എ.ഐ പുലികൾ രാജിവെച്ചു; ഐഫോൺ ഡിസൈനറെ പാട്ടിലാക്കി മെറ്റ; ആപ്പിൾ വൻ പ്രതിസന്ധിയിൽ

വാഷിങ്ടൺ: ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപന നടത്തിയതിന് പിന്നാലെ ലോകത്തെ വൻകിട ടെക്നോളജി കമ്പനിയായ ആപ്പിൾ കടുത്ത പ്രതിസന്ധിയിൽ. ഐവാച്ചുകൾ അടക്കമുള്ള ഉൽപന്നങ്ങൾ ജനപ്രിയമാക്കിയ നേതൃത്വവും എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാ​ങ്കേതിക വിദഗ്ധരായ എൻജിനിയർമാരും കൂട്ടത്തോടെ രാജിവെച്ചുപോകുന്നതാണ് ആപ്പിൾ നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ ആഴ്ച ആപ്പിളിന്റെ എ.ഐ തലവനും ഐഫോൺ ഡിസൈനറും രാജിവെച്ചു. പിന്നാലെ, ജനറൽ കൗൺസലും സർക്കാർതല കാര്യങ്ങളുടെ മേധാവിയും ഒഴിയുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു. സി.ഇ.ഒ ടിം കുക്കുമായി വളരെ അടുത്ത ബന്ധം പുലർത്തുകയും കമ്പനിയുടെ ഭാവി പദ്ധതികൾക്ക് ചിറക് വിരിക്കുകയും ചെയ്യുന്നവരാണ് രാജിവെച്ച നാലുപേരും. വരും ദിവസങ്ങളിൽ കൂടുതൽ ​വിദഗ്ധർ കമ്പനി വിടാൻ ഒരുങ്ങുകയാണെന്നാണ് ബ്ലൂം​ബർഗ് റിപ്പോർട്ട്. ഹാർഡ്വെയർ ടെക്നോളജീസ് സീനിയർ വൈസ് പ്രസിഡന്റും ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനുമായ ജോണി സ്രൗജി ഉടൻ രാജിവെക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം ടിം കുക്കുമായി ചർച്ച ചെയ്തതായാണ് വിവരം. ആപ്പിളിന്റെ ഉത്പന്നങ്ങൾക്ക് വേണ്ടി സ്വന്തം ചിപ്പുകൾ വികസിപ്പിക്കുകയെന്ന ആശയത്തിന് പിന്നിലെ ബുദ്ധിയായ സ്രൗജി മറ്റൊരു കമ്പനിയിലേക്ക് പോകാനാണ് ആലോചിക്കുന്നത്.

ചാറ്റ്ജിപിടി ഉടമകളായ ഓപൺഎഐയിലേക്കും മാർക്ക് സക്കർബർഗിന്റെ മെറ്റ പ്ലാറ്റ്ഫോംസിലേക്കുമാണ് ആപ്പിളിന്റെ നേടുംതൂണുകളായ എൻജിനിയർമാർ പോകുന്നത്. കോടിക്കണക്കിന് ഡോളർ നൽകി ആപ്പിൾ വിദഗ്ധരെ സാം ആൾട്ട്മാനും സക്കർബർഗും ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്കും റാഞ്ചിക്കൊണ്ടുപോകുകയാണെന്നാണ് റിപ്പോർട്ട്. ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ അവലോകനം ചെയ്ത് തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, ഓഡിയോ, വാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള ഡസൻ കണക്കിന് ആപ്പിൾ എൻജിനീയർമാരും ഡിസൈനർമാരും കഴിഞ്ഞ മാസങ്ങളിൽ ഓപൺഎഐയിലേക്ക് ചേക്കേറി.

6.5 ബില്യൺ ഡോളർ അതായത് 58,474 കോടി രൂപ നൽകിയാണ് സ്റ്റീവ് ജോബ്സിന്റെ ശിഷ്യനും ഐഫോണിന്റെയും ആപ്പിൾ വാച്ചിന്റെയും രൂപകൽപനയിലെ പ്രധാന പങ്കാളിയുമായ ജോണി ഐവിനെയും ആപ്പിളിലെ ഐവിന്റെ ടീമിനെയും ആൾട്ട്മാൻ സ്വന്തമാക്കിയത്.

