നിങ്ങൾക്ക് മതിയായ ലൈഫ് ഇൻഷുറൻസ് ഉണ്ടോ?

രു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണമെന്ന് ആലോചിക്കുമ്പോൾതന്നെ നിങ്ങളുടെ മനസ്സിൽ ഓടിയെത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഇവയുടെ ഉത്തരം അറിഞ്ഞിട്ടുതന്നെ വേണം പോളിസി എടുക്കാൻ. അത്തരം സംശയങ്ങളും അതിനുള്ള ഉത്തരവുമാണ് താഴെ. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അടിയന്തര ഫണ്ടും ആരോഗ്യ ഇൻഷുറൻസും കഴിഞ്ഞാൽ അടുത്ത മുൻഗണന ലൈഫ് ഇൻഷുറൻസിന് നൽകണം. അതിനുശേഷമാവാം സാമ്പത്തിക ആസൂത്രണം.

എന്താണ് ലൈഫ് ഇൻഷുറൻസ്?

ലൈഫ് ഇൻഷുറൻസ് എന്നത് ഇൻഷുറൻസ് പോളിസി ഉടമയും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള കരാറാണ്. ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണശേഷം ഒരു നിശ്ചിത തുക ഗുണഭോക്താവിന് (നോമിനിക്ക്/അവകാശിക്ക്) നൽകുമെന്ന് ഇൻഷുറർ വാഗ്ദാനം ചെയ്യുന്നു.

ലളിതമായി പറഞ്ഞാൽ - നിങ്ങളുടെ മരണശേഷം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിലവിലെ ജീവിതനിലവാരത്തിലും ശൈലിയിലും തുടർന്നും ജീവിതം നയിക്കാനായി ഒരുക്കുന്ന ഒരു സംരക്ഷണവലയാണിത്. നേരത്തേ ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്, പ്രീമിയം കുറയും. പ്രായം കൂടുംതോറും പ്രീമിയം വർധിക്കും.

വിവിധതരം ലൈഫ് ഇൻഷുറൻസുകൾ

അടിസ്ഥാനപരമായി രണ്ടുതരം ഇൻഷുറൻസുകൾ ഉണ്ട്

1) ടേം ഇൻഷുറൻസ്

ഇത് ഇൻഷുറൻസ് പരിരക്ഷ മാത്രം നൽകുന്ന പോളിസിയാണ്. പോളിസി ഉടമ ഇൻഷുറൻസ് കാലയളവിനിടയിൽ മരണപ്പെടുകയാണെങ്കിൽ മുൻ നിശ്ചയിച്ചത് പ്രകാരമുള്ള തുക (അതായത്, സം അഷ്വേർഡ്) ഇൻഷുറൻസ് കമ്പനി പോളിസിയുടെ ഗുണഭോക്താവ് (നോമിനി/ അവകാശിക്ക്) നൽകുന്നു. കുറഞ്ഞ ചെലവിൽ നിങ്ങളെ ആശ്രയിച്ചിരിക്കുന്നവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന ഏറ്റവും മികച്ച ഉൽപന്നമാണ് ടേം ഇൻഷുറൻസ് പ്ലാൻ.

2) ഇൻഷുറൻസും നിക്ഷേപവും ചേർന്നുള്ളവ

യൂലിപ്സ്: ഇൻഷുറൻസും നിക്ഷേപവും എന്ന ഇരട്ടനേട്ടം ഒരു യൂലിപ്സ് വാഗ്ദാനം ചെയ്യുന്നു. ഇത് പോളിസി ഉടമകൾക്ക് സം അഷ്വേർഡ് നൽകുന്നതിനോടൊപ്പം, വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിലൂടെ അവരുടെ സമ്പത്ത് വളർത്താനും സഹായിക്കുന്നു. സാധാരണയായി, ഒരു യൂലിപ്സിലെ സംഅഷ്വേർഡ് പോളിസി ഉടമയുടെ പ്രായം, അടച്ച പ്രീമിയം, തിരഞ്ഞെടുത്ത നിക്ഷേപ ഫണ്ടുകളുടെ പ്രകടനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

എൻഡോവ്മെന്റ് പ്ലാൻ: ലൈഫ് ഇൻഷുറൻസ് സംരക്ഷണവും ഉറപ്പായ റിട്ടേണും ഇത് വാഗ്ദാനം ചെയ്യുന്നു. സംരക്ഷണത്തിനും സമ്പാദ്യത്തിനും ഇടയിൽ സന്തുലിതാവസ്ഥ നോക്കുന്നവർക്ക് ഉചിതം. പ്രീമിയത്തിന്റെ ഒരുഭാഗം സം അഷ്വേർഡ് വർധിപ്പിക്കുന്നതിനായി നീക്കിവെക്കുന്നു. ബാക്കി തുക ഇൻഷുറൻസിൽ നിക്ഷേപിക്കുന്നു. പോളിസി കാലാവധിയുടെ അവസാനം സം അഷ്വേർഡും ബോണസും ലഭിക്കുന്നു.

