ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നതിന് പിന്നാലെ തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി സ്കീം) യുടെ ഡിമാൻഡ് കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പദ്ധതിയിൽ തൊഴിൽ തേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ ഡിസംബറിൽ ഗണ്യമായ കുറവാണുണ്ടായത്.
തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബിജി റാം ജി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതി കേന്ദ്ര സർക്കാർ ഈയിടെ അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ 18.44 ദശലക്ഷം ജനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുത്തത്. 2024 ഡിസംബറിൽ തൊഴിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 25.77 ദശലക്ഷമായിരുന്നു. അതായത് 2024 ഡിസംബറിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ 28.4 ശതമാനം തൊഴിലാളികളുടെ കുറവാണുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതു തുടർച്ചയായ ആറാം മാസമാണ് തൊഴിലുറപ്പ് പദ്ധതി ജോലികൾക്കുള്ള ഡിമാന്റ് കുറയുന്നത്.
ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ 196.6 ദശലക്ഷം പേരാണ് തൊഴിൽ തേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 15.3 ശതമാനത്തിന്റെ കുറവാണിതെന്ന് പുതിയ കണക്കുകൾ പറയുന്നു. സാമ്പത്തിക രംഗം വളർച്ച കൈവരിക്കുകയും വ്യാവസായിക മേഖലയിൽ അടക്കം മികച്ച ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങൾ ലഭ്യമാകുകയും ചെയ്തതാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഡിമാന്റ് കുറയാൻ കാരണമായി പറയുന്നത്.
2005ൽ യു.പി.എ സർക്കാർ ആരംഭിച്ച പദ്ധതിയാണ് മഹാത്മ ഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി സ്കീം. ഗ്രാമീണ മേഖലകളിലെ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന ഈ പദ്ധതിക്ക് പകരമാണ് തൊഴിൽദിനങ്ങൾ 125 ദിവസമായി ഉയർത്തുന്ന വിബിജി റാം ജി പദ്ധതി സർക്കാർ അവതരിപ്പിച്ചത്. ജോലി പൂർത്തിയായ ശേഷം 15 ദിവസത്തിനുള്ളിൽ വേതനം നൽകണമെന്ന് വിബിജി റാം ജി ബില്ലിൽ നിർദേശമുണ്ട്. സമയപരിധിക്കുള്ളിൽ വേതനം നൽകാത്ത പക്ഷം തൊഴിൽരഹിത വേതനത്തിനും ബില്ലിൽ വ്യവസ്ഥയുണ്ട്. അതേസമയം, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
വിബിജി റാം ജി ബിൽ പ്രകാരം കഴിഞ്ഞ ഏഴ് വർഷത്തെ ശരാശരി വാർഷിക വിഹിതത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങൾക്ക് 17,000 കോടി രൂപയുടെ അധിക കേന്ദ്ര ഫണ്ട് ലഭിക്കുമെന്നാണ് എസ്.ബി.ഐയുടെ ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ട് പറയുന്നത്. വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ടെങ്കിലും പുതിയ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.