കാറുകൾ മാത്രമല്ല, യുദ്ധ ടാങ്ക് എൻജിനുകളും ഇന്ത്യയിൽ നിർമിക്കാൻ റോൾസ് റോയ്സ്

മുംബൈ: രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തിന് പുതിയ ഊർജം പകരാൻ യുറോപ്യൻ കമ്പനിയായ റോൾസ് റോയ്സ്. യുദ്ധ ടാങ്കുകൾ അടക്കം ശക്തമായ പ്രതിരോധ വാഹനങ്ങൾക്ക് ആവശ്യമായ എൻജിനുകൾ റോൾസ് റോയ്സ് ആഭ്യന്തര വിപണിയിൽ നിർമിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് കമ്പനി. പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ ആഭ്യന്തരമായി രൂപകൽപന ചെയ്ത ശക്തിയേറിയ അർജുൻ യുദ്ധ ടാങ്ക്, ഭാരം കുറഞ്ഞ യുദ്ധ ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ഹെവി മോട്ടോർ വാഹനങ്ങൾ തുടങ്ങിയവക്കാണ് എൻജിൻ നിർമിക്കുക.

ഇതിനു പുറമെ, നാവിക സേനക്ക് വേണ്ടി 4000 എൻജിനുകൾ ആഭ്യന്തരമായി നിർമിക്കാനുള്ള പദ്ധതിയും കമ്പനി ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ കമ്പനിയുമായി സഹകരിച്ചാണ് നാവിക സേനയുടെ പദ്ധതികൾ റോൾസ് റോയ്സ് പവർ സിസ്റ്റംസ് യാഥാർഥ്യമാക്കുന്നതെന്നും ഗ്ലോബൽ പ്രസിഡന്റ് ഗിയോവനി സ്പദാരോ പറഞ്ഞു.

നേരത്തെ മറ്റൊരു രാജ്യത്തു നിർമിച്ച പ്രതിരോധ എൻജിനുകൾ ഇന്ത്യക്ക് വിൽക്കുകയാണ് റോൾസ് റോയ്സ് ചെയ്തിരുന്നത്. എന്നാൽ, ആഭ്യന്തരമായി ഉത്പാദിപ്പിക്കുകയെന്ന എന്ന തന്ത്രം നടപ്പാക്കാനാണ് കമ്പനിയുടെ പദ്ധതി. ആഭ്യന്തര പ്രതിരോധ വ്യവസായ മേഖലയുടെ അതിവേഗ വളർച്ചയും കേന്ദ്ര സർക്കാറിന്റെ ആത്മനിർഭരത നയവും മുതലെടുക്കാനാണ് നീക്കം.

എംബി838 എൻജിനുകളും സീരീസ് 199 വിഭാഗത്തിൽപെടുന്ന എൻജിനുകളുമാണ് നിർമിക്കുകയെന്ന് സ്പദാരോ പറഞ്ഞു. സാ​ങ്കേതിക വിദ്യ പൂർണമായും കൈമാറുന്നതിനൊപ്പം ഈ എൻജിൻ ആഭ്യന്തര വിപണിയിൽ നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അർജുൻ ടാങ്കുകൾക്കുള്ളതാണ് എംബി838 എൻജിനുകൾ. അർജുൻ യുദ്ധ ടാങ്കിന്റെ തുടക്കം മുതൽ റോൾസ് റോയ്സ് പവർ സിസ്റ്റംസിന്റെ അനുബന്ധ കമ്പനിയായ എ.ടി.യു നിർമിച്ച എംബി838 എൻജിനാണ് ഉപയോഗിക്കുന്നത്.

അതേസമയം, 450 മുതൽ 1500 വരെ കുതിരശക്തിയുള്ള ​ഭാരം കുറഞ്ഞ ടാങ്കുകൾക്കും സൈനിക യാത്ര വാഹനങ്ങൾക്കും പുതിയ തലമുറ യുദ്ധ ടാങ്കുകൾക്കും യുദ്ധ ടാങ്കുകളടക്കം കൊണ്ടുപോകാനുള്ള വാഹനങ്ങൾക്കുമുള്ളതാണ് 199 സീരീസ് എൻജിൻ. 199 സീരീസ് എൻജിൻ വാഹനങ്ങൾ നിർമിക്കാൻ എൽ&ടി, മഹീന്ദ്ര, ടാറ്റ തുടങ്ങിയ കമ്പനികളുമായി റോൾസ് റോയ്സ് ചർച്ചയിലാണ്. സൊറവാർ എന്ന ടാങ്കുകൾ നിർമിക്കാൻ എൽ&ടിക്ക് ഇതിനകം സേനയിൽനിന്ന് ഓർഡർ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - rolls roys awaits defence ministry nod to build battle tank engines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.