കഴിഞ്ഞ ആഴ്ച സക്കർബർഗ് ആപ്പിളിന്റെ മുതിർന്ന ഡിസൈനറായ അലൻ ഡൈയെ നിയമിച്ചിരുന്നു. ഒപ്പം ആപ്പിളിന്റെ പ്രധാന എ.ഐ എൻജിനിയർമാരെയും മെറ്റ കൂടെക്കൂട്ടിയിട്ടുണ്ട്. ഭാവിയിലെ കമ്പ്യൂട്ടറുകളാകുന്ന ഒരു എ.ഐ ഡിവൈസ് പുറത്തിറക്കുകയാണ് ഇവരുടെ പദ്ധതി. ഐഫോണിന്റെ കച്ചവടം പൂട്ടിക്കുന്നതിന് സ്വന്തമായി സ്മാർട്ട് ഫോൺ പുറത്തിറക്കാൻ ഇലോൺ മസ്ക് ആലോചിച്ചിരുന്നു. തന്റെ കമ്പനിയുടെ എ​.ഐ ആപ് ഐഫോണിൽ ഉപയോഗിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സ്മാർട്ട്ഫോൺ നിർമിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. ആപ്പിളിന്റെ ​ആധിപത്യത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

എ.ഐ രംഗത്ത് മറ്റുള്ള പല പ്രമുഖ ടെക് ഭീമന്മാരും അ​തിവേഗം കുതിക്കുമ്പോഴാണ് ആപ്പിൾ പ്രതിസന്ധിയി​ലേക്ക് നീങ്ങുന്നത്. ചില രാജികൾ കമ്പനിക്കകത്ത് കടുത്ത ആശങ്കക്കിടയാക്കിയിട്ടുണ്ട്. കൂടുതൽ കഴിവുറ്റ എൻജിനിയർമാർ കമ്പനി വിടാതിരിക്കാൻ ടിം കുക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല, ടിം കുക്ക് അടക്കമുള്ള ആപ്പിൾ നേതൃത്വം വിരമിക്കൽ പ്രായത്തോട് അടുക്കുന്നതും കമ്പനി​യെ അസ്വസ്ഥമാക്കുന്നുണ്ട്. അതേസമയം, 65 വയസ്സായിട്ടും സ്ഥാനമൊഴിയാൻ ടിം കുക്കിന് താൽപര്യമില്ലെന്നാണ് സൂചന. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമർഥമായി കൈകാര്യം ചെയ്തും താരിഫ് ഭീഷണിയെ ചെറുത്തും ആപ്പിൾ ഓഹരി വില റെക്കോഡ് ഉയരത്തിലേക്ക് ​എത്തിച്ചും അദ്ദേഹം കഴിവ് വീണ്ടും തെളിയിച്ചിരുന്നു. ഐഫോണുകളും ഐപാഡുകളും സ്മാർട്ട് ഗ്ലാസുകളും റോബോട്ടുകളും ഉൾപ്പെടെ നൂതനമായ നിരവധി ഉത്പന്നങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നാണ് ടിം കുക്ക് അവകാശപ്പെടുന്നത്. എന്നാൽ, പത്ത് വർഷത്തിനിടെ ആപ്പിൾ ഒരു പുതിയ ഉത്പന്നവും പുറത്തിറക്കിയിട്ടി​ല്ലെന്നതാണ് യാഥാർഥ്യം. ഇതു തന്നെയാണ് എ.ഐ സാ​ങ്കേതിവിദ്യയിലൂന്നിയ പുതിയ തലമുറ ഉത്പന്നങ്ങൾ വികസിപ്പിക്കാൻ സജ്ജരായ മെറ്റയുടെയും ഓപൺഎഐയുടെയും വേട്ടക്ക് ആപ്പിൾ ഇരയാകാനും കാരണം.

Tags:    
News Summary - Meta and OpenAI hire Apple AI engineers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.