യൂറോപ്യൻ വ്യാപാര കരാറിൽ ചൈനക്ക് കുരുക്കിട്ട് ഇന്ത്യ

മുംബൈ: യൂറോപ്യൻ യൂനിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ചൈനയുടെ മുതലെടുപ്പ് തടഞ്ഞ് ഇന്ത്യ. വ്യാപാര കരാറിൽ യൂറോപ്യൻ വാഹന ഇറക്കുമതിക്ക് നൽകിയ താരിഫ് ഇളവ് ചൈനീസ് കമ്പനികൾ അവസരമാക്കുന്നതാണ് തടഞ്ഞത്. ചൈനയുടെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ബി.വൈ.ഡി കുറഞ്ഞ തീരുവ നൽകി യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്യുമെന്നായിരുന്നു ആശങ്ക. എന്നാൽ, യൂറോപ്യൻ യൂനിയന്റെ 27 അംഗ രാജ്യങ്ങളുടെ എട്ട് വാഹന നിർമാണ കമ്പനികൾക്ക് മാത്രമേ വ്യാപാര കരാർ പ്രകാരം താരിഫ് ഇളവ് നൽകൂവെന്ന് ഇന്ത്യ വ്യക്തമാക്കി.

നിലവിൽ യൂറോപ്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് ബി.വൈ.ഡി. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്‍ലയും യൂറോപ്പിൽ വാഹനം നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. യു.എസിലെ മിക്ക വാഹന നിർമാതാക്കൾക്കും യൂറോപിൽ ഫാക്ടറികളുണ്ട്. താരിഫ് ഇളവ് മുതലെടുത്ത് മറ്റു രാജ്യങ്ങളിലെ നിർമാതാക്കൾ യൂറോപ്പിലൂടെ ഇന്ത്യയിലേക്ക് കാറുകൾ ഇറക്കുമതി ചെയ്താൽ ആഭ്യന്തര കമ്പനികൾക്ക് കനത്ത തിരിച്ചടിയാകും. ഇക്കാര്യം ടാറ്റ മോട്ടോർസും മഹീന്ദ്രയും സർക്കാറിനെ അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച് യൂറോപ്പിന്റെ സ്വന്തമല്ലാത്ത കമ്പനികൾക്ക് താരിഫ് ഇളവ് നിഷേധിക്കുന്നതിനുള്ള ചട്ടം വ്യാപാര കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

വ്യാപാര കരാർ പ്രകാരം പത്ത് വർഷത്തിനുള്ളിൽ 90,000 ഇലക്ട്രിക് കാറുകളും 1.6 ലക്ഷം പെട്രോൾ, ഡീസൽ അടക്കമുള്ള ഇന്റേണൽ കംപഷൻ എഞ്ചിൻ (ഐ‌.സി.‌ഇ) വാഹനങ്ങളും ഇന്ത്യയിൽ ഇറക്കുമതി ചെയ്യാം. ആദ്യ വർഷം ഐ‌.സി.‌ഇ കാറുകളുടെ താരിഫ് നിലവിലുള്ള 110 ശതമാനത്തിൽനിന്ന് 30-35 ശതമാനമായി കുറക്കും. അഞ്ച് വർഷത്തിനുള്ളിൽ 10 ശതമാനമായും കുറയും. ഇലക്ട്രിക് വാഹനങ്ങൾ അഞ്ച് വർഷത്തിന് ശേഷമേ ഇറക്കുമതി ചെയ്യാൻ അനുവാദമുള്ളൂ. 15,000 യൂറോ അതായത് 16.5 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകൾക്ക് മാത്രമേ ഇറക്കുമതി തീരുവ ഇളവ് ലഭിക്കൂ. ഇന്ത്യയുടെ ആഭ്യന്തര വാഹന വിപണിയുടെ 90 ശതമാനവും 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങളാണെന്നാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്.

Tags:    
News Summary - non EU companies include China will not get import tariff relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.