മുംബൈ: ഫ്രാൻസിൽനിന്ന് 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഇതിനായി 3.25 ലക്ഷം കോടി രൂപയുടെ കരാറിന് രാജ്യം അംഗീകാരം നൽകി. ഈ അടുത്ത കാലത്ത് ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ സംഭരണ കരാറുകളിലൊന്നാണിത്. റഫാൽ യുദ്ധ വിമാനങ്ങൾ വ്യോമസേനക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് സൂചന. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ ഏറ്റെടുക്കൽ കൗൺസിലാണ് (ഡിഫൻസ് അക്വിസിഷൻ കൗൺസിൽ) കരാറിന് അനുമതി നൽകിയത്.
കരാറിന് പ്രതിരോധ സംഭരണ ബോർഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇതേതുടർന്നാണ് കരാറിന്റെ വിശദമായ സാങ്കേതിക, വാണിജ്യ ചർച്ചകളുടെ അവസാന ഘട്ടത്തിലേക്ക് കടന്നത്. കരാർ പ്രകാരം ഇന്ത്യ 114 റഫാൽ വിമാനങ്ങൾ വാങ്ങും. ഇതിൽ 18 ജെറ്റുകൾ പൂർണമായും നിർമിച്ചാണ് രാജ്യത്തെത്തിക്കുക. ബാക്കിയുള്ളവ ആഭ്യന്തരമായി നിർമിക്കുകയും ചെയ്യും. മേക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 90 യുദ്ധ വിമാനങ്ങൾ ആഭ്യന്തരമായി നിർമിക്കുക.
പുതിയ കരാറോടെ ഇന്ത്യ സ്വന്തമാക്കുന്ന റഫാൽ വിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും. നിലവിൽ 36 റഫാൽ വിമാനങ്ങൾ വ്യോമസേനയിലുണ്ട്. 26 റഫാൽ-എം ജെറ്റുകൾ നാവിക സേനയാണ് ഓർഡർ ചെയ്തത്. ഒരു സീറ്റുള്ള 88 വിമാനങ്ങളും രണ്ട് സീറ്റുള്ള 26 വിമാനങ്ങളുമാണ് വ്യോമസേനക്ക് ലഭിക്കുക. ഇന്ത്യയിലെ സ്വകാര്യ കമ്പനികളും ഫ്രാൻസിന്റെ എയറോസ്പേസ് കമ്പനിയായ ദസോൾട്ട് ഏവിയേഷനും ചേർന്നായിരിക്കും ആഭ്യന്തരമായി റഫാൽ നിർമിക്കുക. പദ്ധതി രാജ്യത്തെ പ്രതിരോധ നിർമാണ മേഖലക്ക് ഉണർവ് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനൂത സെൻസറുകളും ദീർഘദൂര ആക്രമണ ശേഷിയുമുള്ള റഫാൽ യുദ്ധ വിമാനങ്ങൾ ഇതിനകം തന്നെ പ്രതിരോധ സേനയുടെ നെടുംതൂണായി മാറിയിട്ടുണ്ട്. അഞ്ചാം തലമുറയിൽപെട്ട അത്യാധുനിക യുദ്ധ വിമാന (അഡ്‍വാൻസ്ഡ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ്) നിർമാണം രാജ്യത്തെ സ്വകാര്യ കമ്പനികൾ തുടങ്ങാനിരിക്കെയാണ് റഫാൽ ജെറ്റുകൾ വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.