വൻ ഇളവുകളുമായി കേന്ദ്രം; ഇനി വിദേശ നിക്ഷേപകർ ഓടിയെത്തും

മുംബൈ: വിദേശ നിക്ഷേപകരെ തിരികെ കൊണ്ടുവരാനും ഓഹരി വിപണിക്ക് പുതുജീവൻ നൽകാനും കേന്ദ്ര സർക്കാർ വൻ പദ്ധതി തയാറാക്കുന്നു. വിദേശ നിക്ഷേപത്തിലെ ചട്ടങ്ങൾ എളുപ്പമാക്കാനും നികുതി ഇളവുകൾ നൽകാനുമാണ് കേന്ദ്രം തയാറെടുക്കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിക്ഷേപിക്കുന്നതിന് വിദേശികൾക്ക് തടസ്സമാകുന്ന ചില ചട്ടങ്ങളിലായിരിക്കും ഭേദഗതി വരുത്തുക.

കഴിഞ്ഞ വർഷം വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ 19 ​ബില്ല്യൻ ഡോളറിന്റെ (1.71 ലക്ഷം കോടി രൂപ) വിൽപന നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. മാത്രമല്ല, രാജ്യത്തെ സർക്കാർ, കോർപറേറ്റ് കടപ്പത്രങ്ങളിൽ അടക്കം വിദേശികളുടെ നിക്ഷേപം വളരെ കുറവാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യൻ ഓഹരി വിപണിയിൽ ദീർഘകാല നിക്ഷേപം നടത്തുന്ന വിദേശ പെൻഷൻ ഫണ്ടുകളും എൻഡോവ്മെന്റ് ഫണ്ടുകളും അടക്കമുള്ള സ്ഥാപനങ്ങൾക്ക് നികുതി ഇളവ് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ കമ്പനികൾക്ക് സ്വന്തം രാജ്യങ്ങളിൽ ഓഹരി നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കാറുണ്ട്. നിലവിൽ പെൻഷൻ ഫണ്ടുകൾക്കും സോവറീൻ വെൽത്ത് ഫണ്ടുകൾക്കും ആദായ നികുതി വകുപ്പിലെ സെക്ഷൻ 10 (23 എഫ്.ഇ) പ്രകാരം 100 ശതമാനം നികുതി ഇളവ് ലഭിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപം നടത്തിയ കമ്പനികൾക്കാണ് നികുതി ഇളവ് ലഭിക്കുന്നത്. ഈ നിയമ പ്രകാരം അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തുടങ്ങിയ കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ഡിവിഡന്റ്, പലിശ, ദീർഘകാല മൂലധന ലാഭം എന്നിവയിൽ ആദായ നികുതി ഇളവ് നേടിയിരുന്നു.

എന്നാൽ, മറ്റുള്ള വിദേശ കമ്പനികളുടെ ദീർഘകാല മൂലധന ലാഭത്തിൽ 12.5 ശതമാനവും ഹ്രസ്വകാല മൂലധന ലാഭത്തിൽ 20 ശതമാനവും നികുതി ഈടാക്കുന്നുണ്ട്. എന്നാൽ, ഈ കമ്പനികൾ വൻതോതിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിനാൽ നികുതി ഇളവ് നൽകുന്നത് ലക്ഷ്യബോധമുള്ളതും സാമ്പത്തികമായി വിവേകപൂർണവുമായ സമീപനമാണെന്ന് എ.കെ.എം ഗ്ലോബൽ മാനേജിങ് പാർട്ണർ അമിത് മഹേശ്വരി പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സർക്കാറിന്റെ ഏറ്റവും വലിയ വരുമാന സ്രോതസാണ് മൂലധന നിക്ഷേപ ലാഭത്തിൽനിന്നുള്ള നികുതി. ദീർഘകാല മൂലധന ലാഭത്തിന് ഉയർന്ന നികുതി ചുമത്തുന്നത് ഓഹരി വിപണിക്ക് അനുകൂലമായ നടപടിയാണെന്നാണ് സർക്കാറിന്റെ വാദം. ബിസിനസ് സ്ഥാപനങ്ങ​ളെയും നിക്ഷേപ കമ്പനികളെയുമല്ല, മറിച്ച് സമ്പന്നരായ നിക്ഷേപക​ർക്കാണ് നികുതി ചുമത്തുന്നതെന്നും സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ റിസർവ് ബാങ്കും സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡും ഈയിടെ ചില നടപടികൾ സ്വീകരിച്ചിരുന്നു. കോർപറേറ്റ് കടപ്പത്രങ്ങൾ വാങ്ങുന്നതിന് വിദേശ നിക്ഷേപകർ നേരിട്ടിരുന്ന ചില നിയമ തടസ്സങ്ങൾ കഴിഞ്ഞ മേയിൽ എടുത്തുമാറ്റുകയാണ് ആർ.ബി.ഐ ചെയ്തത്.

Tags:    
News Summary - LTCG tax waiver likely for foreign investors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.