ഒക്ടോബർ 1 മുതൽ ബി.ഐ.എസ് ലൈസൻസും ഐ.എസ്.ഐ മാർക്കും ഇല്ലാത്ത ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്

ഒക്ടോബർ 1 മുതൽ, 90 തരം ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സർട്ടിഫിക്കേഷൻ നിർബന്ധമാക്കുകയാണ്. ഇതുപ്രകാരം, സാധുവായ ബി.ഐ.എസ് ലൈസൻസും ഐ.എസ്.ഐ മാർക്കും ഇല്ലാത്ത ഉൽപ്പന്നങ്ങൾ ഇനി ഇന്ത്യയിൽ നിർമിക്കാനോ, ഇറക്കുമതി ചെയ്യാനോ, സൂക്ഷിക്കാനോ, വിതരണം ചെയ്യാനോ, വിൽക്കാനോ കഴിയില്ല.

ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ, വാക്വം ക്ലീനറുകൾ, കോഫി മേക്കറുകൾ, ഫുഡ് പ്രോസസറുകൾ, ഓവനുകൾ, വാട്ടർ ഹീറ്ററുകൾ, സൗന്ദര്യവർധക ഉപകരണങ്ങൾ തുടങ്ങി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് ഈ നിയമം ബാധകമാകും.

എന്താണ് ബി.ഐ.എസ് സർട്ടിഫിക്കേഷൻ?

ഉൽപ്പന്നങ്ങൾ നിശ്ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഇന്ത്യയുടെ ദേശീയ നിലവാര നിർണയ ഏജൻസിയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS). നിർബന്ധിത സർട്ടിഫിക്കേഷൻ ആവശ്യമുള്ള ഉൽപ്പന്നങ്ങൾക്ക്, നിർമാതാക്കൾ ബി.ഐ.എസ് ലൈസൻസ് നേടുകയും ഐ.എസ്.ഐ മാർക്ക് പതിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യയിൽ നിയമപരമായി വിൽക്കാൻ കഴിയൂ. ഉൽപ്പന്ന പരിശോധന, ഫാക്ടറി പരിശോധന, ബി.ഐ.എസിന്‍റെ അംഗീകാരം എന്നിവ ഉൾപ്പെടുന്നതാണ് ഈ സർട്ടിഫിക്കേഷൻ പ്രക്രിയ.

ഈ നിയമം ആർക്കൊക്കെ ബാധകം?

ഈ നടപടി ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. വൻകിട, ഇടത്തരം നിർമാതാക്കൾക്കും എല്ലാ ഇറക്കുമതിക്കാർക്കും ഇത് ബാധകമാകും. ചെറുകിട സംരംഭങ്ങൾക്ക് ഏപ്രിൽ 1, 2027 വരെ സമയം നൽകിയിട്ടുണ്ട്.

ബി.ഐ.എസ് സർട്ടിഫിക്കേഷൻ ലഭിക്കാൻ സാധാരണയായി മൂന്ന് മുതൽ ആറ് മാസം വരെ സമയമെടുക്കും. ഉൽപ്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കണമെന്നും ഫാക്ടറികൾ പരിശോധിക്കണമെന്നും റെഗുലേറ്ററി അംഗീകാരം ലഭിക്കണമെന്നും ഉള്ളതുകൊണ്ടാണ് ഇത്രയും സമയം വേണ്ടിവരുന്നത്.

സമയപരിധി പാലിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

നിയമം പ്രാബല്യത്തിൽ വന്നാൽ സർട്ടിഫിക്കേഷൻ ഇല്ലാത്ത കമ്പനികൾക്ക് കനത്ത തിരിച്ചടികൾ നേരിടേണ്ടി വരും. കസ്റ്റംസിൽ ഉൽപ്പന്നങ്ങൾ തടഞ്ഞുവെക്കും.  നിർമാണത്തിനും വിൽപ്പനക്കും നിയന്ത്രണങ്ങൾ വരും. ഉൽപ്പന്നങ്ങൾ തിരികെ വിളിക്കേണ്ടി വരും. ബി.ഐ.എസ് നിയമം, 2016 പ്രകാരം പിഴയും മറ്റ് നിയമനടപടികളും നേരിടേണ്ടി വരും.

ഉപഭോക്താക്കൾക്ക് ഇതിന്‍റെ ഗുണമെന്ത്?

ഈ പുതിയ നിയമം പ്രധാനമായും നിർമാതാക്കളെയും ഇറക്കുമതിക്കാരെയും ഉദ്ദേശിച്ചുള്ളതാണെങ്കിലും, ഉപഭോക്താക്കൾക്കും ഇത് ഗുണം ചെയ്യും. ഇനി മുതൽ ഇന്ത്യയിൽ വിൽക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിപണിയിൽ എത്തുന്നതിന് മുമ്പ് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും. ഗുണനിലവാരമില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാൻ ഈ നീക്കം സഹായിക്കും. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്ന ശേഷം ഉപകരണങ്ങൾ വാങ്ങുമ്പോൾ, അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ബി.ഐ.എസ് സർട്ടിഫിക്കേഷനും ഐ.എസ്.ഐ മാർക്കും ഉണ്ടോ എന്ന് പരിശോധിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം.

Tags:    
News Summary - Electronic products without BIS license and ISI mark banned in India from October 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.