മുംബൈ: അപൂർവ ധാതുക്കൾ നൽകാൻ ചൈന വിസമ്മതിച്ചതിന്റെ ഷോക്കിൽനിന്ന് പുതിയ ഉണർവിലേക്ക് ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി. ഇലക്ട്രിക് വാഹന നിർമാണവും വിപണനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ ആഗോള ഉച്ചകോടി വിളിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലായിരിക്കും ഉച്ചകോടി. ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ആഗോള കമ്പനികളും ഉച്ചകോടിയിൽ പങ്കെടുക്കും. ഇലക്ട്രിക് വാഹന മേഖലയിൽ പ്രതീക്ഷിച്ച വിദേശ നിക്ഷേപം ലഭിക്കാതെ പോയതോടെയാണ് കേന്ദ്ര സർക്കാർ പുതിയ തന്ത്രം പരീക്ഷിക്കുന്നത്. സർക്കാറിന്റെ നയ ഉപദേശക സംവിധാനമായ നിതി ആയോഗാണ് ഉച്ചകോടി പദ്ധതി തയാറാക്കിയത്. ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് കൂടുതൽ ആഭ്യന്തര, വിദേശ നിക്ഷേപം ആകർഷിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഒപ്പം ആഭ്യന്തര വിപണിയിലെ ഇലക്ട്രിക് വാഹന കമ്പനികളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഉച്ചകോടിയുടെ തയാറെടുപ്പുമായി ബന്ധപ്പെട്ട് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയവും നിതി ആയോഗും ആഭ്യന്തര, വിദേശ വിദഗ്ധരും തമ്മിൽ ചർച്ച തുടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇലക്ട്രിക വാഹന മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ 2018ൽ സംഘടിപ്പിച്ച ഗ്ലോബൽ മൊബിലിറ്റി സമ്മിറ്റിന് (മൂവ് ഉച്ചകോടി) സമാനമായിരിക്കും അടുത്ത വർഷത്തെ ഉച്ചകോടിയും.
ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിൽ ആഗസ്റ്റിൽ നിതി ആയോഗ് ചില മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. നികുതി ഇളവ് അടക്കമുള്ള ഇൻസെന്റിവുകൾക്ക് പുറമെ, നിലവിലെ ചട്ടങ്ങളിലും ഭേദഗതി വരുത്താനാണ് നിതി ആയോഗ് ആലോചിക്കുന്നത്. ഇലക്ട്രിക് ട്രക്കുകളുടെയും ബസുകളുടെയും വിൽപനക്കാണ് കൂടുതൽ പ്രോത്സാഹനം നൽകുക. അപൂർവ ധാതുക്കളുടെ ക്ഷാമവും ഇ.വി ചാർജിങ് സൗകര്യങ്ങളുടെ കുറവും നേരിടുന്ന പശ്ചാത്തലത്തിലാണ് നീക്കം. നിലവിൽ പി.എം ഇ-ഡ്രൈവ് സ്കീമിൽ 2028 സാമ്പത്തിക വർഷം വരെ ഇലക്ട്രിക് ട്രക്കുകൾക്കും ബസുകൾക്കും ഇൻസെന്റിവ് നൽകുന്നുണ്ട്. അതേസമയം, ഈ സ്കീം പ്രകാരം ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഓട്ടോറിക്ഷകൾക്കും ലഭിച്ചിരുന്ന വൻ ഇളവുകൾ അടുത്ത വർഷം മാർച്ചോടെ അവസാനിക്കും.
ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വളർച്ച ലക്ഷ്യമിട്ട് വിദേശ കമ്പനികൾക്ക് വേണ്ടി ഇന്ത്യ കഴിഞ്ഞ വർഷം മാർച്ചിൽ ആകർഷകമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ കുറഞ്ഞത് 500 ദശലക്ഷം ഡോളർ നിക്ഷേപം നടത്തി പ്ലാന്റ് സ്ഥാപിക്കുകയും ഇലക്ട്രിക് വാഹനങ്ങൾ ആഭ്യന്തരമായി നിർമിക്കുകയും ചെയ്യുന്ന കമ്പനികൾക്കാണ് ഇറക്കുമതി നികുതി ഇളവ് അടക്കം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, വിദേശ ഇലക്ട്രിക് വാഹന നിർമാതാക്കളെ ആകർഷിക്കാൻ ടെസ്‍ല സ്കീം എന്നറിയപ്പെട്ട ഈ പദ്ധതിക്ക് കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.