ച്.പി.സി.എലും ഇറക്കുമതി പൂർണമായും അവസാനിപ്പിച്ചു.
അതേസമയം, റിലയൻസിന്റെ ജാംനഗർ റിഫൈനറിയുടെ ഇറക്കുമതി നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ വളരെ കുറഞ്ഞിരിക്കുകയാണ്. പുതിയ വിനിമയ നിയമങ്ങൾ, യു.എസ് ഉപരോധങ്ങൾ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേലുള്ള ആഗോള സമ്മർദ്ദം എന്നിവ കാരണം ഇറക്കുമതി റിലയൻസ് ക്രമേണ കുറക്കുമെന്നാണ് കെപ്ലറിലെ വിദഗ്ധർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.