ഗൂഗിളിന്റെ ആധിപത്യം പൊളിയും; ​എ​.ഐ വെബ് ബ്രൗസർ പുറത്തിറക്കി ഓപൺഎഐ

ന്യൂയോർക്ക്: ഗൂഗിളിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയർത്തി ഓപൺഎഐയുടെ എ.ഐ വെബ് ബ്രൗസർ. നിർമിത ബുദ്ധിയുടെ (ആർടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ) സഹായത്തോടെ പ്രവർത്തിക്കുന്ന ‘അറ്റ്ലസ്’ ബ്രൗസറാണ് ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് ചൊവ്വാഴ്ച പുറത്തിറക്കിയത്. ഒരു ബ്രൗസർ എങ്ങനെയായിരിക്കുമെന്ന് പുനരാവിഷ്‍കരിക്കാൻ പതിറ്റാണ്ടിൽ ഒരിക്കൽ മാത്രം ലഭിച്ച അപൂർവ അവസരമാണിതെന്ന് അറ്റ്ലസ് പുറത്തിറക്കിയ ഓപൺഎ​ഐ സി.ഇ.ഒ സാം ആൾട്ട്മാൻ പറഞ്ഞു. ചാറ്റ്ജിപിടിയെ പൂർണമായും അറ്റ്ലസുമായി ബന്ധിപ്പിച്ചതിനാൽ എ.ഐയുടെ സഹായങ്ങൾക്ക് ഉപഭോക്താവ് മറ്റൊരു ടാബ് ആശ്രയിക്കേണ്ടതില്ല. അതേസമയം, നിലവിൽ ആപ്പിളിന്റെ മാക് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും ലാപ്ടോപുകളിലും മാത്രമാണ് അറ്റ്ലസ് ലഭിക്കുക. നേരത്തെ ഇന്റർനെറ്റ് വെബ് ബ്രൗസറുകളിലുണ്ടായിരുന്ന അഡ്രസ് ബാർ ഉപേക്ഷിച്ച് ചാറ്റ്ജിപിടിക്ക് സമാനമായ ചാറ്റ്ബോട്ട് രൂപത്തിലാണ് അറ്റ്ലസ്.

ഓപൺഎഐയുടെ ‘അറ്റ്ലസ്’ പ്രഖ്യാപനത്തോടെ യു.എസ് വിപണിയിൽ ഗൂഗിൾ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു. വർഷങ്ങളായി വെബ് ബ്രൗസർ മേഖലയിൽ ഗൂഗിൾ ക്രോം ബ്രൗസറാണ് ആധിപത്യം പുലർത്തുന്നത്. എ.ഐ രംഗത്തെ മറ്റൊരു സ്റ്റാർട്ട്അപ് പെർപ്ലെക്സിറ്റിയുടെ ‘​കൊമെറ്റ്’ എഐ ബ്രൗസർ ജൂലായിൽ പുറത്തിറങ്ങിയിരുന്നു. ക്രോമിനെ ജെമിനൈ എ.ഐയുമായി ഗൂഗിളും എഡ്ജിനെ കോപിലോട് എഐയുമായും മൈക്രോസോഫ്റ്റും ബന്ധിപ്പിച്ചതിന് പിന്നാലെയാണ് വെബ് ബ്രൗസർ രംഗത്ത് മത്സരം കടുത്തത്.

ക്രോം വിൽക്കാൻ ഗൂഗിൾ തയാറാണെങ്കിൽ വാങ്ങാൻ താൽപര്യമുണ്ടെന്ന് ഈയിടെ സാം ആൾട്ട്മാൻ വ്യക്തമാക്കിയിരുന്നു. മൈക്രോസോഫ്റ്റുമായി ചേർന്ന് വൻ പദ്ധതികൾ ആവിഷ്‍കരിക്കുന്നതിനിടെയാണ് ബ്രൗസറുമായി ഓപൺഎഐ രംഗത്തെത്തുന്നത്. അതേസമയം, ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായാണ് റിപ്പോർട്ട്.  ഫെബ്രുവരിയിലെ 400 ദശലക്ഷത്തിൽനിന്ന് ഈ മാസം 800 ദശലക്ഷത്തിലേക്കാണ് ഉപയോക്താക്കളുടെ എണ്ണം വർധിച്ചത്.

ലാഭേച്ഛയില്ലാത്ത സ്ഥാപനമായി 2015ലാണ് ഇലോൺ മസ്കും സാം ആൾട്ട്മാനും ഗ്രെഗ് ബ്രോക്മാനും ചേർന്ന് ഓപൺഎഐ തുടങ്ങിയത്. അഭിപ്രായ ഭിന്നതകളെ തുടർന്ന് ഓപൺഎഐ വിട്ട മസ്ക് എക്സ്എഐ എന്ന പുതിയ കമ്പനി തുടങ്ങുകയായിരുന്നു. മസ്കിന്റെ ബഹിരാകാശ പേടക നിർമാണ കമ്പനിയായ സ്​പേസ് എക്സിനെ മറികടന്ന് ചാറ്റ്ജിപിടി ഉടമയായ ഓപൺ എ.ഐ ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപ് ആയി മാറിയിരുന്നു. 500 ബില്ല്യൻ ഡോളർ അതായത് 44.33 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൊത്തം വിപണി മൂലധനം.

Tags:    
News Summary - OpenAI launches AI powered Atlas web browser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.