ഓൺലൈൻ ഫുഡ് ഡെലിവറി മേഖല ഇന്ത്യയിൽ മുന്നോട്ട് തന്നെ: ആഹാരം ഓർഡർ ചെ‍യ്തു കഴിക്കുന്നവരുടെ എണ്ണം കൂടുന്നതിനു പിന്നിൽ

ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി വ്യവസായം വർഷങ്ങളോളം നീണ്ടുനിന്ന ദ്രുതഗതിയിലുള്ള വിപുലീകരണത്തിന് ശേഷം, ഉപഭോക്താക്കളുടെ ശീലങ്ങളിൽ വന്ന മാറ്റം, വർധിച്ചുവരുന്ന വരുമാനം, മെട്രോ നഗരങ്ങൾക്ക് പുറത്തേക്ക് സംഘടിത ഫുഡ് ബ്രാൻഡുകൾ വ്യാപിക്കൽ തുടങ്ങിയ കാരണങ്ങളിലൂടെ ഇപ്പോൾ വളർച്ചയുടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

റെഡ്‌സീറിന്റെ 'സ്റ്റേറ്റ് ഓഫ് ഇന്ത്യസ് ഫുഡ് സർവീസസ് മാർക്കറ്റ് 2026' റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഫുഡ് സർവീസ് വിപണിയിൽ ഓൺലൈൻ ഡെലിവറിയുടെ വിഹിതം 2026 സാമ്പത്തിക വർഷത്തിലെ 11 ശതമാനത്തിൽ നിന്ന് 2031 സാമ്പത്തിക വർഷത്തോടെ 18 ശതമാനമായി ഉയരുമെന്നാണ് നിഗമനം. 20-22 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിലാണ് ഈ മേഖല വളരുന്നത്. ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നത് നഗരവാസികൾക്ക് മാത്രമുള്ള സൗകര്യമല്ല, മറിച്ച് ഇന്ത്യയിലുടനീളമുള്ള ആളുകളുടെ പ്രധാന ഭക്ഷണശീലമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

സൗകര്യമാണ് വളർച്ചക്ക് പിന്നിലെ പ്രധാന കാരണം

ഓൺ ലൈൻ ഫുഡ് ഡെലിവറി രംഗത്തെ സ്ഥിരമായ വളർച്ചക്ക് പിന്നിലെ ഏറ്റവും വലിയ കാരണം 'സൗകര്യമാണ്'. തിരക്കേറിയ പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും സാമൂഹിക ഒത്തുചേരലുകളിലും പാചകം ചെയ്യുന്നതിന് പകരം ഭക്ഷണം ഓർഡർ ചെയ്യാനാണ് ഉപഭോക്താക്കൾ താൽപ്പര്യപ്പെടുന്നത്. വേഗത്തിലുള്ള ഡെലിവറിയും ഭക്ഷണസാധനങ്ങളുടെ വൈവിധ്യമാർന്ന തെരഞ്ഞെടുപ്പുകളും മികച്ച ആപ്പ് അനുഭവങ്ങളും ഫുഡ് ഡെലിവറിയെ നഗരജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാക്കി മാറ്റിയിട്ടുണ്ട്.

ഇന്ത്യയുടെ ഫുഡ് സർവിസ് വിപണി 2025ലെ 90 ബില്യൺ ഡോളറിൽ നിന്ന് 2030ഓടെ ഏകദേശം 150 ബില്യൺ ഡോളറായി ഉയരുമെന്നും, അതിൽ ഓൺലൈൻ ഡെലിവറി ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗങ്ങളിലൊന്നായി മാറുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ടയർ 2 നഗരങ്ങൾ വളർച്ചയുടെ കേന്ദ്രമാകുന്നു

ഓൺലൈൻ ഓർഡറുകളിൽ വലിയൊരു പങ്കും മെട്രോ നഗരങ്ങളിലാണെങ്കിലും വളർച്ച ഇപ്പോൾ ടയർ2, ചെറിയ നഗരങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ഇന്‍റർനെറ്റ് ലഭ്യത, സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം, ഡിജിറ്റൽ പേയ്‌മെന്റുകൾ, വിപുലമായ ഡെലിവറി ശൃംഖലകൾ എന്നിവ പരമ്പരാഗത നഗര വിപണികൾക്ക് പുറത്തുള്ള പുതിയ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളെ സഹായിച്ചു.

പരമ്പരാഗത റസ്റ്റോറന്റുകളെ അപേക്ഷിച്ച് കുറഞ്ഞ നിക്ഷേപത്തിൽ കൂടുതൽ വളരാൻ സഹായിക്കുന്ന ക്ലൗഡ് കിച്ചണുകളും ഡെലിവറി-കേന്ദ്രീകൃത ഔട്ട്‌ലെറ്റുകളും ഈ നഗരങ്ങളിൽ തുറന്നുകൊണ്ട് റസ്റ്റോറന്റ് ബ്രാൻഡുകളും ഇതിനോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്.