മണി ബാക്ക് പ്ലാൻ: ലൈഫ് ഇൻഷുറൻസ് സംരക്ഷണത്തോടൊപ്പം നിശ്ചിത ഇടവേളകളിൽ പണം തിരിച്ചു ലഭിക്കുന്നു. അതിന് പുറമെ, കാലാവധി പൂർത്തിയാകുമ്പോഴോ മരണപ്പെടുമ്പോഴോ ലംപ് സം പേയ്‌മെന്റ് നൽകുന്നു.

സം അഷ്വേർഡ് എങ്ങനെ നിശ്ചയിക്കാം

ഈ കാര്യത്തിൽ പൊതുവെ പറയുന്നത്, നിങ്ങളുടെ വാർഷിക ചെലവിന്റെ 15-20 മടങ്ങുവരെ ലൈഫ് ഇൻഷുറൻസ് കവറേജ് കിട്ടുന്നതരത്തിൽ ആയിരിക്കണം സം അഷ്വേർഡ് നിശ്ചയിക്കാൻ എന്നാണ്. ഇത് ചുവടെ ചേർത്ത ഫോർമുല ഉപയോഗിച്ച് കണക്കാക്കാം.

ലൈഫ് ഇൻഷുറൻസ് കവറേജ് = (കുടുംബത്തിന്റെ വാർഷിക ജീവിത ചെലവുകൾ)x(18 മുതൽ 20) മടങ്ങ് + വിദ്യാഭ്യാസം, വിവാഹം പോലെ ഭാവിയിൽ വരാവുന്ന വലിയ ചെലവുകൾ + വായ്പപോലുള്ള ബാധ്യതകൾ - നിലവിലുള്ള ഫണ്ടുകൾ (ബാങ്ക് നിക്ഷേപം, ഓഹരി , സ്വർണം, താമസിക്കുന്ന വീടും മറ്റ് വസ്തുവകകളും ആസ്തികളും). ഈ രീതിയിൽ കണക്കാക്കി സം അഷ്വേർഡ് നിശ്ചയിക്കുന്നതാണ് അഭികാമ്യം.

ലൈഫ് ഇൻഷുറൻസ് റൈഡറുകൾ

ഇൻഷുറൻസ് പോളിസിയുടെ പ്രീമിയതോടൊപ്പം അധിക കവറേജിനായി നൽകുന്ന ചെറിയ തുകകളാണ് റൈഡറുകൾ. ഇവ അടിസ്ഥാന കവറേജിന്‌ പുറമെ അധിക സുരക്ഷ നൽകുന്നു. ഇത്തരം കവറേജുകൾക്കായി പ്രത്യേകം പ്രത്യേകം പോളിസി എടുക്കുമ്പോൾ നൽകേണ്ട ഉയർന്ന പ്രീമിയം റൈഡറുകൾ എടുക്കുന്നതിലൂടെ ഒഴിവാക്കാൻ കഴിയും.

പ്രധാനമായി നാലുതരം റൈഡറുകൾ

വൈവ്-ഓഫ്‌ പ്രീമിയം റൈഡർ: അപ്രതീക്ഷിതമായി മാരക രോഗങ്ങൾ വരുകയോ അല്ലെങ്കിൽ അപകടങ്ങളിൽ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താൽ പിന്നീട് പ്രീമിയം അടയ്‌ക്കേണ്ടതില്ല. നിങ്ങൾക്കുള്ള ഇൻഷുറൻസ് കവറേജ് തുടർന്നും നിലനിൽക്കുന്നു. പോളസി കാലയളവിൽ ഉടമയ്ക്ക് മരണം സംഭവിച്ചാൽ നോമിനിക്ക്/അവകാശിക്ക് ലംമ്പ്സം തുക നൽകുന്നു.

ഡിസേബിലിറ്റി റൈഡർ: അപകടം പറ്റി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടായാൽ ആ കാലഘട്ടത്തിൽ ഒരു നിശ്ചിത തുക പ്രതിമാസം ലഭിക്കുന്നു. സാധാരണ ഇത് സം അഷ്വേർഡിന്റെ 1-2 ശതമാനം ആയിരിക്കും. തുടർന്നും ഇൻഷുറൻസ് കവറേജ് നിലനിൽക്കും. പോളസി കാലയളവിൽ മരണം സംഭവിച്ചാൽ ഒരു തുക അവകാശിക്ക് നൽകുന്നു.

