കേരളം ഓണലഹരിയിലായതോടെ കാർഷികോൽപന്നങ്ങൾ മികവിൽ

കൊച്ചി: കേരളം ഓണലഹരിയിൽ അമർന്നതിന് പിന്നാലെ കാർഷികോൽപന്നങ്ങൾ മികവിലെത്തി. വിവാഹ സീസണിൽ സ്വർണവില ഇടിഞ്ഞത്‌ ആഭരണ കേന്ദ്രങ്ങളെ സജീവമാക്കി. ഓണ ഡിമാൻഡിൽ വെളിച്ചെണ്ണ ചൂടുപിടിച്ചു. ഏലം വിളവെടുപ്പ്‌ രംഗത്തെ തളർച്ചക്ക് ഇടയിലും ഉൽപന്ന വില ഉയർന്നില്ല. ഹൈറേഞ്ചിൽ നിന്നുള്ള കുരുമുളക്‌ വരവ്‌ ഗണ്യമായി ചുരുങ്ങി. ടയർ നിർമ്മാതാക്കൾ റബർ വില ഉയർത്തി.

കേരളത്തിൽ സ്വർണ വിലയിൽ ശക്തമായ തിരുത്തൽ ദൃശ്യമായി. ആഭരണ വിപണികളിൽ സ്വർണ വില പവന്‌ 1,280 രൂപ ഇടിഞ്ഞു. ചിങ്ങമാസമായതിനാൽ വിവാഹ പാർട്ടികൾ ആഭരണ കേന്ദ്രങ്ങളിൽ സജീവമാണ്‌. പവൻ 38,880 രൂപയിൽ നിന്ന്‌ 37,600 രൂപയായി. ഒരു ഗ്രാം സ്വർണ വില 4,700 രൂപ. ലണ്ടനിൽ ട്രോയ്‌ ഔൺസിന്‌ 1,945 ഡോളറിൽ നിന്ന്‌ 1,909 ഡോളർ വരെ ഇടിഞ്ഞങ്കിലും വാരാന്ത്യം 1,965 ഡോളറിലാണ്‌. രൂപയുടെ മൂല്യം ശക്തി പ്രാപിച്ചതിനാൽ വിദേശത്തെ വിലക്കയറ്റം ആഭ്യന്തര വിപണിയെ സ്വാധീനിച്ചില്ല.

ഓണം അടുത്തതോടെ വെളിച്ചെണ്ണക്ക് പ്രദേശിക ആവശ്യം വർധിച്ചു. വെളിച്ചെണ്ണ കാഴ്‌ച്ചവെച്ച മുന്നേറ്റം കണ്ട്‌ മില്ലുകാർ കൊപ്ര ശേഖരിക്കാനും വാരാവസാനം ഉത്സാഹിച്ചു. ‌ഉത്സവ ദിനങ്ങൾക്ക്‌ ശേഷവും വിപണി മികവ്‌ നിലനിർത്താനുള്ള സാധ്യതകളും തെളിയുന്നു. കൊച്ചി മാർക്കറ്റിൽ വെളിച്ചെണ്ണക്ക് 200 രൂപ ഉയർന്ന്‌ 15,600 രൂപയായി. കോഴിക്കോട്‌ നിരക്ക്‌ 18,000 രൂപയാണ്‌. ഓണ ഡിമാന്‍റ് മുന്നിൽ കണ്ട്‌ തമിഴ്‌നാട്ടിലെ മില്ലുകൾ സ്‌റ്റോക്കുള്ള എണ്ണ ഉയർന്ന അളവിൽ കയറ്റിവിടുന്നുണ്ട്‌.

ഹൈറേഞ്ചിലെ തോട്ടങ്ങളിൽ തൊഴിലാളികൾക്ക്‌ ക്ഷാമം നേരിട്ടതിനാൽ ഏലം വിളവെടുപ്പ്‌ മന്ദഗതിയിലാണ്‌. പ്രമുഖ ലേലങ്ങളിൽ ചരക്ക്‌ വരവ്‌ കുറഞ്ഞിട്ടും ഏലക്ക വില ഉയർത്താൻ വാങ്ങലുകാർ തയ്യാറായില്ല. മികച്ചയിനങ്ങൾ കിലോ 2128 ‐2284 രൂപയിൽ ഇടപാടുകൾ നടന്നു.

കുരുമുളക്‌ വില പോയവാരം സ്‌റ്റെഡിയായി നിലകൊണ്ടു. ഉത്തരേന്ത്യൻ രംഗത്തുണ്ടായിരുന്നിട്ടും ഉൽപന്ന വില ഉയർത്തിയില്ല. തുടർച്ചയായ രണ്ടാം വാരമാണ്‌ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 31,900 രൂപയിൽ വ്യാപാരം നടക്കുന്നത്‌. ഇന്ത്യൻ കുരുമുളക്‌ വില അന്താരാഷ്‌ട്ര മാർക്കറ്റിൽ ടണ്ണിന്‌ 4,000 ഡോളറാണ്‌.

കാർഷിക മേഖല വാരമധ്യം ഉത്സവാഘോഷങ്ങളിലേയ്‌ക്ക്‌ ശ്രദ്ധ തിരിച്ചതിനാൽ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള റബർ ഷീറ്റ്‌ വരവ്‌ ചുരുങ്ങി. ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ്‌ റബർ വില 12,800 രൂപയിൽ നിന്ന്‌ 13,400ലേക്ക് ഉയർത്തി. ഉത്തരേന്ത്യയിൽ നിന്നുള്ള സൈക്കിൾ ടയർ നിർമ്മാതാക്കളും വിപണിയിൽ സജീവമാണ്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.