മുംബൈ: രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് 30 പുതിയ ഭീമൻ വിമാനങ്ങൾ വാങ്ങുന്നു. യൂറോപ്യൻ വിമാന നിർമാണക്കമ്പനിയായ എയർ ബസുമായി ഇൻഡിഗോ കരാർ ഒപ്പിട്ടു. എയർബസിന്റെ എ350-900 വിമാനങ്ങളാണ് വാങ്ങുന്നത്. 2027 ഓടെ എയർബസ് കമ്പനി വിമാനങ്ങൾ വിതരണം ചെയ്യുമെന്നാണ് സൂചന.
ലോകത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായ ഇന്ത്യയിൽ ആകാശ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായ സാഹചര്യത്തിലാണ് ഇൻഡിഗോയുടെ നീക്കം. ആഭ്യന്തര എയർപോർട്ടുകളുടെ എണ്ണം വർധിച്ചതും ടിക്കറ്റ് ചെലവ് കുറഞ്ഞതും വിമാന യാത്ര ജനപ്രിയമാകുന്നതും നേട്ടമാക്കാനാണ് ആലോചന.
അന്താരാഷ്ട്ര സർവിസ് വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ വിമാനങ്ങൾ വാങ്ങിക്കുന്നത്. വിമാനങ്ങൾക്ക് റോൾസ്-റോയ്സിന്റെ ട്രെൻഡ് എക്സ്ഡബ്ല്യുബി-84 എന്ന എൻജിനാണ് ഉപയോഗിക്കുക. ഇന്ധന ക്ഷമത കൂടുതലാണെന്ന പ്രത്യേകത കാരണമാണ് റോൾസ്-റോയ്സ് എൻജിനുകൾ ഉപയോഗിക്കുന്നത്. ഇതു സംബന്ധിച്ച് റോൾസ്-റോയ്സുമായി കമ്പനി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് എയർബസിന്റെ 30 വലിയ എ350-900 വിമാനങ്ങൾക്ക് ആദ്യമായി ഓർഡർ നൽകിയത്. നിലവിൽ 400ലേറെ വിമാനങ്ങളാണ് ഇൻഡിഗോയ്ക്കുള്ളത്.
ലണ്ടൻ, കോപൻഹേഗൻ, ഏഥൻസ് തുടങ്ങിയ നഗരങ്ങൾക്ക് പിന്നാലെ മാഞ്ചസ്റ്റർ, ആംസ്റ്റർഡാം തുടങ്ങിയ വൻ നഗരങ്ങളിലേക്കും ഈയിടെ ഇൻഡിഗോ പുതിയ വിമാന സർവിസുകൾ തുടങ്ങിയിരുന്നു. ബോയിങ് 787-9 വിമാനങ്ങൾ വാടകക്ക് എടുത്തായിരുന്നു സർവിസ്. പുതിയ വിമാനങ്ങൾ ലഭിക്കുന്നതോടെ അമേരിക്കയിലേക്കും ഏഷ്യ രാജ്യങ്ങളിലേക്കുമുള്ള സർവിസുകൾ വർധിപ്പിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.