ക്രിട്ടിക്കൽ ഇൽനെസ്സ് റൈഡർ: തിരക്കുപിടിച്ചതും സമ്മർദമേറിയതുമായ ജീവിതത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ഗുരുതര രോഗം (അർബുദം, സ്ട്രോക്ക് മുതലായവ) വരാം. ഈ ഘട്ടത്തിൽ വർധിച്ച ചികിത്സ ചെലവുകളോടൊപ്പം വരുമാനം കുറയുകയോ ഇല്ലാതാവുകയോ കൂടി ചെയ്യുമ്പോൾ നാം വല്ലാത്ത പ്രതിസന്ധിയിൽ അകപ്പെടുന്നു. ഇവിടെയാണ് ക്രിട്ടിക്കൽ ഇൽനസ് ബെനിഫിറ്റിന്റെ മെച്ചം ലഭിക്കുന്നത്. രോഗം കണ്ടെത്തുന്നതോടെ ഇൻഷുറൻസ് കമ്പനി ഒരു നിശ്ചിത തുക പോളിസി ഉടമക്ക് നൽകുന്നു (കമ്പനി മുൻകൂട്ടി പറഞ്ഞ ഗുരുതര രോഗങ്ങൾക്ക് മാത്രമാണ് ബാധകം). പോളിസി കാലയളവിനിടയിൽ മരണപ്പെട്ടാൽ, ഒരു തുക അവകാശിക്ക് നൽകുന്നു.

പക്ഷേ, ഈ റൈഡർ കൊണ്ട് മാത്രം പ്രത്യേക ചികിത്സാ പോളിസികൾക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും കിട്ടണമെന്നില്ല. പക്ഷേ, ചികിത്സാ പോളിസികൾക്ക് ഉയർന്ന പ്രീമിയം ആയിരിക്കും.അതിനാൽ ഈ പ്രത്യേക പോളിസിയുടെ പ്രീമിയവും ആഡ് ഓൺ റൈഡറും താരതമ്യം ചെയ്ത് തീരുമാനിക്കാം.

ആക്‌സിഡന്റ് ഡെത്ത് ക്ലെയിം റൈഡർ: പോളിസി കാലയളവിനിടയിൽ കവറേജ് ലിസ്റ്റിൽ ഉൾപ്പെട്ട അപകടത്തിലൂടെ മരണം സംഭവിച്ചാൽ അവകാശിക്ക് പോളിസി തുകയുടെ ഇരട്ടി അഥവ മൂന്നു മടങ്ങ് നൽകുന്നു.

ഇൻഷുറൻസ് തുക കിട്ടാൻ ചെയ്യേണ്ടത്

പോളിസി ശരിയായി പരിശോധിക്കുക: നിങ്ങളുടെ പോളിസി ആക്റ്റീവ് അല്ലേയെന്നും, എല്ലാ പ്രീമിയവും കൃത്യമായി അടച്ചിട്ടുണ്ടെന്നും കൂടാതെ, പോളിസിയിൽ ഉൾപ്പെടുത്തിയതും ഉൾപ്പെടുത്താത്തതുമായ ആനുകൂല്യങ്ങൾ, നിർദേശങ്ങളിലും നിബന്ധനകളിലും പറഞ്ഞകാര്യങ്ങൾ തുടങ്ങിയവ പരിശോധിക്കുക.

ഇൻഷുററെ അറിയിക്കുക: മരണം ഇൻഷുറൻസ് കമ്പനിയെ എത്രയും പെട്ടെന്ന് അറിയിക്കുക. അടുത്തുള്ള ശാഖയിൽനിന്നോ വെബ്സൈറ്റിൽനിന്നോ ക്ലെയിം ഇന്റിമേൻഷൻ ഫോറം ലഭ്യമാക്കിവെക്കുക. പോളിസി നമ്പർ, പേര്, തീയതി, മരണകാരണം, മരണപ്പെട്ട സ്ഥലം, നോമിനിയുടെ പേര് എന്നിവ കമ്പനിയെ അറിയിക്കുക. തുടർന്ന് കമ്പനി ഒരു യൂനിക്ക് ക്ലെയിം ഐഡി നൽകുകയും തുക നൽകാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും.