ഡിജിറ്റൽ ഫസ്റ്റ് ബ്രാൻഡുകൾ മുന്നിൽ

പുതിയ തലമുറ ഫുഡ് ബ്രാൻഡുകൾ തങ്ങളുടെ വരുമാനത്തിന്റെ 90 ശതമാനവും ഓൺലൈൻ ചാനലുകളിൽ നിന്നാണ് നേടുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പഴയകാല റസ്റ്റോറന്റ് ശൃംഖലകൾക്ക് ഇത് ഏകദേശം 50 ശതമാനം മാത്രമാണ്. വ്യക്തമായ മെനുകളും നിലവാരമുള്ള പാചകരീതികളും പലയിടങ്ങളിലേക്ക് പെട്ടെന്ന് വ്യാപിക്കാൻ സഹായിക്കുന്ന ക്ലൗഡ് കിച്ചൺ പ്രവർത്തനങ്ങളും ഈ ബ്രാൻഡുകളെ കൂടുതൽ വളർച്ചയിലേക്ക് നയിക്കുന്നു.

പ്രീമിയം ഭക്ഷണത്തിനായി ഉപഭോക്താക്കൾ കൂടുതൽ ചെലവഴിക്കുന്നു

ഓൺലൈൻ ഓർഡറിങിന്‍റെ രീതിയും മാറുകയാണ്. ഉപഭോക്താക്കൾ ഇപ്പോൾ ലഘുഭക്ഷണങ്ങളോ സാധാരണ ഭക്ഷണങ്ങളോ മാത്രമല്ല ഓർഡർ ചെയ്യുന്നത്. വരുമാനം വർധിക്കുന്നതോടെ പ്രീമിയം ബർഗറുകൾ, സ്പെഷ്യാലിറ്റി പിസ്സകൾ, കോഫി, മധുരപലഹാരങ്ങൾ, ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്നിവക്കുള്ള ഡിമാൻഡ് വർധിക്കുകയാണ്. ഗുണനിലവാരത്തിനും സൗകര്യത്തിനും ബ്രാൻഡഡ് അനുഭവങ്ങൾക്കും വേണ്ടി കൂടുതൽ പണം ചെലവഴിക്കാൻ ഉപഭോക്താക്കൾ സന്നദ്ധമാകുന്നതോടെ പ്രീമിയം ഭക്ഷണ വിഭാഗം വികസിക്കുന്നത് തുടരുമെന്ന് റെഡ്‌സീർ പ്രതീക്ഷിക്കുന്നു.

ക്ലൗഡ് കിച്ചണുകൾ ഡെലിവറി മേഖലയെ ശക്തിപ്പെടുത്തുന്നു

ക്ലൗഡ് കിച്ചണുകളുടെ ഉയർച്ച ഓൺലൈൻ ഫുഡ് ഡെലിവറിയെ കൂടുതൽ വേഗത്തിലാക്കി. പരമ്പരാഗത റസ്റ്റോറന്റുകളിൽ നിന്ന് വ്യത്യസ്തമായി, ഡൈനിങ് സ്പേസുകൾ ഇല്ലാത്തതിനാൽ വാടകയും മറ്റ് ചെലവുകളും കുറക്കാൻ ഇവക്ക് സാധിക്കുന്നു. ഇത് ലാഭവിഹിതം 12 ശതമാനത്തോളം ഉയർത്താൻ സഹായിക്കുന്നുണ്ട്. ഇത് വളർന്നുവരുന്ന ഫുഡ് ബ്രാൻഡുകൾക്ക് വലിയ ആകർഷണമാണ്.

മത്സരം ഡിസ്കൗണ്ടുകളിൽ നിന്ന് കാര്യക്ഷമതയിലേക്ക്

ഈ മേഖലയുടെ അടുത്ത ഘട്ട വളർച്ച വെറും ഡിസ്‌കൗണ്ടുകളെ മാത്രം ആശ്രയിച്ചായിരിക്കില്ല. പകരം, ലാഭക്ഷമത നിലനിർത്താനും വളർച്ച ഉറപ്പാക്കാനും ഭക്ഷണ ബ്രാൻഡുകൾ ഇപ്പോൾ പ്രവർത്തനക്ഷമത വേഗത്തിലുള്ള ഡെലിവറി, പ്രീമിയം പൊസിഷനിങ്, ഉപഭോക്തൃ വിശ്വസ്തത എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മൊത്തം റസ്റ്റോറന്‍റ് വ്യവസായത്തിന്റെ വലിയൊരു പങ്ക് സംഘടിത ഫുഡ് സർവീസസ് മേഖല സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗകര്യവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രീമിയം ഭക്ഷണശീലങ്ങളും ഉപഭോക്താക്കളുടെ പെരുമാറ്റത്തെ മാറ്റിമറിക്കുന്നതോടെ, ഓൺലൈൻ ഫുഡ് ഡെലിവറി എന്നത് ഒരു താൽക്കാലിക ട്രെൻഡ് എന്നതിലുപരി ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

Tags:    
News Summary - online food delivery industry growth in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.