മുംബൈ: ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനായി മാനദണ്ഡങ്ങൾ കർശനമാക്കി ബ്യൂറോ ഓഫ് എനർജി എഫിഷൻസി (ബി.ഇ.ഇ). എയർ കണ്ടീഷനർ, റഫ്രിജറേറ്റർ, ടി.വി തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വൈദ്യുതി ഉപയോഗത്തിനുള്ള നിയന്ത്രണമാണ് കടുപ്പിച്ചത്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിൽ പതിച്ച എനർജി സ്റ്റാർ റേറ്റിങ് ലേബലിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നിർമാതാക്കളിൽനിന്ന് പിഴ ഈടാക്കും. ബി.ഇ.ഇ എനർജി ടെസ്റ്റ് നടത്തി അംഗീകാരം നൽകിയ ശേഷം ഉപഭോക്താക്കളെ കബളപ്പിക്കാൻ എനർജി സ്റ്റാർ റേറ്റിങ് ലേബലിൽ കൃത്രിമം കാണിച്ചാലും നടപടി സ്വീകരിക്കും.
എനർജി സ്റ്റാർ റേറ്റിങ് ലേബലിൽ അവകാശപ്പെടുന്നതിൽനിന്ന് വ്യത്യസ്തമായി നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അമിതമായി വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബി.ഇ.ഇ നീക്കം. ഓൺലൈനിലും കടകളിലും പ്രദർശിപ്പിച്ച ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിലെ എനർജി സ്റ്റാർ റേറ്റിങ് ലേബൽ പരിശോധിച്ചായിരിക്കും ബി.ഇ.ഇ നടപടി സ്വീകരിക്കുക. ഈ വർഷം പ്രാബല്യത്തിൽ വന്ന ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (അപ്ലയൻസ് ലേബലിംഗ് ആൻഡ് കംപ്ലയൻസ്) ചട്ടങ്ങൾ പ്രകാരമായിരിക്കും നടപടി.
പുതിയ നിയമ പ്രകാരം എല്ലാ കമ്പനികളും അവരുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിൽ എനർജി സ്റ്റാർ റേറ്റിങ് ലേബൽ പതിക്കണം. കടകളിൽ മാത്രമല്ല, ഓൺലൈൻ വെബ്സൈറ്റിൽ പ്രദർശിപ്പിച്ച ഉത്പന്നങ്ങളിലും ലേബൽ നൽകണം. ചട്ട ലംഘനം കണ്ടെത്തിയാൽ കാരണം കാണിക്കൽ നോട്ടിസ് നൽകുകയും പിഴ ഈടാക്കുകയും ഉത്പന്നങ്ങളുടെ വിൽപന തടയുകയും ചെയ്യുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ കീഴിലുള്ള ബി.ഇ.ഇ അറിയിച്ചു. പരിശോധന നടത്താൻ വേണ്ടി ഉത്പന്നങ്ങൾ വിൽക്കുന്ന സ്റ്റോറുകളുടെ വിവരം നൽകണമെന്ന് കമ്പനികളോട് ബി.ഇ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്തൃ സൗഹൃദമാക്കുന്നതിനായാണ് എനർജി ലേബലുകൾ ബി.ഇ.ഇ നവീകരിക്കുന്നത്. പുതിയ ഊർജ ലേബൽ ചട്ട പ്രകാരം ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ നിർമിച്ച രാജ്യത്തിന്റെ പേര് വെളിപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.