രേഖകൾസമാഹരിക്കുക: മരണസർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, ഒറിജിനൽ പോളിസി ഡോക്യുമെന്റ്, മരണപ്പെട്ടയാളുടെ വിൽപത്രം/ അനന്തരാവകാശ സർട്ടിഫിക്കറ്റ്, നെഫ്റ്റ് ഫോറം, ക്യാൻസൽ ചെയ്ത ചെക്ക് ലീഫ്/ പാസ് ബുക്കിന്റെ പകർപ്പ്. നേരത്തേയുള്ള മരണമാണെങ്കിൽ യാഥാർഥ്യം അറിയാൻ ഇൻഷുറൻസ് കമ്പനി അന്വേഷണം നടത്തും.

രേഖകൾസമർപ്പിക്കുക: രേഖകളെല്ലാം ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കുക. എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിച്ച്, വേണ്ട രേഖകളെല്ലാം ഉള്ളടക്കം ചെയ്തെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം ക്ലെയിം സമർപ്പിക്കുക. ക്ലെയിം അംഗീകരിച്ചു കഴിഞ്ഞാൽ നോമിനിയുടെ അക്കൗണ്ടിലേക്ക് തുക കൈമാറുന്നു.

എല്ലാ രേഖകളും കൃത്യമായി കിട്ടി കഴിഞ്ഞാൽ 30 ദിവസത്തിനകം തുക അനുവദിക്കേണ്ടതാണ്. ക്ലെയിമുമായി ബന്ധപ്പെട്ട് എന്തെങ്കിലും കൂടുതൽ അന്വേഷണം വേണമെങ്കിൽ അത് പൂർത്തിയാക്കാൻ ആറുമാസത്തെ സമയംകൂടി കമ്പനിക്ക് ലഭിക്കും.

പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

യൂലിപ്സ്,എൻഡോവ്മെന്റ് പ്ലാൻ, മണി ബാക്ക് പ്ലാൻ തുടങ്ങിയ പോളിസികൾക്ക് അധികം പ്രീമിയം അടയ്‌ക്കേണ്ടിവരും. ചേരുന്നതിന് മുമ്പ് ആവശ്യത്തിനുള്ള കവറേജ് നൽകുന്നുണ്ടോ, ഭേദപ്പെട്ട റിട്ടേൺ കിട്ടുമോ എന്ന കാര്യങ്ങൾ പരിശോധിക്കുക. പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ വർഷങ്ങൾക്കുശേഷം ലഭിക്കുന്ന റിട്ടേണിനു വലിയ മൂല്യം ഉണ്ടാവണമെന്നില്ല. ഈ പോളിസികൾക്ക് നീണ്ട കാലത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ടായിരിക്കും.

ഇടയ്ക്ക് നിർത്തിയാൽ വലിയ നഷ്ടം സംഭവിക്കും അല്ലെങ്കിൽ ചിലപ്പോൾ ഉയർന്ന പിഴ നൽകേണ്ടതായിവരാം. ഈ ഉൽപന്നങ്ങൾ ചേർത്താൻ വരുന്ന സ്ഥാപനങ്ങൾക്ക് അല്ലെങ്കിൽ ഏജന്റുമാർക്ക് ഉയർന്ന കമീഷൻ ലഭിക്കുമെന്നതിനാൽ അവർ ഇത്തരം പോളിസികളെ പ്രൊമോട്ട് ചെയ്യുന്നു.അതേസമയം ഇൻഷുറൻസും നിക്ഷേപവും ചേർന്നുള്ള പോളിസികൾ നൽകുന്ന കവറേജിന് തുല്യമായ കവറേജ് അതിനേക്കാൾ കുറഞ്ഞ പ്രീമിയത്തിന് ഒരു ടേം ഇൻഷുറൻസിൽനിന്ന് ലഭിക്കും.

ബാക്കി തുക വല്ല നിക്ഷേപ പദ്ധതികളിലും നിക്ഷേപിച്ച് ഇതിനേക്കാൾ ഉയർന്ന ആദായം ഉണ്ടാക്കാം. അപ്പോൾ ഇത്തരം പോളിസികൾ എടുക്കുന്നതിന് മുമ്പ് കാര്യങ്ങൾ വ്യക്തമായി പഠിക്കുക. ഇവയുടെ പ്രീമിയത്തിലുള്ള അന്തരം മനസ്സിലാക്കുക.

(ധനകാര്യവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയും പാലക്കാട് ജില്ലാ പഞ്ചായത്ത്‌ ഫിനാൻസ് ഓഫിസറുമാണ് ലേഖകൻ)

Tags:    
News Summary - Life insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.