കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി

ഒടുവിൽ സമ്മതിച്ചു! E20 ഇന്ധനം വാഹനത്തിന്റെ മൈലേജ് കുറക്കും -മന്ത്രി ഹർദീപ് സിങ് പുരി

ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോൾ (E20) ഉപയോഗിക്കുന്ന വാഹനങ്ങളുടെ മൈലേജിൽ കുറവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി സമ്മതിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈലേജ് കുറയുമെന്ന് സമ്മതിക്കുകയും അതേസമയം, ഇന്ധനത്തിന്റെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജിൽ കുറവുണ്ടായേക്കാം. എന്നാൽ, ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അതേസമയം, ഇന്ധനം എൻജിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആക്സിലറേഷൻ വർധിപ്പിക്കാനും സഹായിക്കും -ഹർദീപ് സിങ് പുരി വ്യക്തമാക്കി. റേസിങ് കാറുകളിൽ എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നത് മികച്ച പ്രകടനക്ഷമതക്ക് തെളിവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. E20 പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിമുകൾ തള്ളിക്കളയുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. ഇൻഷുറൻസ് കമ്പനികൾ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും ഇത്തരത്തിൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഇപ്പോൾ 20 ശതമാനം എഥനോൾ ബ്ലെൻഡിങ് (E20) എന്ന ലക്ഷ്യത്തിലാണ് എത്തി നിൽക്കുന്നത്. ഇതിൽ നിന്ന് 25 ശതമാനത്തിലേക്ക് ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും, അതിനായി കർശനമായ പരീക്ഷണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ, ബയോഫ്യുവൽ വാഹനങ്ങൾ, ഹൈബ്രിഡ്, സി.എൻ.ജി വാഹനങ്ങൾ എന്നിവക്കെല്ലാം വിപണിയിൽ ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് E20 ഇന്ധനം?

20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേർന്ന മിശ്രിതമാണ് E20. കരിമ്പ്, ചോളം തുടങ്ങിയ കാർഷിക വിളകളിൽ നിന്നാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊർജ്ജ സാന്ദ്രത അല്പം കുറവാണ്. അതുകൊണ്ടാണ് മൈലേജിൽ 5-10 ശതമാനം വരെ കുറവുണ്ടാകുമെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നത്. കൂടാതെ, പഴയ വാഹനങ്ങളിൽ ദീർഘകാലം എഥനോൾ ഉപയോഗിക്കുന്നത് റബ്ബർ ട്യൂബുകൾക്കും മറ്റ് ഭാഗങ്ങൾക്കും തേയ്മാനം വരുത്തിയേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Full View

പരിസ്ഥിതി മലിനീകരണം കുറക്കാനും ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് കുറച്ച് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ വർധിപ്പിക്കാനും ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഇത്തരം പ്രചാരണങ്ങൾ ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും സർക്കാർ ആവർത്തിക്കുന്നു. സുപ്രീം കോടതിയിലും എഥനോൾ മിശ്രിതവുമായി ബന്ധപ്പെട്ട നിയമപരമായ ചർച്ചകൾ നടക്കുന്നുണ്ട്. സർക്കാർ ഈ പദ്ധതിയെ ഒരു 'പരീക്ഷണം' എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും, ഇത് രാജ്യത്തിന്റെ ഊർജ്ജ നയത്തിന്റെ ഭാഗമാണെന്നും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Minister Hardeep Singh Puri says E20 fuel will reduce vehicle mileage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.