വാങ്ങാൻ താൽപര്യമുണ്ടോ? പിസ ഹട്ട് വിൽപനക്ക്

ന്യൂയോർക്ക്: ലോകത്ത് പിസ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് പിസ ഹട്ട്. പക്ഷെ, മത്സരം കടുത്തതോടെ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്നാണ് പിസ ഹട്ടിന്റെ ഉടമകളായ യം ബ്രാൻഡ്സ് പറയുന്നത്. അതുകൊണ്ട് പിസ ഹട്ടിന്റെ സ്റ്റോറുകൾ വിൽക്കാൻ ഒരുങ്ങുകയാണ് കമ്പനി. മറ്റു പല രാജ്യങ്ങളിലെയും വിൽപന കൂടിയെങ്കിലും യു.എസിൽ ഉപഭോക്താക്കൾ പിസ ഹട്ടിനെ കൈവെടിഞ്ഞതോടെയാണ് വിറ്റൊഴിവാക്കാൻ തീരുമാനിച്ചത്. ബിസിനസ് പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പിസ ഹട്ട് മറ്റൊരു കമ്പനിക്ക് കൈമാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് യം ബ്രാൻഡ്സ് സി.ഇ.ഒ ക്രിസ് ടർണർ പറഞ്ഞു. അതേസമയം, വിൽപനക്ക് കമ്പനി സമയപരിധി നിശ്ചയിച്ചിട്ടില്ല.

100ലേറെ രാജ്യങ്ങളിലായി 20,000 ത്തോളം പിസ ഹട്ട് സ്റ്റോറുകളാണ് യം ബ്രാൻഡ്സിനുള്ളത്. ഇതിൽ 6500 ഓളം സ്റ്റോറുകൾ യു.എസിലാണ്. പിസ ഹട്ടിന് പുറമെ, കെ.എഫ്.സി, ടാകോ ബെൽ, ഹാബിറ്റ് ബർഗർ തുടങ്ങിയ ബ്രാൻഡുകളും കമ്പനിക്കുണ്ട്. എന്നാൽ, വെറും 11 ശതമാനം ലാഭം മാത്രമേ യം ബ്രാൻഡ്സിന് പിസ ഹട്ടിൽനിന്ന് ലഭിക്കുന്നുള്ളൂ. യു.എസിന് പുറമെ, ചൈനയാണ് പിസ ഹട്ടിന്റെ രണ്ടാമത്തെ ഏറ്റവും വലിയ വിപണി. 2020ൽ പിസ ഹട്ടിന്റെ ഏറ്റവും വലിയ ഫ്രാബൈസികളിലൊന്നായ എൻ.പി.സി ഇന്റർനാഷനൽ കടക്കെണിയിലായതിനെ തുടർന്ന് 300 ഓളം സ്റ്റോറുകൾ പൂട്ടിയിരുന്നു.

ആഗോള വിപണിയുടെ 42 ശതമാനം യു.എസിലാണെങ്കിലും വിൽപനയിൽ ഈ വർഷം ഏഴ് ശതമാനം ഇടിവാണ് നേരിട്ടത്. ഉപഭോക്താക്കൾ  കൂടുതലും പിസ വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കാൻ താൽപര്യം കാണിക്കുമ്പോൾ പഴഞ്ചൻ ഡൈൻ ഇൻ റസ്റ്ററന്റുകളാണ് പിസ ഹട്ടിന് ബാധ്യതയാകുന്നത്. ഡൊമിനോസ് പിസ, പപ ​ജോൺസ് തുടങ്ങിയ പിസ കമ്പനികൾ വിപണി പിടിച്ച​തോടെ പിസ ഹട്ടിന് കനത്ത നഷ്ടമാണ് നേരിടുന്നത്.

പിസ ഡെലിവറി ചെയ്യുകയും പാർസലായി നൽകുകയും ചെയ്യുന്ന ഡൊമിനോസ് പിസയാണ് ഏറ്റവും വലിയ വെല്ലുവിളി. 21,750 സ്റ്റോറുകളുള്ള ഡൊമിനോസാണ് നിലവിൽ ലോകത്തെ ഏറ്റവും വലിയ പിസ കമ്പനി. അമ്മയിൽ നിന്ന് 600 ഡോളർ കടം വാങ്ങിയ സഹോദരന്മാരായ ഡാൻ കാർണിയും ഫ്രാങ്ക് കാർണിയുമാണ് 1958ൽ യു.എസിലെ കൻസാസിലുള്ള വിചിതയിൽ പിസ ഹട്ട് സ്ഥാപിച്ചത്. 1977ൽ പെപ്സികോ പിസ ഹട്ട് ഏറ്റെടുത്തെങ്കിലും പിന്നീട് യം ബ്രാൻഡ്സ് എന്ന പ്രത്യേക കമ്പനിയാക്കി മാറ്റുകയായിരുന്നു. ദേവയാനി ഇൻറർനാഷനൽ ലിമിറ്റഡാണ് ഇന്ത്യയിൽ പിസ ഹട്ട്, കെ.എഫ്.സി സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നത്.

Tags:    
News Summary - Pizza Hut could soon be up for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.