അപൂർവ ധാതുക്കളുടെ പറുദീസ; ​ചൈന-യു.എസ് പിടിവലിയിൽ ഉറക്കം നഷ്ടപ്പെട്ട് അഞ്ച് ഗോത്ര ഗ്രാമങ്ങൾ

ലണ്ടൻ: അപൂർവ ധാതുക്കൾക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ അപൂർ ധാതുക്കൾ സ്വന്തമായുള്ള ചൈന ഈയിടെ കയറ്റുമതി നിരോധിച്ചതോടെയാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. യു.എസിന്റെയും ചൈനയുടെയും യൂറോപിന്റെയും പിടിവലിക്കിടയിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് ആഫ്രിക്കയിലെ ഗോത്ര ഗ്രാമങ്ങൾക്ക്. ഇതുവരെ കേട്ടുകേൾവി പോലും ഇല്ലാതിരുന്ന ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രാമങ്ങൾ ലോകത്തിന്റെ മുഴുവൻ ചർച്ചയാണിപ്പോൾ. കെനിയയിലെ അഞ്ച് ഗ്രാമങ്ങൾക്കാണ് യു.എസിന്റെയും ചൈനയുടെയും അടക്കം ലോക നേതാക്കളുടെ ഇടപെടൽ കാരണം സമാധാനം നഷ്ടപ്പെട്ടത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശത്തുള്ള ഈ ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മ്രിമ ഹിൽ എന്ന വനമേഖല മുഴുവൻ ലോക രാജ്യങ്ങൾ തേടിക്കൊണ്ടിരിക്കുന്ന അപൂർവ ധാതുക്കളുടെ കലവറയാണ്. 390 ഏക്കർ പ്രദേശത്താണ് നിയോബിയം അടക്കമുള്ള അപൂർവ ധാതുക്കൾ നിറഞ്ഞിരിക്കുന്നത്. ഉരുക്കു നിർമാണത്തിന് അടക്കം ഉപയോഗിക്കുന്ന ധാതുവാണ് നിയോബിയം.

കെനിയയിലെ ഗ്രാമങ്ങളിൽ 62.4 ബില്ല്യൻ ഡോളർ അതായത് 5.53 ലക്ഷം കോടി രൂപയുടെ അപൂർവ ധാതു നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. യു.കെയിലും കാനഡയിലും ആസ്ഥാനമായുള്ള പസഫിക് വൈൽഡ്‌കാറ്റ് റിസോഴ്‌സസിന്റെ അനുബന്ധമായ കെനിയയിലെ കോർടെക് മൈനിങ് കമ്പനി 2023ൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇത്രയും ധാതുക്കൾ ഖനനം ചെയ്ത് വിൽപന നടത്തിയാൽ ദരിദ്ര രാജ്യമായ കെനിയക്ക് വൻ സമ്പത്ത് നേടാൻ കഴിയും. എന്നാൽ, അപൂർവ ധാതുക്കൾക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടലും ഖനനവും നടന്നാൽ എന്താവും തങ്ങളുടെ ഭാവി എന്ന ആശങ്കയിലാണ് ഗ്രാമവാസികൾ.

ഇലക്ട്രിക് വാഹനങ്ങളും ബാറ്ററിയും ഡ്രോണുകളും അടക്കം ആധുനിക വ്യവസായ ലോകത്ത് ഏറ്റവും ഡിമാൻഡുള്ളവയാണ് അപൂർവ ധാതുക്കൾ. ഈ വർഷം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ചർച്ചയിലൂടെ മറ്റൊരു ആഫ്രിക്കൻ രാജ്യമായ കോംഗോയിൽനിന്ന് അപൂർവ ധാതുക്കൾ ഖനനം ചെയ്യാൻ കരാറിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെനിയയിലെ യു.എസ് സ്ഥാനപതിയായിരുന്ന മാർക്ക് ഡില്ലാർഡ് മ്രിമ ഹിൽ സന്ദർശിക്കുന്നത്. തുടർന്ന്, ​ചൈനയടക്കം വിവിധ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ ഇവിടം സന്ദർശിക്കാൻ ശ്രമം നടത്തിയെങ്കിലും ഗ്രാമവാസികളുടെ എതിർപ്പ് കാരണം മടങ്ങിപ്പോകുകയായിരുന്നു.

