നികുതി ഇടപാടിൽ പൊരു​ത്തക്കേട്; ക്രിപ്റ്റോകറൻസി നിയമം കർശനമാക്കാൻ കേന്ദ്രം

മുംബൈ: രാജ്യത്തെ ക്രിപ്റ്റോകറൻസി നിക്ഷേപകരുടെ ഇടപാടുകളിൽ നിരീക്ഷണം ശക്തമാക്കാൻ​ കേന്ദ്ര സർക്കാർ നീക്കം. ഇതിനായി ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ക്രിപ്റ്റോകറൻസി ഇടപാടുകൾ എക്സ്ചേഞ്ചുകളും ബാങ്കുകളും കേന്ദ്ര സർക്കാറിനെ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്നാണ് നിയമം. നിക്ഷേപകരുടെ നികുതി ഇടപാടുകളിൽ പൊരു​ത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന കടുപ്പിച്ചത്.

ക്രിപ്റ്റോകറൻസി ഇടപാടുകൾ എക്സ്ചേഞ്ചുകളും ബാങ്കുകളും നിർബന്ധമായും സർക്കാറിനെ അറിയിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആദായ നികുതി നിയമത്തിൽ 285ബിഎഎ എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസാണ് (പ്രത്യക്ഷ നികുതി ബോർഡ്-സി.ബി.ഡി.ടി) പുതിയ വകുപ്പ് തയാറാക്കിയത്. നിയമം പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച് ഉടൻ വിജ്ഞാപനം ഇറങ്ങും.

4500ലേറെ ക്രിപ്റ്റോകറൻസി ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സി.ബി.ഡി.ടി പറയുന്നത്. ആദായ നികുതി വകുപ്പ് ഓൺലൈനിൽ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. പാർലമെന്ററി ധനകാര്യ സ്ഥിരം സമിതിക്ക് മുമ്പാകെ ഇതു സംബന്ധിച്ച കണക്കുകൾ സി.ബി.ഡി.ടി അവതരിപ്പിച്ചിരുന്നു. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റെ ഒരു വിഭാഗമാണ് സി.ബി.ഡി.ടി.

ക്രിപ്റ്റോകറൻസികൾ പോലെയുള്ള വെർച്വൽ ഡിജിറ്റൽ അസറ്റുകളിൽ (വി.ഡി.എകൾ) നിക്ഷേപിക്കുന്നവർ വിവരങ്ങൾ വെളുപ്പെടുത്താറില്ല. എങ്കിലും ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ വഴി നടത്തിയ ഇടപാടിന്റെ വിവരങ്ങൾ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ക്രിപ്റ്റോകറൻസി നിക്ഷേപം നിയന്ത്രിക്കുന്നതിന് രാജ്യത്ത് പ്രത്യേകിച്ച് നിയമമില്ലെങ്കിലും ഇടപാട് നടത്തിയാൽ ആദായ നികുതി റിട്ടേൺസിൽ വെളിപ്പെടുത്തണം. നിക്ഷേപ ലാഭത്തിൽനിന്ന് 30 ശതമാനം ആദായ നികുതിയും ക്രിപ്റ്റോ ഇടപാടുകൾക്ക് ജി.എസ്.ടിയും നൽകണം.

Tags:    
News Summary - India plans tougher crypto rules after tax data mismatch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.