ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിരോധിക്കാനൊരുങ്ങി റഷ്യ

മോസ്‌കോ: ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിനും ഇടപാടുകള്‍ക്കും നിരോധനമേര്‍പ്പെടുത്താനൊരുങ്ങി റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ക്രിപ്‌റ്റോ നിരോധനം നിര്‍ദേശിച്ചിരിക്കുന്നത്.

ക്രിപ്റ്റോകറന്‍സികളുടെ വ്യാപനം റഷ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും റഷ്യന്‍ കറന്‍സിയായ റൂബിളിനും വലിയ വെല്ലുവിളികളുണ്ടാക്കിയിട്ടുണ്ട്. നിരോധനം നടപ്പാക്കിയാല്‍ ഈ പ്രതിസന്ധികള്‍ മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ചൈനക്കും ഖസാക്കിസ്ഥാനും പിന്നാലെ ക്രിപ്റ്റോകറന്‍സികള്‍ക്കെതിരെ നടപടിയെടുക്കുന്ന രാജ്യമായി റഷ്യ മാറുകയാണ്.

നിരോധനത്തിലൂടെ റഷ്യയിലെ സാമ്പത്തിക സ്ഥാപനങ്ങളും സാമ്പത്തിക ഇടനിലക്കാരും ക്രിപ്റ്റോ വ്യാപാരം നിര്‍ത്തണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു. എന്നാല്‍ റഷ്യന്‍ പൗരന്മാര്‍ ക്രിപ്റ്റോകറന്‍സികള്‍ കൈവശം വെക്കുന്നത് നിരോധിക്കാന്‍ തീരുമാനമില്ലെന്ന്‌ സെന്‍ട്രല്‍ ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ എലിസവേറ്റ ഡാനിലോവ വ്യക്തമാക്കി.

2020ല്‍ രാജ്യത്ത് ക്രിപ്റ്റോകറന്‍സികള്‍ നിയമവിധേയമാക്കിയെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണത്തിന് പകരം ക്രിപ്‌റ്റോ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഭീകരവാദത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ക്രിപ്റ്റോകറന്‍സി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി നേരത്തെ തന്നെ റഷ്യ ആശങ്കപ്പെട്ടിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനയും ക്രിപ്റ്റോകറന്‍സികളുടെ വ്യാപാരവും മൈനിങ്ങും നിരോധിച്ചിരുന്നു. നവംബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 69,000 ഡോളറിലേക്ക് എത്തുന്നതിന് മുമ്പുള്ള ചൈനയുടെ ഈ നടപടി സെപ്റ്റംബറില്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബിറ്റ്‌കോയിന്‍ മൈനിങ് നടന്നിരുന്നത് ഖസാക്കിസ്ഥാനിലും റഷ്യയിലുമായിരുന്നു. ജനുവരി ആദ്യവാരം ഖസാക്കിസ്ഥാനിലുണ്ടായ ജനകീയ പ്രക്ഷോഭങ്ങള്‍ കാരണം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയത് ഹാഷ് റേറ്റില്‍ പത്തു ശതമാനം കുറവു വരുത്തിയെന്ന് ക്രിപ്‌റ്റോ മൈനിങ്ങ് സ്ഥാപനമായ ബിടിസി.കോം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രിപ്റ്റോകറന്‍സികള്‍ക്ക് റഷ്യ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നത്.

Tags:    
News Summary - Russian Central Bank Proposes Banning Crypto Mining and Trading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.