‘നിരവധിയാളുകൾ വലിയ കാറുകളിൽ ഇവിടെ വരുന്നുണ്ട്. പക്ഷേ ഞങ്ങൾ അവരെ മടക്കി അയക്കുകയാണ്’ -മ്രിമ ഹിൽ സമുദായത്തിന്റെ കാവൽക്കാരിയായ ജുമ കോജ പറഞ്ഞു. ഖനന സ്ഥാപനങ്ങളായ റെയറെക്സും ഇലൂക റിസോഴ്സസും ചേർന്നുള്ള ആസ്‌ട്രേലിയൻ കൺസോർഷ്യം ഈ വർഷം അപൂർവ ധാതുക്കൾ ഖനനം ചെയ്യുന്നതിനായി ഒരു ശ്രമം നടത്തി. ഇതോടെ സ്ഥലക്കച്ചവടക്കാർ പ്രദേശത്തേക്ക് ഒഴുകിയെത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

ഡിഗോ ​ഗോത്ര വിഭാഗക്കാരാണ് മ്രിമ ഹിലിന്റെ താഴ്വാരത്ത് ജീവിക്കുന്നത്. ഖനനം കാരണം കുടിയിറക്കപ്പെടുമോയെന്നാണ് അവരുടെ പ്രധാന ആശങ്ക. ജനസംഖ്യയുടെ പകുതിയിലധികം പേരും കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. അതുകൊണ്ട് ഖനനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിൽനിന്ന് ഒരു പങ്ക് തങ്ങൾക്കും വേണമെന്ന് അവർ ആവശ്യപ്പെടുന്നു. സമൃദ്ധമായ മ്രിമ ഹിൽ വനം പരമ്പരാഗതമായി അവരുടെ പുണ്യ സ്ഥലംകൂടിയാണ്. മാത്രമല്ല, ഉപജീവനത്തിന് വേണ്ടി അവരിവിടെ കൃഷിയും ചെയ്യുന്നുണ്ട്. ഖനന തുടങ്ങുന്നതോടെ ഉപജീവനമാർഗവും ക്ഷേത്രങ്ങളും ഔഷധ സസ്യങ്ങളും ജീവിതകാലം മുഴുവൻ ജനതക്ക് ആശ്രയമായ വനവും നഷ്ടമാകുമോയെന്നാണ് അവർ ഭയക്കുന്നത്.

അഴിമതിയും പരിസ്ഥിതി നശീകരണവും കാരണം 2019 ൽ കെനിയ പുതിയ ഖനന ലൈസൻസുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. പരിസ്ഥിതി, ലൈസൻസ് ദുരുപയോഗം എന്നിവ ചൂണ്ടിക്കാട്ടി കോർടെക് മൈനിങ് കമ്പനിക്ക് അനുവദിച്ചിരുന്ന ഖനന ലൈസൻസ് 2013ൽ റദ്ദാക്കുകയും ചെയ്തു. പക്ഷെ, അപൂർവ ധാതുക്കളുടെ കയറ്റുമതി ചൈന നിർത്തിയ സാഹചര്യത്തിൽ വിദേശ വരുമാനം കണ്ടെത്താൻ വൻ അവസരമാണ് കൈവന്നിരിക്കുന്നതെന്നാണ് കെനിയൻ നേതൃത്വത്തിന്റെ നിലപാട്.

Tags:    
News Summary - Kenya's Sacred hill turns into a rare-earth battleground for US and China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.