ഡോളറിനെതിരെ റെക്കോഡ് തകർച്ച; രൂപയുടെ മൂല്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ: ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 88ന് താഴെയെത്തി. വെള്ളിയാഴ്ച 87.69ൽ വ്യാപാരം തുടങ്ങിയ രൂപ 88.29ലേക്ക് ഇടിഞ്ഞു. ഇന്ത്യക്കുമേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ വന്നത് കയറ്റുമതി മേഖലയെ ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപക്ക് തിരിച്ചടിയായത്. ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും എണ്ണക്കമ്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാരിൽനിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും രൂപയെ വലച്ചു. ഇതിന് മുമ്പ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 87.95 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ ഏറ്റവും താഴ്ന്ന നിലവാരം.

ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക 0.19 ശതമാനം ഉയര്‍ന്ന് 98ല്‍ എത്തി. വിദേശനാണ്യ ശേഖരത്തിൽനിന്ന് വൻതോതിൽ ഡ‍ോളർ വിറ്റഴിച്ച് റിസർവ് ബാങ്ക് രൂപയുടെ രക്ഷക്കെത്തി. ഇതോടെ രൂപ 88.12ലേക്ക് നഷ്ടം നികത്തി. ട്രംപ് അടിച്ചേൽപ്പിച്ച കനത്ത തീരുവമൂലം രാജ്യാന്തര വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമതയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തൽ ശക്തമാണ്. ഇത് ചൈനീസ് യുവാന് രൂപയുടെമേൽ കൂടുതൽ കരുത്തും പകർന്നു. യുവാനെതിരെ രൂപയുടെ മൂല്യം ഇന്ന് 12.33 എന്ന റെക്കോർഡ് താഴ്ചയിലെത്തി. ഉയര്‍ന്ന താരിഫ് മൂലം കയറ്റുമതിയിലുണ്ടാകുന്ന ഇടിവ് വ്യാപാര അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും. ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും. ഇത് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം എന്നിവ കൂടാനിടയാക്കും. വിദേശത്ത് പഠിക്കുന്നവർ, വിദേശയാത്ര ചെയ്യുന്നവർ എന്നിവർക്കും രൂപയുടെ വീഴ്ച തിരിച്ചടിയാണ്. ഇവർ പഠന, യാത്രാച്ചെലവുകൾക്കായി കൂടുതൽ തുക കണ്ടെത്തേണ്ടിവരും.

അതേസമയം, പ്രവാസികൾക്ക് രൂപയുടെ തളർച്ച നേട്ടമാണ്. നാട്ടിലേക്ക് കൂടുതൽ പണം അയക്കാനാകുമെന്നാണ് നേട്ടം. ജി.സി.സി കറൻസികളായ യു.എ.ഇ ദിർഹം, സൗദി റിയാൽ, ഖത്തർ റിയാൽ തുടങ്ങിയവയുടെ മൂല്യവും രൂപക്കെതിരെ ഉയർന്നു. ഐ.ടി ഉള്‍പ്പടെയുള്ള കയറ്റുമതി മേഖലകള്‍ക്കും മൂല്യമിടിവ് നേട്ടമാകും.

Tags:    
News Summary - Rupee falls to all time low amid US tariff concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.